കുഞ്ചിയമ്മയുടെ സ്വര്‍ഗാരോഹണം, ഒരു ബാല പാഠം..!

image-old-age-illness

കുഞ്ചിയമ്മയുടെ മരണം കേട്ടവര്‍ക്കൊക്കെ ദു:ഖകരം തന്നെ ആയിരുന്നൂ. ജീവിതകാലം മുഴുവനും നല്ലത് മാത്രം ചിന്തിച്ച് നല്ലത് മാത്രം പ്രവര്‍ത്തിച്ച് , നന്മകള്‍ മാത്രം വിതറി ജീവിച്ച കുഞ്ചിയമ്മയ്ക്ക് മൂന്നു തലമുറയെ സ്നേഹിക്കാനും സേവിക്കാനും അവരുടെ സ്നേഹം നുകരാനും സാധിച്ചു. പുണ്യം ചെയ്ത ജന്മം! കേട്ടവര്‍ കേട്ടവര്‍ മന്ത്രിച്ചു.

സാധാരണ ഒരു ദുഖാചരണം ആയിരുന്നില്ല ആ ഗ്രാമത്തില്‍. അറിഞ്ഞവര്‍ ഒക്കെ തൊഴിലും തിരക്കും മാറ്റിവെച്ച് അങ്ങോട്ടേക്കു പാഞ്ഞു. കുഞ്ചിയമ്മയുടെ അഞ്ചു മക്കളും അവരുടെ പുത്രപൌത്രാദികളുമൊക്കെ സ്ഥലത്തെത്തി. വന്നവര്‍ വന്നവര്‍ കുഞ്ചിയമ്മയെ അവസാനമായി ഒരു നോക്ക് കണ്‍പാര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വിതുമ്പി. വിതുമ്പുന്നവരെ കണ്ടു നിന്നവര്‍ക്കും ദുഃഖം സഹിക്കുവാനായില്ല. കുഞ്ചിയമ്മയുടെ ഉറ്റ കൂട്ടുകാരി തെയ്യാക്കുട്ടിയുടെ നിലവിളി ആയിരുന്നൂ ഹൃദയഭേദകം.

പണ്ട് പാടത്ത് ഞാറുനടീലിനൊക്കെ ഒപ്പം ഞാറ്റ്‌ പാട്ട് പാടിയതും ചെണ്ടന്‍ കപ്പയും കാന്താരിമുളകുമായി പാടത്ത് വന്ന്‍ അവര്‍ക്കൊപ്പം ഇരുന്നു കാപ്പി കുടിച്ചതും കുടിപ്പിച്ചതും ഒക്കെ പറഞ്ഞുള്ള തോറ്റക്കവും നിലവിളിയും തന്നെ ആയിരുന്നു. ആരൊക്കെ സമാധാനിപ്പിച്ചിട്ടും അവര്‍ക്ക് ദുഃഖം അടക്കുവാനായില്ല.

ഏതു പഞ്ഞ കര്‍ക്കിടകത്തിലും പട്ടിണി മാറ്റാന്‍ ഓടിച്ചെന്നാല്‍ ഒരു കിണ്ണം കഞ്ഞി മാത്രമല്ല ഒരു തോര്‍ത്തില്‍ കെട്ടി നാല് ദിവസത്തേക്കെങ്കിലുമുള്ള അരിയും വാട്ടുകപ്പയും ഒക്കെ തന്നു വിടുമായിരുന്നൂ ഈ കൊച്ചുതമ്പുരാട്ടീ എന്ന് പറഞ്ഞു വാവിട്ടു നിലവിളിക്കുന്നത് കേട്ടു കണ്ടു നിന്നവരുടെയും കണ്ണും കണ്ഠവും ഇടറുന്നുണ്ടായിരുന്നു. താത്ക്കാലത്തേയ്ക്ക് അവരെ തടയണ്ട എന്നായി ചില കാരണവന്മാര്‍. പാവത്തിന്‍റെ ദുഃഖം സാധാരണമല്ല, ഹൃദയത്ത്തിന്റെതാണ് പറഞ്ഞു തീരട്ടെ എന്ന കരയോഗം പ്രസിഡന്റിന്റെ അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായില്ല.

ദാരിദ്ര്യം കൊണ്ട് പൊതിച്ചോറില്ലാതെ സ്കൂളില്‍ എത്തിയിരുന്ന ദിവസങ്ങളില്‍ തന്റെ അഭയം കുഞ്ചിയമ്മയായിരുന്നൂ എന്ന് മാറിനിന്നു സ്വയം പിറുപിറുപിറുക്കുമ്പോള്‍ കണാരമേനോന്‍റെ കണ്ണില്‍ നിന്ന് ഉപ്പുരസം നിറഞ കണ്ണുനീര്‍ പ്രവാഹം കുപ്പായത്തെയാകെ നനയ്ക്കുന്നുണ്ടായിരുന്നൂ. നാട്ടിലെ പാവപ്പെട്ടവര്‍ക്കും ആശരണര്‍ക്കും ആദ്യത്തെയും അവസാനത്തെയും അഭയമായിരുന്ന കുഞ്ചിയമ്മയെ ക്കുറിച്ചും അവരുടെ നല്ല മനസ്സിനെക്കുറിച്ചും ദയാവായ്പ്പിനെക്കുറിച്ചും മാത്രമേ എല്ലാവര്‍ക്കും പറയുവാനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കകം ആ വീടും പരിസരവുമാകെ ദുഖാര്‍ത്ഥരായ ജനസന്ച്ചയത്തെക്കൊണ്ട് നിറഞ്ഞു. നാട്ടിലെ പൌരപ്രമുഖര്‍ക്കൊന്നും കിട്ടാത്തത്ര ആദരം, കടിച്ചു പിടിച്ചു ദുഃഖം മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ആ ജനസഞ്ചയത്തെക്കണ്ട് ആശ്ചര്യം കൂറാതിരിക്കുവാന്‍ കഴിഞ്ഞില്ല.

കുഞ്ചിയമ്മയുടെ നാല് പെണ്മക്കളും കുടുംബസമേതം എത്തിയിരിക്കുന്നു. ആകെയുള്ള ആണ്‍തരിയുടെ ഒപ്പം തറവാട്ടില്‍ താമസിച്ചിരുന്ന കുഞ്ചിയമ്മയുടെ സൌഭാഗ്യം തന്നെയായിരുന്നു മരുമോളും. ആ അമ്മായിയമ്മയും മോളും തമ്മിലുള്ള പൊരുത്തത്തെ കുറിച്ച് അതിശയപ്പെടാത്തവരില്ല, പറയാത്തവരുമില്ല. ഈ കാലത്തും ഇങ്ങിനെയുണ്ടോ പെണ്‍കുട്ടികള്‍ എന്ന് ആശ്ചര്യം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കം.. കുഞ്ചിയമ്മയുടെ നിഴലായി എപ്പോഴും ഉണ്ടാകും. വീട്ടിലെ കാര്യങ്ങള്‍ക്കും കന്നുകാലികളുടെ കാര്യത്തിലും കൃഷികാര്യങ്ങള്‍ക്കും എല്ലാം മരുമോള്‍ മുന്നില്‍ തന്നെ. പക്ഷെ നിഴല്‍പോലെ അമ്മായിയമ്മയും ഉണ്ടാകും കുഞ്ചിയമ്മയുടെ ദാനധര്‍മ്മശീലം ഒരു പടി കൂടി കൂട്ടിക്കൊണ്ട് മരുമോളും ജീവിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് ആ വീട് ഒരു പുണ്യ സ്ഥലം പോലെ മാറുകയായിരുന്നു. കൊച്ചുമക്കള്‍ വളര്‍ന്നപ്പോഴും അതെ പോലെ തന്നെ.

കൊച്ചുമകള്‍ സരസ്വതിയെ ദില്ലിയില്‍ അയച്ചു നഴ്സിംഗ് നു പടിപ്പിച്ചപ്പോഴും അവരുടെ രണ്ടാളിന്റെയും മനസ്സില്‍ കുട്ടികളും സേവനരംഗത്ത്ഉണ്ടാവണം എന്ന അദമ്യമായ ആഗ്രഹം ഒന്നുമാത്രമായിരുന്നൂ കുഞ്ചിയമ്മ അവരെ പഠിപ്പിച്ചതും ഒരേ വാചകം കൊണ്ടായിരുന്നൂ, ” നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാകണം ജീവിക്കേണ്ടത്, അപ്പൊ ദൈവം നമുക്ക് വേണ്ടിയും ജീവിക്കും, അല്ലാതെ ശിഷിക്കാനും കൈക്കൂലി വാങ്ങാനുമല്ല മക്കളെ ദൈവം ജീവിക്കുന്നത് ” എന്ന്. ഇതേ വരെ ഏതെങ്കിലുമൊരു ഗുരുവോ സ്വാമികളോ മനുഷ്യ ദൈവങ്ങളോ പറയാത്ത ഒരു തത്വശാസ്ത്രം അനുസരിച്ചായിരുന്നു അവരുടെ ജീവിതം.

സരസ്വതി പഠനം കഴിഞ്ഞു മുറച്ചെറുക്കനെതന്നെ കല്യാണവും കഴിച്ച് ദൂരവാസത്തിലായിരുന്നെങ്കിലും കുഞ്ചിയമ്മയുടെ വാര്ധകയ്ത്തിലെ അവശതകളറിഞ്ഞപ്പോള്‍ അവരുടെ ശുശ്രൂഷക്കായി ഓടിയെത്തി . അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളില്ലാതെ സമാധാനത്തോടെ ആണു കുഞ്ചിയമ്മ യാത്രയായതെന്നു അറിഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കൊക്കെ അത്രയും ആശ്വാസമായി. മറ്റൊരാള്‍ പറയുന്നുണ്ടായിരുന്നൂ, യ്യോ അവര്‍ ചെയ്ത പുണ്യം കൊണ്ട് ആ ജന്മം സഫലമായി എന്ന് മാത്രമല്ല, മനസമാധാനത്തോടെ ആയുസ്സെത്തി മരിക്കാനും സാധിച്ചല്ലോ , ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു സ്വര്‍ഗാരോഹണം തന്നെ.

അടുത്ത ഗ്രാമത്തിലെ സമ്പന്നയായ പാര്‍വതിയമ്മയുടെ മരണം അയാള്‍ വേദനയോടെ ഓര്‍ത്തു, പങ്കിട്ടു മറ്റുള്ളവര്‍ക്കായി. വളരെ വലിയ നിലയില്‍ ജീവിച്ചിരുന്ന പാര്‍വതിയമ്മ എന്തോ ചെറിയ അസുഖം ബാധിച്ചു കിടപ്പിലായതാണ്. പക്ഷെ അതോടെ അവര്‍ ആഹാരം കഴിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുവാന്‍ തുടങ്ങി. എത്ര നിര്‍ബന്ധിച്ചിട്ടും മരുന്നോ പച്ചവെള്ളമോ പോലും കഴിക്കാന്‍ കൂട്ടാക്കിയില്ലത്രേ. നിരാഹാരം ചെയ്ത് മരണത്തെ വരിക്കാനുള്ള തീരുമാനം പോലെ. എന്നാല്‍ അവരുടെ പരാതികളോ ദുഖങ്ങലോ എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞതുമില്ല. ഒടുവില്‍ 41മത്തെ ദിവസം മരിച്ചു. വല്യ വീട്ടിലെ സംഭവങ്ങള്‍ ആയതു കൊണ്ട് പുറത്താരും അറിഞ്ഞില്ലത്രേ. വാര്‍ദ്ധക്യത്തിലെ വിഷമതകള്‍ ചിലപ്പോള്‍ മനുഷ്യരെ അങ്ങിനെയും ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കും, കണാരേട്ടനാണ് പ്രതികരിച്ചത്.
ജീവിക്കുന്ന കാലത്ത് നന്മ ചെയ്താല്‍ അതിന്റെ പുണ്യവും അവര്‍ക്ക് തന്നെ. ഇതൊക്കെ ഓരോ പാഠങ്ങളാണ്, കൂട്ടത്തില്‍ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

ശവദാഹം കഴിഞ്ഞു വിങ്ങിയ മനസുമായാണ് കണാരേട്ടന്‍ മടങ്ങിയത്. രാത്രിയില്‍ കിടന്നിട്ടും ഉറക്കം വന്നില്ല. കുഞ്ചിയമ്മയുടെ നന്മകളുടെ ഒരു ദീര്‍ഘമായ പട്ടിക തന്നെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു ഉരുളുന്ന ഭര്‍ത്താവിനോട് ഭാര്യ മന്ത്രിച്ചു, പിന്നേയ്, ആ കുഞ്ചിയമ്മ എങ്ങിനെയാ മരിച്ചതെന്ന് അറിയാമോ..? അയാള്‍ ഒന്ന് ഞെട്ടി.

ങേ? എന്തെ അങ്ങിനെ പറയാന്‍ ?

അതേയ് , അവര്‍ക്ക് വയറിളക്കമായിരുന്നത്രേ, അതിസാരം. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആലോചിച്ചപ്പോള്‍ സരസ്വതി പറഞ്ഞത്രേ, അത് വേണ്ട, ഇവിടെ നമുക്ക് വേണ്ടതൊക്കെ ചെയ്യാം എന്ന്.

ന്നിട്ട്? അയാള്‍ക്ക് ബാക്കികൂടി കേള്‍ക്കുവാനുള്ള ജിജ്ഞാസ വര്‍ദ്ധിച്ചു.

അതേയ്, ആശുപത്രിയിലോക്കെ പോയാല്‍ മരുന്ന് കൊടുത്ത് ഒരുവിധം ഭേദമാക്കി വീട്ടില്‍ കൊണ്ടുവന്നാല്‍ പിന്നേം ബുദ്ധിമുട്ടല്ലേ? ആര് നോക്കും? നാല് ദിവസം നിര്‍ത്താതെ വയറ്റില്‍ നിന്ന് പൊയ്ക്കൊണ്ടിരുന്നുവത്രേ. അവസാനം ഇന്നലെ വെളുപ്പിനെ ആണു മരിച്ചത്. അധികം ആര്‍ക്കും അറിയില്ല, ആരോടും പറയണ്ടാ ട്ടോ, എന്നോട് സരസ്വതീടെ അനിയത്തി തന്നെയാണ് പറഞ്ഞത്.

അയാള്‍ എഴുന്നേറ്റ്. കിണ്ടിയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചു. തല കുമ്പിട്ടിരുന്നു. പിന്നെ മെല്ലെ പറഞ്ഞൂ,

“ന്നാലും അതങ്ങോട്ട് വിശ്വസിക്കാന്‍ തോന്നുന്നില്ല.”

യ്യോ നിങ്ങള്‍ വിശ്വസിക്കണ്ട, പോട്ടെ കിടന്നുറങ്ങിക്കോളൂ. , പറയേണ്ടതില്ലായിരുന്നൂ എന്നവര്‍ക്ക് തോന്നി.

അപ്പോള്‍ അയ്യാള്‍ മെല്ലെ ഭാര്യയോടു പറഞ്ഞു.,

നമുക്ക് ഭാരങ്ങള്‍ ഒക്കെ തീര്‍ത്താല്‍ എവിടെയെങ്കിലും ഒരു അഭയകേന്ദ്രം കണ്ടുപിടിക്കണം, വാര്‍ദ്ധക്യത്തില്‍ നമ്മുടെ മക്കളെ കൊലപാതകികളാക്കാതിരിക്കാന്‍.!

Leave a Reply