അവാര്‍ഡുകള്‍ ‘കരുവാടുകള്‍’
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
മദ്ധ്യതിരുവിതാംകൂറില്‍ വര്‍ഷങ്ങളായി ഒരു സാഹിത്യകൂട്ടായ്മ നടക്കുന്നു. അടുത്ത കാലത്താണ് അതില്‍ ചുരുക്കമായെങ്കിലും പങ്കെടുക്കുവാനും ആ കൂട്ടായ്മയുടെ മധുരോതാരമായ അനുഭവങ്ങള്‍ നുണയുവാനും കഴിഞ്ഞത്. ‘കാവ്യവേദി’ എന്നാണതിന്റെ പേര്.
2002 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ഇങ്ങിനെ, മാസത്തിലെ ആദ്യഞായറാഴ്ചകളില്‍ കവിയരങ്ങ്, മൂന്നാമത്തെ ഞായറാഴ്ചകളില്‍ പുസ്തകചര്‍ച്ച, എല്ലാവര്‍ഷവും ജൂണ്‍മാസത്തിലെ ആദ്യ ഞായറാഴ്ച വാര്‍ഷികസമ്മേളനം. പ്രതിമാസം ‘ഋതം മാസിക’ എന്ന പേരില്‍ ഒരു ചെറിയ പ്രസിദ്ധീകരണം. അതിന് ജൂണില്‍ ഒരു വാര്‍ഷിക പതിപ്പും. ഒരിക്കല്‍പോലും മുടങ്ങാതെ കൃത്യമായി നടക്കുന്ന പരിപാടികള്‍. ആദ്യത്തെ അംഗസംഖ്യ 22, ഇപ്പോള്‍ 300. അംഗത്വഫീസ് ഇല്ല, വരിസംഖ്യ ഇല്ല, സംഭാവന ചോദിച്ചുവാങ്ങില്ല. പൊതുജനങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും പിരിവ് നടത്തിയിട്ടില്ല. എല്ലാവര്‍ഷവും നല്ല കവിതയ്ക്കും, കഥയ്ക്കും ഒരു വലിയ അവാര്‍ഡ്. അവാര്‍ഡ് തുക കേവലം ആയിരം ഉറുപ്പിക മാത്രം പിന്നെ ഫലകവും പ്രശസ്തി പത്രവും. അവാര്‍ഡ് നല്‍കുവാനായി അക്കാദമിക് പണ്ഡിതന്മാര്‍ അടക്കമുള്ള വ്യക്തികളുടെ ഒരു കമ്മറ്റി രൂപീകരിക്കും. അവാര്‍ഡിനായി അയയ്ക്കപ്പെടുന്ന മുഴുവന്‍ പുസ്തകങ്ങളും കമ്മറ്റിയെ ഏല്‍പ്പിക്കും. അവരാണ് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ തിരഞ്ഞെടുക്കുക. അവരുടെ തീരുമാനം അന്തിമവും. അവാര്‍ഡുകള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ നിരവധി പ്രശസ്തരായ എഴുത്തുകാരും എഴുത്തുകാരികളും ഉണ്ട്. എന്നാല്‍ കാവ്യവേദി അംഗങ്ങളെ ഇക്കൂടെ പരിഗണിക്കില്ല. അംഗങ്ങള്‍ക്കായി ‘കാവ്യവേദി മിത്രപുരസ്‌കാരം’ എന്ന മറ്റൊരു അവാര്‍ഡും നല്‍കി വരുന്നു.
പ്രതിമാസ ചര്‍ച്ചകളിലും, വാര്‍ഷിക പരിപാടികളിലും പങ്കെടുത്തവരില്‍ പ്രശസ്ത കവികള്‍ ബിച്ചു തിരുമല, പ്രൊഫ. ഡി. വിനയചന്ദ്രന്‍ , പ്രൊഫ. രാജന്‍ ഗുരുക്കള്‍, കുരീപ്പുഴ ശ്രീകുമാര്‍, ഒ.വി. ഉഷ, ഡോ. ബി ഇക്ബാല്‍, പ്രൊഫ. സുജസൂസന്‍ ജോര്‍ജ്ജ്, സിവിക് ചന്ദ്രന്‍, പി. പവിത്രന്‍ തുടങ്ങി തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നുമൊക്കെയുള്ള പ്രമുഖര്‍.
കാവ്യവേദി ചെയര്‍മാന്റെ വാചകങ്ങളില്‍ ”അവാര്‍ഡുകള്‍ കൊടുക്കുന്നത് അതിന്റെ മൂല്യത്തിലും പവിത്രതയിലും ഊന്നി നിന്നുകൊണ്ടാണ്. തുകയുടെവലുപ്പം കൊണ്ടല്ല. അതിന്റേതായ സത്യസന്ധതയും വിശുദ്ധിയും പൂര്‍ണ്ണമായും ലക്ഷ്യ വച്ചുകൊണ്ടാണ്. ഇതഃപര്യന്തമുള്ള അവരുടെ പ്രവര്‍ത്തനം നേരിട്ടു കണ്ടപ്പോള്‍ വിശ്വസിക്കുവാതിരിക്കുവാനായില്ല. കവിയരങ്ങില്‍ ആര്‍ക്കും കവിത അവതരിപ്പിക്കാം. ആര്‍ക്കും ചര്‍ച്ചയിലും പങ്കെടുക്കാം. വിമര്‍ശിക്കാം. അതൊരു സ്ഥിരം വേദിയും സ്വഭാവവുമായപ്പോള്‍ അംഗസംഖ്യ തനിയെ കൂടുവാന്‍ തുടങ്ങി. വലിയ കവികള്‍ മുതല്‍ പുതിയ എഴുത്തുകാരും എഴുതുവാന്‍ ആഗ്രഹിക്കുന്നവരും വരെ. ക്രമേണ അവര്‍ക്കെല്ലാം ആ കൂട്ടായ്മ സ്വയം പരിശോധനയുടേതു മുതല്‍ എഴുത്തു കളരിയുടേതു വരെയായി. അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരോ, ആയിരം രൂപയുടെ അവാര്‍ഡ് വാങ്ങുവാന്‍ എത്രയോ ആയിരങ്ങള്‍ മുടക്കി എത്രയോ ദൂരം സഞ്ചരിച്ച് എത്തിച്ചേരുന്നു. ‘കാവ്യവേദി’ ചെയര്‍മാന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് ഒരു കഥയുണ്ട്.അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിക്കുവാന്‍ ചെന്നയാളോട് പറഞ്ഞു കാവ്യവേദിയുടെ പരിപാടിയുണ്ട്, വരാന്‍ സാധിക്കില്ല എന്ന്. ആ പരിപാടി മാറ്റിവച്ചുകൂടെ എന്നായി അതിഥി. എങ്കില്‍ കല്യാണം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചുകൂടെ എന്നായി ചെയര്‍മാന്‍. എം. ജി. യൂണിവേഴ്‌സിറ്റിയില്‍ ഗൈഡന്‍സ് ബ്യൂറോ വിഭാഗം ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിക്കുകയും പിന്നീട് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസറായി സര്‍വ്വീസില്‍ നിന്നും വിരമിയ്ക്കുകയും ചെയ്ത കവിയും എഴുത്തുകാരനുമായ പി.പി. നാരായണന്റെ ദീര്‍ഘവീക്ഷണവും നേതൃത്വവും ആ ഇത്തിരിപ്പോന്ന സംഘടനയ്ക്ക് നല്‍കിയ മഹത്വം ആരേയും ആശ്ചര്യപ്പെടുത്തും.
അക്കൂട്ടത്തിലാണ് ‘ഫൊക്കാനോ’ അവരാര്‍ഡ് ജേതാവായ ഒരു പുതിയ എഴുത്തുകാരിയെ കണ്ടത്. അവര്‍ പുതുതായി പ്രസിദ്ധീകരിച്ച ഒരു കഥാ സമാഹാരവുമായി പുസ്തകചര്‍ച്ചയ്‌ക്കെത്തിയതാണ്. പുസ്തകം കണ്ടപ്പോള്‍ തിടുക്കത്തിലുള്ള പ്രസിദ്ധീകരണത്തിന്റേതായ അപൂര്‍ണ്ണതകളും പോരായ്മകളും ശ്രദ്ധിച്ചു. അവരെ അതിന് പ്രേരിപ്പിച്ചത്. ‘കമലാ സുരയ്യ ട്രസ്റ്റ്’ അവാര്‍ഡുകള്‍ക്കായി കവിതയുടേയും കഥകളുടേയും പുസ്തകങ്ങള്‍ ക്ഷണിക്കുന്നൂ എന്ന വാര്‍ത്ത കണ്ടുകൊണ്ട് സുഹൃത്തുക്കള്‍ കൂടി നിര്‍ബന്ധിച്ചതുകൊണ്ടാണത്രേ. ആ പുസ്തകം നല്ലതാണെന്ന് ഒരുപാടുപേര്‍ പറയുകയും ‘കമലാസുരയ്യ’ അവാര്‍ഡിനായി ട്രസ്റ്റ് സെക്രട്ടറിയുടെ പേരില്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമലാസുരയ്യാ ട്രസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവിതയ്ക്കുള്ള അവാര്‍ഡ് ഒ.എന്‍.വി. കുറുപ്പിനും കഥയ്ക്കുള്ള അവാര്‍ഡ് എം. മുകുന്ദനും.
ആ പെണ്‍കുട്ടിക്ക് ഒന്നു മനസ്സിലായിക്കാണും. എം. മുകുന്ദനേയും ഒ.എന്‍,വി. കുറുപ്പിനേയും പോലുള്ളവര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവാര്‍ഡുകള്‍ക്കായി പുസ്തകം അയച്ചിട്ടുകാര്യമില്ലെന്ന്. അവര്‍ അവരുടെ പുസ്തകം ഇനി ‘കാവ്യവേദി’യെ പ്പോലുള്ളവരുടെ അവാര്‍ഡുകള്‍ക്കായി അയയ്ക്കട്ടേ.
(ഇത് പറയുമ്പോള്‍ ഒ.എന്‍.വി. കുറുപ്പോ എം. മുകുന്ദനോ ഈ അവാര്‍ഡിന് അര്‍ഹരല്ല എന്ന് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല. ഓ.എന്‍.വിയ്‌ക്കോ, എം. മുകുന്ദനോ പ്രഖ്യാപിച്ചിരിക്കുന്ന കമലാസുരയ്യാ ട്രസ്റ്റിന്റെ അവാര്‍ഡിനു പിന്നില്‍ ഏതെങ്കിലും ചിട്ടവട്ടങ്ങള്‍ പാലിച്ചിരുന്നുവോ എന്നു സംശയമുണ്ട്. കൃതികള്‍ ക്ഷണിച്ചിരുന്നു. അഴീക്കോട് മാഷ് ചെയര്‍മാനായിരുന്ന ‘കമലാ സുരയ്യ ട്രസ്റ്റ്’ നല്‍കുന്ന മൂന്നാമത്തെ അവാര്‍ഡാണിത്. മറിച്ച് സാഹിത്യത്തിനുള്ള സമഗ്രസംഭാവന പരിഗണിച്ച് അവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായേനെ എന്നു മാത്രം, പാവപ്പെട്ട എഴുത്തുകാരുടെ പക്കല്‍ നിന്നും കൃതികള്‍ ക്ഷണിച്ച് എന്തിന് അവരെ നിരാശരാക്കുന്നു.)
അവാര്‍ഡുകള്‍ നല്‍കുന്നത് ഇപ്പോള്‍ ഒരു കൃഷിയാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും എല്ലാം മത്സരിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മക്കള്‍ അന്യനാട്ടിലൊക്കെപോയി പണക്കാരായി തിരിച്ചു വന്നാല്‍ സാഹിത്യ സാമൂഹ്യരംഗങ്ങളുമായി പുലബന്ധം പോലും ഇല്ലാത്ത അഛനമ്മമാരുടെ മരണാനന്തരം അവരുടെ പേരിലും അവാര്‍ഡുകള്‍ നല്‍കും. സാമാന്യ ഭേദപ്പെട്ട തുകയായിരിക്കും അത്തരം അവാര്‍ഡുകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ അത് സ്വീകരിക്കുന്നവര്‍ക്ക് സന്തോഷവും. ഏറിയാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍കൊണ്ട് അവരുദ്ദേശിക്കുന്ന ഉന്നതന്മാരായ സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അവരുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞാല്‍ അവരുടെ ‘അവാര്‍ഡ് പ്രേമവും നിലയ്ക്കും. മറ്റൊരുദ്ദേശം കൂടി അതിന് പിന്നിലുണ്ട്. ഇത്തരം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അവാര്‍ഡിനായി കൃതികള്‍ ക്ഷണിക്കും. അവാര്‍ഡ് മോഹികളായ പാവപ്പെട്ട എഴുത്തുകാര്‍ അവരുടെ രചനയുടെ മൂന്നോ നാലോ കോപ്പികളെങ്കിലും വീതം അയയ്ക്കണം. ഇവയൊന്നും പരിശോധിക്കപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പകരം ‘ചുളുവില്‍’ ഒരു ചെറിയ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ സമാഹരിക്കപ്പെടും. കേരളത്തിലെ എഴുത്തുകാര്‍ ഇപ്രകാരം നിരന്തരമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുമ്
അതിനൊരു മറുവശംകൂടിയുണ്ട്. എല്ലാ അവാര്‍ഡുകള്‍ക്കും പേരിനെങ്കിലും ഒരു അവാര്‍ഡ് നിര്‍ണ്ണയകമ്മറ്റിയുണ്ടാകും. അതിലൊക്കെ ഏതെങ്കിലും എഴുത്തുകാരും അംഗങ്ങളായിരിക്കും. ഇത്തരത്തിലുള്ള ബഹുഭൂരിപക്ഷം സാഹിത്യകാരന്മാരും അവാര്‍ഡുകളെ ഒരു തരം ‘ബാര്‍ട്ടര്‍സിസ്റ്റത്തില്‍’ അത് കൈകാര്യം ചെയ്യുന്നു എന്നതാണ് സത്യം. ഈ അവാര്‍ഡ് താങ്കള്‍ക്ക് തരാം, ആ അവാര്‍ഡ് എനിക്ക് തരുമോ? ഇതാണതിന്റെ അടിസ്ഥാനം.
ഓരോ അവാര്‍ഡിന്റെയും പിന്നാമ്പുറത്തേക്ക് എത്തി നോക്കിയാല്‍ കഥകള്‍ ധാരാളം പറയുവാനുണ്ടാകും. അവാര്‍ഡുകള്‍ തരപ്പെടുത്തി കൊടുക്കവാനായി ഒരു ഗൂഢസംഘം തന്നെ കേരളത്തിന്റെ പലഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടുപോലും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചുതിരുമല അടുത്തിടെ പ്രസ്താവിച്ചത് ഇപ്രകാരമാണ്. ”അവാര്‍ഡുകള്‍ വിവാദം മാത്രമേ ആകുന്നുള്ളൂ. നിഷേധം മാത്രം ആകുന്നില്ല, ഒരു ഡോക്ടര്‍ സുകുമാര്‍ അഴിക്കോടിനെ ഒഴിച്ചു നിര്‍ത്തിയാല്‍. കാരണം കൈയ്യില്‍ പണം ധാരാളമുള്ളവര്‍ പണം കൊടുത്ത് എത്രവലിയ മത്സ്യവും വാങ്ങും. കുറെ നാള്‍ കഴിയുമ്പോള്‍ അത് ‘കരുവാട്’ (ഉണക്കമത്സ്യം) ആകും. ആദ്യകാലത്തെ അവാര്‍ഡുകള്‍ ഇപ്പോള്‍ വില കൊടുത്തു വാങ്ങുന്ന ‘കരുവാടുകള്‍’ ആയി മാറിയിരിക്കുന്നു. മാലിന്യം നിറഞ്ഞ നാട്ടിലെ നാറ്റക്കേസുകളാണവ.”
ഡോക്ടര്‍ സുകുമാര്‍ അഴിക്കോടിന് രോഗശയ്യയില്‍ വച്ച് നല്‍കിയ നിരവധി അവാര്‍ഡുകളില്‍ ഒന്ന് ‘മണപ്പുറം സംസ്‌കൃതി’ എന്ന സംഘടനയുടെ പേരിലുള്ള ഇരുപത്തയ്യായിരം രൂപയുടെ അവാര്‍ഡായിരുന്നു. അവാര്‍ഡുതുകയായ ഇരുപത്തയ്യായിരം രൂപ ‘കാഷ്’ ആയി നല്‍കി. ആശുപത്രിയില്‍ കിടന്ന സമയത്ത് ആ തുക അദ്ദേഹത്തിന് വളരെ പ്രയോജനപ്പെട്ടു കാണണം. ഇത് അവാര്‍ഡുകളുടെ ഒരു ഗുണപരമായ വശം. ആ സംഘടന ‘സാഹിത്യ സാംസ്‌കാരിക’ രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എം.ടി വാസുദേവന്‍ നായര്‍ക്കും അഴിക്കോടിനുമായി നല്‍കുവാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും എം.ടി. സ്‌നേഹപൂര്‍വ്വം നിരസിച്ചുവത്രെ. അവാര്‍ഡുകള്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുന്നവര്‍ കേരളത്തില്‍ ഇല്ലെന്നല്ല എന്നതിന് ഒരു അവസാന സാക്ഷ്യം.
അവാര്‍ഡുകള്‍ നല്‍കുന്നതെല്ലാം അതിന്റെ ചിട്ടവട്ടങ്ങള്‍ അനുസരിച്ചല്ല. അങ്ങിനെയെങ്കില്‍ കൃതികള്‍ ക്ഷണിക്കണം, അത് പരിശോധിച്ച് മൂല്യനിര്‍ണ്ണയം നടത്തി ഏറ്റവും നല്ല കൃതി തിരഞ്ഞെടുത്ത് അതിനവാര്‍ഡു നല്‍കണം. അപ്രകാരം കൃത്യതയാര്‍ന്ന നടപടികളിലൂടെ നല്‍കുന്ന അവാര്‍ഡുകള്‍ ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം. പ്രശസ്തനായ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അദ്ദേഹത്തിന് ആദ്യമായി കിട്ടിയ അവാര്‍ഡിനെക്കുറിച്ച് അടുത്തിടെ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ കൃതിയായ ‘നിഴല്‍പ്പാടുകള്‍’ എന്ന നോവലിന്റെ കൈയ്യെഴുത്തുപ്രതി മാതൃഭൂമിയുടെ കോഴിക്കോടുള്ള ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിച്ച് ഒരു ഭാരം ഒഴിവാക്കിയ ആശ്വാസത്തോടെ ഇരിക്കുമ്പോഴാണത്രെ വളരെ നാളുകള്‍ക്ക് ശേഷമെങ്കിലും അതേ മാതൃഭൂമി അവാര്‍ഡ് അദ്ദേഹത്തിന്റെ കൃതിയ്ക്കു തന്നെ കിട്ടിയതത്രെ. പിന്നീട് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ ആ കൃതിക്ക് കിട്ടുകയുണ്ടായി. കാരണം ഇത് മാത്രമായിരിക്കുകയില്ലെങ്കിലും മലയാളത്തിന്റെ ശാലീനത പേറുന്ന ഒരു വലിയ എഴുത്തുകാരനെ നമുക്ക് ലഭിക്കുവാന്‍ അതും ഒരു പ്രേരക ശക്തിയായി എന്നെങ്കിലും നമുക്ക് പറയാമല്ലോ.
വിവിധസംഘടനകള്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുന്നതിന് മറ്റൊരു മുഖ്യ മാനദണ്ഡം കൂടിയുണ്ട്. അതാത് സംഘടനകളുടെ രാഷ്ട്രീയ സഹചാരികൂടിയായിരിക്കണം എന്നതാണത്. കേരളത്തില്‍ പ്രമുഖമായ അവാര്‍ഡുകളുടെയും ഇതഃപര്യന്തമുള്ള അതിന്റെ സ്വീകര്‍ത്താക്കളുടേയും ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യങ്ങളും ഏറെക്കുറെ ബോധ്യപ്പെടും. ഇതിനര്‍ത്ഥം നിഷ്പക്ഷത പാലിച്ച് സ്വബുദ്ധിയാല്‍ സഞ്ചരിക്കുന്നവര്‍ക്ക് രക്ഷയില്ല എന്നുതന്നെയാണ്. അഴീക്കോട് മാഷിന്റെ അഭാവം നമുക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു.
പാവപ്പെട്ട എഴുത്തുകാരുടെ അവസ്ഥ എന്താണ്. വളരെ സമയം ചിലവഴിച്ച് ചിന്തിക്കുക, എഴുതുക, പിന്നെ അതു പ്രസിദ്ധീകരിച്ചു കാണുവാന്‍ വേണ്ടി പണിപ്പെടുക, പിന്നീടവ സമാഹരിച്ച് പുസ്തകമാക്കുക, സ്വന്തം പണം നല്‍കി പ്രസാധകരെ ഏല്പിച്ച് അവര്‍ക്ക് മുന്‍പില്‍ പഞ്ചപുഛമടക്കി നില്‍ക്കുക, നിരൂപണങ്ങള്‍ എഴുതിക്കുക, പുസ്തക ചര്‍ച്ച സംഘടിപ്പിക്കുക. വില്പന വര്‍ദ്ധിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുക, അവസാനം എങ്ങിനെയും ഒരവാര്‍ഡും സംഘടിപ്പിക്കുക. അല്പ്പം പ്രയാസമുള്ള കാര്യമാണെന്ന് തോന്നുമെങ്കിലും അതാണിപ്പോഴും നടക്കുന്നത്. ഏറ്റുമാനൂര്‍ കാവ്യവേദി പോലുള്ള പ്രസ്ഥാനങ്ങളെങ്കിലും ഇതിനൊരപവാദവും യഥാര്‍ത്ഥ സാഹിത്യ പ്രവര്‍ത്തകര്‍ക്കുള്ള അവസാന പ്രതീക്ഷയുമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
പിന്‍ കുറിപ്പ്
ആറാമത് പി.കെ.വി അവാര്‍ഡ് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലുള്ള സമഗ്രസംഭാവനകള്‍ പരിഗണിച്ച് സി.പി.എം. നേതാവായ പി. ഗോവിന്ദപ്പിള്ളയ്ക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. (പി.കെ.വി യുടെ ഭാര്യാ സഹോദരനാണ് പി. ഗോവിന്ദപ്പിള്ള. അടുത്ത പി.കെ.വി അവാര്‍ഡ് അഡ്വ. വി രാജേന്ദ്രന് കൊടുക്കണമെന്ന് ഈയുള്ളവന്‍ ശുപാര്‍ശ ചെയ്യുന്നു).