Dr ഈദിഅമീന്‍ BKMS [DAC]

നാട്ടിലെ തുലാവര്ഷത്തിനേക്കാള്‍ എത്രയോ ഭീകരമായ കാലാവസ്ഥ, ആലങ്കാരികമായി പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും കാറ്റ് ചൂളം  വിളിക്കുന്നതും ആലിപ്പഴം പൊഴിയുന്നതും എല്ലാം നേരില്‍ കാണുന്നു.  ശെരിക്കും പറഞ്ഞാല്‍ ഇത് ചൂളം വിളി ആയിരുന്നില്ല. ഒരു തീവണ്ടിയുടെ ചൂളം വിളിക്ക് സംഗീതാത്മകത ഉണ്ടായാല്‍ എങ്ങിനെയിരിക്കും ..?എന്നാണു ഞാന്‍ ചിന്തിച്ചു പോയത്. മുറ്റത്ത്പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ ആരോ കല്ലെറിയുന്ന പോലെ ഉള്ള ശബ്ദം കേട്ടാണ് വെളിയിലേയ്ക്ക് ഓടി ചെന്നത്. കാര്‍ മുഴുവനും രണ്ട് ഇഞ്ചോ അതില്‍ കൂടുതലോ വലിപ്പമുളള കല്ലുകള്‍ പോലത്തെ ഐസ് കട്ടകള്‍ വീണ് ഒരുതരം മനോഹര കാഴ്ച അനുഭവിച്ചു. അപ്പോഴും വീശിയടിക്കുന്ന കാറ്റിന്റെ ശതിയില്‍ അടി തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചു ക്കൊണ്ട് ഉള്‍വലിഞ്ഞു.  ശരീരത്തിന് ചൂട് പകരാന്‍ അടുക്കളയിലേയ്ക്ക്. ‘ബാബര്ചി’യോട് [കുക്ക്]

പതിവില്ലാത്ത  സ്നേഹത്തില്‍ വര്‍ത്തമാനം പറഞ്ഞ്‌ ഗ്യാസ് സ്റൌവ് നടുത്ത് തന്നെ നിലയുറപ്പിച്ചു. ചൂടുകായാന്‍ .  കലാം [അതാണ്‌ എന്റെ ബാബര്സ്ച്ചി യുടെ പേര്] പറയുന്നു.., സര്‍ , പേടിക്കണ്ട ഇതൊന്നുമല്ല.,ചില സമയങ്ങളില്‍ നമ്മളെ തൂക്കിയെടുത്തോണ്ട്പോകും ഈ കാറ്റ്..!

പെട്ടെന്നാണ് ഫോണ്‍ ശബ്ദിച്ചത്. ജാഫര്‍ അലി ആയിരുന്നു.
“വിജയ്ജീ .., എന്താ പരിപാടി..? പേടിച്ചിരിക്കുന്നോ..?  ” സുഹൃത്തിന്റെ ചോദ്യത്തില്‍ എനിക്ക് അസ്വസ്തത തോന്നി. എനിക്ക് പേടിയോ..?
അഥവാ പേടി ഉണ്ടെങ്കിലും പുറത്ത് പറയാന്‍ പറ്റുമോ..?
ഹേയ്.., ഈ മഴയുടെയും കാറ്റിന്റെയും താണ്ഡവ നൃത്തം ആസ്വധിക്കുകയല്ലേ എന്നായി ഈയുളളവന്‍..,
“ന്നാ ഒരു ഡ്രൈവിനു പോയാലോ..?? “
ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. ഈ പെരുമഴയത്ത്.., മഞ്ഞുകട്ടകള്‍ ആലിപഴം പോലെ പൊഴിയുമ്പോള്‍., ഊക്കോടെ വീശുന്ന കാറ്റില്‍ വന്മരങ്ങള്‍ പോലും പ്രതിരോധത്തില്‍ ക്ഷീണിതരാകുമ്പോള്‍..???
എന്റെ ചിന്ത മനസ്സിലാക്കിയിട്ടാവും അവന്‍ മൊഴിഞ്ഞു.. “വിജയ്‌ ജീ ഒരുങ്ങി നില്‍ക്കൂ ഞാനിതാ എത്തി.., ഒരു പതിനഞ്ചു മിനുട്ട്..”
പ്രകൃതിയുടെ ഈ മോഹനതാണ്ഡവം എന്നില്‍ പടര്‍ത്തിയ വിഭ്രാന്തിയില്‍ നിന്ന് രക്ഷ നേടാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ യാത്രയായി. പുതിയ ‘ടൊയോട്ട പ്രാഡോ’ കാര്‍. ജാഫറിനൊപ്പം ഒരാള്‍ പിന്‍ സീറ്റില്‍ ഉണ്ടായിരുന്നു, യുണിഫോമില്‍.
നേരെ 28 കിലോമീറ്റര്‍ ദൂരമുള്ള എയര്‍ പോര്‍ട്ട്‌ റോഡിലൂടെഏതാണ്ട് 120  കിലോമീറ്റര്‍ സ്പീഡില്‍ വണ്ടിയോടുമ്പോള്‍ മനസ്സിന്റെ സമാധാനത്തിനായി ചോദിച്ചു എവിടെയ്ക്കാ സുഹൃത്തേ..,  എന്താ ഉദ്ദേശ്യം..?
അയാള്‍ അത് വെളിപ്പെടുത്തി. പുതിയ വണ്ടി വാങ്ങിയതിന്റെ സന്തോഷം പങ്കിടുവാന്‍ എന്നെ നറുക്കിട്ടെടുത്തു.
പക്ഷെ എനിക്ക് പൂര്‍ണമായും വിശ്വസിക്കുവാന്‍ ആയില്ല. കാരണം ഇദ്ദേഹത്തിന്റെ സഹോദരീപുത്രിയുടെ വിവാഹത്തിനു  പോയത് ഓര്‍മയില്‍ തെളിഞ്ഞു.
വിവാഹം നടക്കുന്ന ഹാളില്‍ എത്തിയ എന്റെ കാര്‍ കണ്ടതോടെ പട്ടാളചിട്ടയില്‍  ആയുധ ധാരികളായ സുരക്ഷാ ഭടന്മാര്‍ എനിക്ക് ചുറ്റും അണി നിരന്നു. ഭവ്യതയോടെ അവര്‍ എന്നെ ആനയിച്ചു.  അംബരപ്പിലായിരുന്നു ഞാന്‍. ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു വി വി ഐ പി  ട്രീട്മെന്റ്റ്.  സാധാരണ ഇടപഴകാറുള്ള കമ്പനി യുടെ എം ഡി ആയ ജാഫര്‍ എന്നെ സ്വീകരിച്ചു. അവിടെ എത്തിയ എല്ലാ അതികള്‍ക്കും അതെ സ്വീകരണം തന്നെയാണ് കിട്ടുന്നതെന്ന് പിന്നീട് മനസ്സിലായി. അദ്ധേഹത്തിന്റെ മൂത്ത സഹോദരനെ പരിചയപ്പെടുത്തി.  അദ്ദേഹത്തിന് ചുറ്റും എകെ 47 എന്തിയ സ്വകാര്യ സുരക്ഷ ഭടന്മാര്‍. ഞെട്ടിപ്പോയി. കണ്ടാല്‍ പത്തു തലയുള്ള രാവണനെ പ്പോലെ. ലങ്കാനഗരം സംരക്ഷിക്കുവാന്‍ ഉതകുന്ന, യുണിഫോം ഇട്ട സ്വകാര്യസുരക്ഷാ ഭടന്മാര്‍. ചുവന്നു ജ്വലിക്കുന്ന ചോരക്കണ്ണുകള്‍. പിന്നീട് സഹോദരിമാരെ പരിചയപ്പെടുത്തി. 5000ത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് രാമന്‍ ലങ്കയില്‍ ചെന്ന പ്രതീതി ആയി എനിക്ക്, മണ്ടോധരിയും ശൂര്‍പ്പണഖയും തുടങ്ങിയ രാക്ഷസ കേസരികളുടെ ഒരു കൂട്ടം. ബംഗാളിയില്‍ “കംമോനാസ്ച്ചേ  ഭാഭി ” എന്ന്  അഭിവാദ്യം ചെയ്തപ്പോള്‍ ചിരട്ട പാറപ്പുറത്തു ഉരയ്ക്കുന്ന ശബ്ദത്തില്‍ “ഭാലു അസ്ച്ചേ” ഭയ്യ..എന്ന്  മറുപടി കേട്ട് അമ്പരന്നു.
മുന്‍നിരയില്‍ റിസേര്‍വ് ചെയ്തിരുന്ന സീറ്റ്‌കളിലോന്നില്‍   ആദരപൂര്‍വ്വം ഇരുത്തി. നോക്കുമ്പോള്‍ സരിതമാരും ശാലു മാരും ഒക്കെ അപ്പുറവും ഇപ്പുറവു ഇരിക്കുന്നുണ്ട്‌. . അവര്‍ക്ക് അകമ്പടി സേവിക്കാന്‍ മന്ത്രിമാരും മറ്റ് വി വി ഐ പി കളും ഉണ്ട്. ആഘോഷങ്ങളുടെ തിമര്‍പ്പിനിടയില്‍ അവര്‍ ഒരുമിച്ചു നൃത്തം ചവിട്ടുകയും രാത്രിയിലെ പൂനിലാവിന്റെ സൌന്ദര്യത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍  അല്പം  നൃത്തശാസ്ത്രങ്ങള്‍ നേരത്തെ പഠിക്കാതിരുന്നതില്‍ വിഷമം തോന്നി..,.ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒടുവില്‍ ബിരിയാണിയും ബുരാനിയും കഴിച്ചു  മടങ്ങുമ്പോള്‍ ഒരു കാര്യം  മനസ്സിലാക്കി, ഇന്നലെ വരെ കണ്ടിരുന്ന ഫാക്ടറി ഉടമയല്ല യഥാര്‍ത്ഥ കക്ഷി, സുരക്ഷ ആവശ്യത്തിലധികം വേണ്ടിയിരുന്ന അധോലോക നായകന്മാരില്‍ പ്രധാനിയുടെ ആതിഥ്യമാണ്  ഇന്ന് സ്വീകരിച്ചത് എന്ന്.  ആതിനു ശേഷം വളരെ ശ്രദ്ധാപൂര്‍വ്വം ആണ് ആ കമ്പനിയുമായി ഇടപെട്ടിരുന്നത്. അഞ്ചു സഹോദരിമാരുടെയും രണ്ടു സഹോദരന്മാരുടെയും കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരന്‍ ആയിരുന്നു ഫാക്ടറിയുടെ എം ഡി, ഭാഗ്യവശാല്‍ അദ്ദേഹം സുമുഖനും സൌമ്യനും വിദ്യാസമ്പന്നനും ആയിരുന്നു എന്നതുകൊണ്ട് തന്നെ വലിയ വൈഷമ്യങ്ങള്‍ ഒന്നും ഉണ്ടായതുമില്ല.
മസ്തിഷ്ക്കത്തെ പ്പോലും മരവിപ്പിക്കുന്ന കൊടും തണുപ്പിലും മഴയിലും ഒരു കാശ്മീരിതൊപ്പിയും വൂളെന്‍ജാക്കെട്ടും അതിനു പുറമേ കൊട്ടും ധരിച്ച് പൂര്‍ണമായും സൂക്ഷ്മ നിരീക്ഷണത്തോടെ ആയിരുന്നു എന്റെ സഹവാസം. വണ്ടി ചെന്ന് നിന്നത് ധാക്ക നഗരത്തിന്റെ പിന്നാമ്പുറത്തെവിടെയോ ഉള്ള വിശാലമായ ഒരു വില്ലേജ് റെസ്ടോരന്റില്‍..!
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ രൂപ പരിണാമം സംഭവിച്ചിട്ടുള്ള ‘വണ്‍ സ്റ്റാര്‍’ കള്ളുഷാപ്പ്കളെ ഓര്‍മിപ്പിക്കും വിധം ഉള്ള ഓലമേഞ്ഞ കുടീരങ്ങള്‍. ഒരു കുടീരത്തില്‍ ആസനസ്ഥരായി കഴിഞ്ഞപ്പോള്‍ സുഹൃത്തിന്റെ ഒപ്പമുണ്ടായിരുന്ന പേര്‍സണല്‍ ഗാര്‍ഡ് ഒരു വലിയ പൊതിയുമായി  എത്തി. തുറന്നപ്പോള്‍ ഏറ്റവും മുന്തിയതരം സ്കോച്.
ഒപ്പം നിരവധി അനുസാരികളും.  അതും പോരാഞ്ഞു ഡിന്നറിനുള്ള ഓര്‍ഡര്റും നല്‍കി. ‘ചിക്കന്‍ ടിക്ക’ ആയിരുന്നു ബംഗ്ലാദേശില്‍ എന്റെ ഇഷ്ടവിഭവം. നമ്മുടെ നാട്ടില്‍ കിട്ടുന്ന മാതിരി ഉള്ള ടിക്ക അല്ല അവിടെ.  ചെറിയ കോഴിക്കുഞ്ഞുങ്ങളെ മുഴവനായി എടുത്തു പച്ചിലകളും മറ്റു പ്രത്യേക കൂട്ടുകളും ചേര്‍ത്ത് കല്‍ക്കരി അടുപ്പില്‍ ചുട്ടെടുക്കുന്ന ഒരു ഒന്നാംതരം ‘ബീഹാറി’ വിഭവം ആണ് അവിടുത്തെ ചിക്കന്‍ ടിക്ക. [ബീഹാറികള്‍ എന്നാല്‍ ബംഗ്ലാദേശ് പൌരത്വമോ പാകിസ്താനി പൌരത്വമോ ഇല്ലാത്ത ഹത:ഭാഗ്യര്‍. ഇന്ത്യ പാകിസ്ഥാന്‍ വിഭജനകാലത്ത്‌ മോഹന വാഗ്ദാനങ്ങള്‍ക്ക് വിധേയാരായി ബീഹാറില്‍ നിന്നും മുസ്ലീം രാജ്യമായ കിഴക്കന്‍ പാകിസ്ഥാനിലേയ്ക്ക് കുടിയേറി പാര്‍ത്തവര്‍. പിന്നീടു പാകിസ്ഥാനും ബംഗ്ലാദേശും അവരെ അവഗണിച്ചു. ഇന്നും അവര്‍ പീഡിതര്‍ആണ്, ദുഖി:തരും]
ആ കൊടും തണുപ്പിലും ഒരു കാര്യം  ചിന്തകളെ ചൂട് പിടിപ്പിച്ചിരുന്നു. ഇയാള്‍ എന്തിനു എന്നെ ഇങ്ങിനെ സല്കരിക്കണം..?, അവരുടെ ഫാക്ടറിയുടെ മോശമായ അവസ്ഥയില്‍ പുതിയ ഓര്‍ഡറുകള്‍ ഒന്നും നല്‍കാന്‍ എനിക്കാവില്ല. അത്  തുറന്നുപറഞ്ഞിട്ടുമുണ്ട്. പിന്നെ..?? ജാഗ്രത മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഭക്ഷണം എല്ലാം കഴിഞ്ഞു  ആണ് അദ്ധേഹത്തിന്റെ ചോദ്യം.? വിജയ്ജീ നിങ്ങള്‍ ഒറ്റയ്ക്കല്ലേ ഇത്രയും വലിയ വീട്ടില്‍ താമസം. എത്ര മുറികള്‍ അവിടെ കാലിയായി കിടക്കുന്നു..?
എന്തോ ആപത്തു സംഭവിക്കാന്‍ പോകുന്നു എന്ന് മനസ് മന്ത്രിച്ചു.  എങ്കിലും ഭവ്യതയോടെ ആരാഞ്ഞൂ. എന്തെ കാര്യം..??
അല്ല ഞങ്ങള്‍ കുറച്ചു മെഷീനറികള്‍  ഇമ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അത് ഒരാഴ്ച അവിടെ ഒന്ന് സൂക്ഷിക്കുവാന്‍ ബുദ്ധിമുട്ടില്ലല്ലോ..?
ഇപ്പോള്‍ കാര്യം മനസ്സിലായി. ഇവര്‍ അധ്ലോക ബന്ധമുള്ളവര്‍ ആണെന്ന ധാരണ മനസ്സിലേയ്ക്ക് തിരയടിച്ച് കയറി.
ഈ പെട്ടികള്‍ക്കുള്ളില്‍ എന്താവും..? അവസാനം എന്നെ ഒന്നുകില്‍ ജയിലില്‍ അല്ലെങ്കില്‍ അധോലോകത്തിന്റെ കിളിവാതിലുകള്‍ക്കുള്ളില്‍ തളയ്ക്കുവാന്‍ ആണോ ‘ലവന്റെ’ ശ്രമം എന്ന ചിന്തയില്‍ അസ്വസ്ഥനായി.രക്തക്കുഴലുകളില്‍ കൂടി തീപ്പുഴ ഒഴുകുന്നത്‌  പോലെ ,പെട്ടെന്നുണ്ടായ  ആശങ്കയില്‍, രക്ഷ പെടുവാന്‍ വേണ്ടി പറഞ്ഞു, സുഹൃത്തെ വീട് കമ്പനി വകയല്ലേ.? അവിടെ ഞങ്ങളുടെ ഫാബ്രിക് സ്റ്റോക്ക്‌ ചെയ്തിരിക്കുന്നു. തന്നെയുമല്ല അടുത്ത ദിവസം മുംബയില്‍ നിന്നും കമ്പനി ഡയരക്ടര്‍ എത്തുന്നുമുണ്ട് എന്ന്  ഉള്ളില്‍ ഉയര്‍ന്ന ദേഷ്യം മുഖത്ത് പ്രകടിപ്പിക്കാതെ  പറഞ്ഞു…,  സോറി, മറ്റൊന്നും  വിചാരിക്കരുതേ..!
അവിടെ കൂടുതല്‍ ഇരുന്നാല്‍ അപകടമാണെന്ന് തോന്നിത്തുടങ്ങി.
സമയം ഏറെയായി പോകാം എന്ന് പറഞ്ഞു മെല്ലെ എഴുന്നേല്‍ക്കുകയും ചെയ്തു.
പക്ഷെ പെട്ടെന്ന് എന്റെ തലയ്ക്കു  മുകളില്‍ എന്ത് കൊണ്ടോ  ശക്തമായി ആരോ പ്രഹരിച്ചത് പോലെ …
പെട്ടെന്നുണ്ടായ ആഘാതത്തില്‍ ഒരു നിമിഷം  തളര്‍ന്നു പോയി..!
സ്ഥലകാല ബോധത്തിലേയ്ക്കു തിരിച്ചു വരുമ്പോള്‍ കൂടെയുള്ളവരുടെ പരിഭ്രമം കണ്ടു.
തല നന്നായി വേദനിക്കുന്നുണ്ട്‌. മെല്ലെ ഒരു കൈ കൊണ്ട് വേദനയുള്ള ഭാഗത്ത്‌ തൊട്ടു നോക്കി. കയ്യില്‍ രക്തം പടര്‍ന്നിരിക്കുന്നു.
ഒരുവേള ഭയന്ന്.വീണ്ടും പരിശോധിച്ചു, ഗൗരവമുള്ള മുറിവല്ലഎന്ന് തോന്നി. എന്താ സംഭവിച്ചത് എന്നറിയാന്‍ മേല്പോട്ട് നോക്കി.
ഉയരം കുറഞ്ഞ മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന  ഇരുമ്പ് പൈപ്പില്‍ തല ഇടിച്ചതായിരുന്നു. ഈ ഉയരം എന്നെ എവിടെയെല്ലാം ഇടിപ്പിചിരിക്കുന്നു. എത് ക്ഷേത്രത്തില്‍ പോയാലും ഒരടയാളവുമായിട്ടെ തിരിച്ചു വരാറുള്ളൂ., ഏതു വീടുകളില്‍ ചെന്നാലും തല കുനിച്ചു ഭവ്യതയോടെ മാത്രം അകത്തു പ്രവേശി ക്കുകയുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് സാധാരണവും. ഭയപ്പാടു മെല്ലെ മാറിത്തുടങ്ങി, അപ്പോഴേക്കും യൂണിഫോമില്‍ കൂടെ ഉണ്ടായിരുന്ന കക്ഷി ടോര്‍ച് അടിച്ചു മേല്‍ക്കൂര പര്ശോധിച്ചു. എന്റെ മനസ്സില്‍ ചെറിയ അന്ധാളിപ്പ് പടര്‍ന്നു. ആ ഇരുമ്പു പൈപ്പ് കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയില്‍ ആയിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഒരു ആന്റിസെപ്ടിക് ഇന്‍ജെക്ഷന്‍ എടുക്കാം എന്ന് തീരുമാനത്തില്‍ ഞങ്ങള്‍ മടങ്ങി.
വിദേശികളും ധാക്കയിലെ സമ്പന്നരും താമസിക്കുന്ന സ്ഥലമാണ് ‘ഗുല്‍ശാന്‍’.  അതുകൊണ്ട് തന്നെ ഗുല്‍ശാന്‍ മാര്‍ക്കറ്റും സമ്പന്നരുടെ വിപണിയാണ്. പച്ചക്കറികളും മത്സ്യ മാംസാധികളും ആഡംബരവസ്തുക്കളും തുടങ്ങി മെഡിക്കല്‍ സ്റ്റോറും ഒക്കെ അവിടെയുണ്ട്. രാവിലെ തന്നെ
മെഡിക്കല്‍സ്റ്റോറിന് ചേര്‍ന്നിരിക്കുന്ന ക്ലിനിക്കില്‍ ഹജാരായി. വിദേശികളും ഒക്കെയായുള്ള ധാരാളം പേര്‍ വെയിറ്റ് ചെയ്യുന്നു.
എന്റെ ഊഴമായപ്പോള്‍ ഉള്ളില്‍ ചെന്നു. ഏകദേശം 35 വയസ്സുള്ള സുമുഖനായ ഡോക്ടര്‍  പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു.
തിരക്കിലായിരുന്നതു കൊണ്ട് സംഭവം ചുരുക്കത്തില്‍ വിവരിച്ചു, ഒപ്പം ഒരു ഇന്‍ജെക്ഷന്‍ എടുക്കാനാണ് വന്നതെന്നും പറഞ്ഞു.
അദ്ദേഹം എന്നെ അടിമുടി ഒന്ന് നോക്കി. കൂടുതല്‍ ഒന്നും സംസാരിക്കുന്നില്ല.വേഗം സൈഡ് ടേബിളില്‍ ഇരുന്ന യന്ത്രം എടുത്ത് ബി പി പരിശോധിച്ചു. അദ്ധേഹത്തിന്റെ നാക്ക് നീട്ടിക്കാണിച്ചു കൊണ്ട് എന്നോടും നാക്ക് നീട്ടാന്‍ ആവശ്യപ്പെട്ടു. പിന്നെ ചെറിയ ടോര്‍ച് എടുത്ത് കണ്ണുകളിലേയ്ക്ക് അടിച്ചു മിഴിയുടെ ആഴങ്ങളിലേയ്ക്ക്  ഊര്‍ന്നിറങ്ങി. പിന്നീട് കഴുത്തില്‍ കിടന്ന സ്റെതസ്കോപ്പ് എടുത്ത് ചെവിയില്‍ തിരുകി. മറ്റേ അറ്റം എന്റെ തലയില്‍ മുറിവുണ്ടായ ഭാഗത്ത് വെച്ച് പരിശോധന തുടര്‍ന്നു. ഞാന്‍ ഒന്ന് ഞെട്ടി. ഇദ്ദേഹത്തിന്റെ വിദഗ്ദ പരിശോധനയില്‍ അമ്പരന്നിരിക്കുന്ന എന്നെ നോക്കുക പോലും ചെയ്യാതെ ഒരു ലെറ്റര്‍ പാട് എടുത്ത് അതില്‍ ഒന്ന്, രണ്ടു എന്നിങ്ങനെ അക്കമിട്ടു അഞ്ചുതരം മരുന്നുകള്‍ക്ക് കുറിച്ച് സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങുവാന്‍ വേണ്ടി എനിക്ക്നേരേ നീട്ടി. അത് വാങ്ങുമ്പോള്‍ എന്റെ കൈ മാത്രമല്ല ഹൃദയവും വിറക്കുന്നുണ്ടായിരുന്നു. എന്തോ മാരകമായ രോഗം എനിക്കുണ്ടെന്ന് തോന്നിപ്പിക്കുന്നതായിരുന്നൂ അദ്ധേഹത്തിന്റെ  മുഖഭാവവും ചലനങ്ങളും.
സ്വരം താഴ്ത്തി പറഞ്ഞു ” ഡോക്ടര്‍, അമി ആയ്ശിലോ ശുദ്ധ എക്ട ഇന്‍ജെക്ഷന്‍ നെബാര്‍ജന്നോം..യെഗുളി ലമ്പോ ലിസ്റ്റ്..??” അങ്ങേരുടെ കടിച്ചു പിടിച്ച ചുണ്ടുകള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയിരുന്നൂ അന്ഗ്രെസിയിലുള്ള പാണ്ഡിത്യം രോഗികള്‍ അറിയാതിരിക്കുവാന്‍ ഉള്ള ഒരു ശ്രമം ആണെന്ന്. അത് കൊണ്ട് ‘ബംഗ്ലാ’ യിലുള്ള എന്റെ പാണ്ഡിത്യം ഉപയോഗിച്ച് ഞാന്‍ പറഞ്ഞൂ ഒരു ഇന്‍ജെക്ഷന്‍ എടുക്കാന്‍ മാത്രമാണ് വന്നത് എന്ന്.., ഇത്രയും മെഡിസിന്‍ എന്തിനാണെന്ന ചോദ്യവും..?
 ചോദ്യം ഇഷ്ട്ടപ്പെടാത്തത് കൊണ്ടായിരിക്കും അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റു. ‘ബംഗ്ല’യില്‍ തന്നെ പറഞ്ഞു. ” ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ എഴുതാനുള്ളതും ചെയ്യാനുള്ളതും ചെയ്യുന്നു. ഇനി മരുന്ന് വേണോ വേണ്ടയോ എന്നൊക്കെ നിങ്ങള്ക്ക് തീരുമാനിക്കാം…” ഞാന്‍ ഒന്ന് ചൂളി. അദ്ദേഹം തിരിഞ്ഞു അലമാരയില്‍ നിന്നും എടുത്ത മരുന്ന് ഒരു  സിറിന്ജില്‍ വലിച്ചെടുത്ത് എന്റെ കയ്യില്‍ കുത്തിക്കയറ്റുമ്പോഴും ഇന്നേവരെ ഉണ്ടാവാത്ത വേദന അനുഭവിക്കുമ്പോഴും എന്റെ മനസ്സില്‍  നീറിയ സംശയം ഈ സ്ട്ര്തസ്കോപ് തലയില്‍ വെച്ച് എന്തായിരുന്നു പരിശോധിച്ചത് എന്നുതന്നെയായിരുന്നു.
കയ്യില്‍ ഏല്‍പ്പിച്ചിരുന്ന കുറിപ്പടി ഒന്ന് കൂടി നോക്കി. മുകള്‍ ഭാഗത്ത് ഡോക്ടറുടെ പേര് വലുതായി എഴുതിരിക്കുന്നു.അതിനോടൊപ്പം യോഗ്യതയായി BKMS [DAC] എന്നും.
എന്റെ അറിവില്ലായ്മ ഞാന്‍ മറച്ചു വെച്ചില്ല. അദ്ദേഹത്തോട് തന്നെ ചോദിച്ചു, ഡോക്ടര്‍, എന്താണ് ഈ ബി കെ എം എസ…? ചോദ്യം ഇഷ്ട്ടപ്പെട്ടില്ല എന്ന ഭാവം മറച്ചു വെക്കാതെ അദ്ദേഹം പറഞ്ഞു  ” ബേസിക് ക്നോല്ട്ജ് ഇന്‍ മെഡിക്കല്‍ സയന്‍സ് ” [Basic knowledge in Medical science] എന്ന്. വര്‍ധിച്ചു വന്നിരുന്ന അമ്പരപ്പ് പുറത്തു കാട്ടാതെ വീണ്ടും ചോദിച്ചു,  ഡോക്ടര്‍ ഒന്ന് കൂടി വിശദമാക്കാമോ..?
അതേയ്., ഇവിടുത്തെ സര്‍ക്കാര്‍ തരുന്ന ഒരു കോഴ്സ് ആണ്. ഗ്രാമീണ വൈദ്യ സേവനത്തിനായി ഉധേശിച്ചിട്ടുള്ള ഒരു മൂന്നു മാസത്തെ ട്രെയിനിംഗ് കോഴ്സ്.  എനിക്ക് കാര്യം പിടികിട്ടി വരുന്നുണ്ട്. ഡോക്ടര്‍ ആവശ്യ പ്പെട്ട 500 ടകയും നല്‍കി ഞാന്‍ വെളിയിലേയ്ക്ക് ഇറങ്ങുപോള്‍ ധാരാളം സായിപ്പന്മാരും മദാമ്മ മാറും ഒക്കെ പുറത്തെ വരിയില്‍ ഡോക്ടറെ കാണാന്‍ അക്ഷമരായി നില്‍പ്പുണ്ടായിരുന്നു. പുറത്തിറങ്ങിയ ശേഷം ഒന്ന് കൂടി തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വലിയ ബോര്‍ഡ്‌ വീണ്ടു കാര്യമായി ശ്രദ്ധിച്ചു,  ഇരുട്ട് കയറിയ കണ്ണില്‍ കൂടി ഇങ്ങിനെയാണ്‌ വായിച്ചത്,, “Dr ഈദിഅമീന്‍ BKMS [DAC]  ..”

Leave a Reply