ഹര്‍ത്താലും ലാസ്റ്റ് ലഞ്ചും…പിന്നെ എമെര്‍ജിംഗ് കേരളയും…!

അങ്ങിനെ ഒരു ഹര്‍ത്താല്‍ കൂടി കഴിഞ്ഞു..
ഹര്‍ത്താല്‍ ആണ് ഞങ്ങള്‍ക്ക് ഓണം, വിഷു, പുതുവര്‍ഷം.. ക്രിസ്തുമസ്, ഈദ്‌ എല്ലാം…
1886 മെയ്‌ ഒന്ന് മുതല്‍ അമേരിക്കയിലെ  ചിക്കാഗോ തെരു വീഥി കളില്‍ അലയൊലികള്‍ ഉയര്‍ത്തിയ  മുദ്രാവാക്യം
8 മണിക്കൂര്‍  ജോലി,  8 മണിക്കൂര്‍ വിനോദം.8 മണിക്കൂര്‍ വിശ്രമം. എന്നിങ്ങനെ ആയിരുന്നെങ്കില്‍, ഇതേവരെ ഞങ്ങള്‍ക്കാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണത്.  അതുകൊണ്ട് തന്നെ ഏറ്റവും ആഹ്ലാദിക്കുന്ന ഒരു ദിനം ഹര്‍ത്താല്‍ ദിവസം മാത്രം ആയി മാറിയിരിക്കുന്നു
അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും  അമ്മൂമ്മയും മുതല്‍ എല്ലാവരും സമാധാനമായി ഒന്നിച്ചിരുന്നു ആഹാരം കഴിക്കുന്ന ദിവസം..,
തമാശകളും ഒളിയമ്പുകളും ഒക്കെക്കൊണ്ട്‌ ഊണിനു തന്നെ സ്വാദ് കൂടുന്ന ദിവസം…

പക്ഷെ ഇന്ന് അത് അപ്രതീക്ഷിതമായിരുന്നു
ഡൈനിങ്ങ്‌ ടേബിളില്‍ നിറയെ വിഭവങ്ങള്‍..
വഴച്ചുണ്ടും  പരിപ്പും ചേര്‍ത്ത് ഉണ്ടാക്കിയ തോരന്‍..
കൂണ്‍ തേങ്ങ ചേര്‍ത്ത് ഉണ്ടാക്കിയ മറ്റൊരു തോരന്‍..,
നാടന്‍ പച്ചക്കറികള്‍ ഉപയോഗിച്ചുണ്ടാക്കിയ അവിയല്‍..
പിന്നെ ചീരയും ചീരതണ്ടും ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു അവിയല്‍  വേറെ…
സാമ്പാര്‍, കുമ്പളങ്ങ ഇട്ടു ഉണ്ടാക്കിയ പുളുംകറി, പുളിശ്ശേരി.., പച്ച മോര്..
പഴമാങ്ങ പച്ചടി…
തീര്‍ന്നില്ല,, പോടിമീന്‍ പീര, നല്ല മത്തി വറുത്ത്…, കോഴി പൊരിച്ചത്..
ഉപ്പിലിട്ടത്‌.., ഓണത്തിന്റെ വക ബാക്കി ആയ ഉപ്പേരി ..
കുട്ടികള്‍ എന്റെ മുഖത്ത് നോക്കി…ഞാന്‍ അമ്മയുടെ മുഖത്ത് നോക്കി…
എന്തോ കുഴപ്പം ഉണ്ടെന്നു അന്യോന്യം ഞങ്ങള്‍ പറയാതെ പറഞ്ഞു.
ആകാംഷയോടെ  എന്നാല്‍ അല്പം ശങ്കയോടെ.. കാത്തിരുന്നു..
എല്ലാം കണ്ടപ്പോള്‍.. കുട്ടികള്‍ക്ക് ആക്രാന്തം  പിടിച്ചു നിര്‍ത്താനായില്ല..
അവര്‍ അമ്മയെ വിളിച്ചു.., കാത്തിരുന്നു.., പിനെയും പലവട്ടം…
ഒടുവില്‍ അവരുടെ അമ്മ എത്തി…, എല്ലാരും ഇരുന്നിട്ട് വേണം..
ഒരു കാര്യം  പറയാന്‍ ന്ന് ഞാന്‍ വിചാരിച്ചു..അവള്‍ എന്തോ പറയാന്‍ ഭാവിച്ചു തന്നെ …
“നയന ഭോജനം ഒരു രേഖ ചിത്രം പോലെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കും..,”
അത് കൊണ്ട് ആദ്യം എല്ലാരും വിശദമായി കാണുക., എല്ലാ വിഭവങ്ങളും..
ഇനി എല്ലാര്‍ക്കും തുടങ്ങാം.,അവള്‍ പറഞ്ഞു.  ആശ്വാസമായി, എല്ലാരും  പതിവ് പോലെ
ഭക്ഷണം കഴിച്ചു, തമാശകള്‍ പൊഴിച്ചു., എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍
ഭാര്യയുടെ ഒരു ഉത്തരവ് കൂടി വന്നു, എല്ലാരും ഒന്ന് കേള്‍ക്കുക..
ഞങ്ങള്‍ കാതോര്‍ത്തു…, അതേയ്.. നാളെ മുതല്‍ അരിയാഹാരം ഇല്ല,,
നിക്ക് വയ്യ..,  ഈ വിഷം എല്ലാം കൂടി  പാകം ചെയ്തു നിങ്ങളെ തീറ്റിക്കാന്‍..!
സ്തബ്ദരായി  ഇരിക്കുന്ന കുട്ടികള്‍, വിഷമം മുഴുവന്‍ മുഖത്ത്  കാട്ടി വയസ്സായ   അച്ഛനും അമ്മയും
ഇതിനിടയില്‍  ഒന്നും പറയാനാകാതെ പാവം ഞാനും.. ഈശ്വര.. എന്ന് പ്രാര്തിക്കാനേ  കഴിഞ്ഞുള്ളു..
നിങ്ങളും വായിച്ചില്ലേ…ആ ആഹുലുവലിയ പറഞ്ഞത്.., കേരളത്തില്‍ ഇനി കൃഷി വേണ്ടാന്നു..
എല്ലാരും ഫാക്ടറി തുടങ്ങാന്‍.., അപ്പൊ ഇനി തമിഴന്റെയും തെലുങ്കന്റെയും അരീം  പച്ചക്കറീം വേണം ഞാന്‍ ഉണ്ടാക്കാന്‍..
എനിക്ക് വയ്യ   ആ വിഷം എല്ലാം.., അവളുടെ തൊണ്ട ഇടറി.., കണ്ണീര്‍ പൊഴിയാന്‍ തുടങ്ങി.,
ഞാന്‍ സമാധാനിപ്പിച്ചു.., സാരം ഇലല്യ എന്തെകിലും പരിഹാരം ഉണ്ടാവതിരിക്കുവോ …
അവള്‍ ചീറി, ദൈവമേ…ഓ..നിങ്ങളും ഒരു സമാധാനവും..
കൃഷി വേണ്ടെന്നു പരസ്യായ് പറഞ്ഞു അയാള്..,ആ ഉലു വാലിയ.,  പക്ഷെ , ഇനി പാചകം വേണ്ടാന്നല്ലേ
മ്മടെ പ്രധാനമന്ത്രി പറയാതെ  പറഞ്ഞത്..? വര്‍ഷത്തില്‍ ആറ്‌ സിലിന്ടെര്‍ തരൂള്ളൂ ന്ന്  …
ഈ 6 സിലിന്ടെര്‍  ഒരു വര്ഷം കിട്ടിയാല്‍ അത് ചായേം കാപ്പീം ഉണ്ടാക്കാന്‍ പോലും തികയില്ല  ..
അപ്പൊ ഇനി മ്മളെല്ലാം കിന്റുക്കി യിലും, കെ എഫ് സി യിലും പോയി കഴിച്ചോളാന്‍ ന്നല്ലേ അവര് പറേണതു  .
അമേരിക്കന്‍ കമ്പനികള്‍ക്ക്  ലാഭം., എനിക്കും ലാഭം ഈ അടുക്കളേല്‍ ചിലവഴിക്കുന്ന സമയം വല്ല ഓഫിസിലും
ജോലി ചെയ്താല്‍ കാശു എത്ര കിട്ടൂന്ന് അറിയ്യ്വോ  ഇങ്ങക്കെ..,, നെല്‍കൃഷി വേണ്ടാന്നു പറഞ്ഞപ്പോ
ആര്നമുള വിമാന താവളം വന്നോട്ടെ , നെല്ല് വേണ്ടാന്നല്ലേ പറഞ്ഞത്.., ഇവിടെ പാടത്ത്‌ പണിയാന്‍ ആള് കിട്ടില്ലാന് അലുവാലിയയ്ക്ക് അറിയാം..
ഇങ്ങക്ക് അറിയില്ല.., പാടത്തു പണിതിരുന്നോരെ ഒക്കെ തൊഴിലുറപ്പ് കൊടുത്ത് വഴിയരികില്‍ പുല്ലു കാണാന്‍ നിര്‍ത്തിയ  പുത്തി .., ഇങ്ങക്ക് മനസ്സിലായില്ലെങ്കില്‍ ..
ഹാ കഷ്ട്ടം.., ഇത് പരയാനാരുന്നു.., ഇപ്പൊ മനസ്സിലായോ സാഹിത്യ കാരാ,, അവള്‍ എന്നെ ശരിക്കും കളിയാക്കുകയാണെന്നു എനിക്ക് മനസ്സിലായി…
എന്ത് പറയാന്‍.., ? സത്യമല്ലേ…,
അതേയ് ഇന്നത്തെ  ലഞ്ച് ലാസ്റ്റ് ലഞ്ച്.. നാളെ മുതല്‍.. എല്ലാം പാക്കെറ്റില്‍  കടയില്‍ നിന്ന് വാങ്ങി കഴിച്ചോളണം..
അത്യാവശ്യം കൊതി വന്നാല്‍ ഷവര്‍മ വാന്ഘിച്ചോളൂ  .. ന്നാലും ഈ അടുക്കളയില്‍ ഇനി ചായേം കാപ്പീം അല്ലാതെ ഒന്നും ഉണ്ടാകില്ല ട്ടോ..
അതാ ഇന്നത്തെ ഊണ് കുശാല്‍ ആക്കിയത്.., ദൈവമേ ഈ ഹര്‍ത്താല്‍ വേണ്ടായിരുന്നു ന്നെ ഇപ്പൊ തോന്നി…
പക്ഷെ ..,
ഉച്ചയൂണിന്റെ ആലസ്യത്തില്‍ ഒന്ന് മയങ്ങാന്‍ കിടന്ന എന്റെ അടുത്ത് അവള്‍ വന്നു…
ന്റെ ദേവി..,,
ഞാന്‍ മസില് പിടിച്ചു കിടന്നു .., ഒരു തരം നിസ്സംഗ ഭാവത്തില്‍ ..
അവള്‍ ന്റെ താടി പിടിച്ചു അവള്‍ക്കു നേരെ തിരിച്ചു.., കവിളത്ത് മെല്ലെ തലോടി…പിന്നെ ഒരു ഉമ്മ..
ഞാന്‍ നാണിച്ചു പോയി.., ഈ പകല്…, അതും ഈ പ്രായത്തില്‍.. ഇശ്ശോ..
അവള്‍ വിട്ടില്ല.. ഇത്ര നേരം സംഹാര രുദ്ര ആയിരുന്നവള്‍ കിളി മൊഴിയില്‍  ചോദിക്കുന്നു…
അതേയ്..,
ഹും എന്താ..?
അതേയ്…, ങ്ങള് ന്നാല് ഒരു സ്വപനം കണ്ടില്ലേ..
ഏത് സ്വപ്നം..?
അല്ലാ കുടവയറന്മാര്‍ക്ക് ഒരു കാപ്സുള്…!
അത് ശരിയാ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു..
 ആഹാരത്തിനു  പകരം ഊര്‍ജവും കലോറിയും വിറ്റാമിനും ഒക്കെ പാകത്തിന്  ചേര്‍ത്ത ഒരു തരം..കപ്സ്യുള്..
അവള്‍ പിന്നെയും തുടര്‍ന്നൂ..മ്മക്ക് ആ ഫാക്ടറി തുടങ്ങിയാലോ..
രാവിലെ ബ്രേക്ക്‌ ഫാസ്ടിനു പകരം രണ്ടോ മൂന്നോ .കപ്സ്യുള്…., ഉച്ചയ്ക്കും വൈകിട്ടും ഒക്കെ .കപ്സ്യുള്..
അപ്പൊ  കൊലെസ്ട്രോള്‍, ഷുഗര്‍, ഒന്നും ഉണ്ടാവില്ല , കുട വയര്‍  ഉണ്ടാവില്ല… അടുക്കളയില്‍ കരിയിലും പുകയിലും  ജീവിത ഹോമിക്കേണ്ട..
ഒഹ്ഹ.., അതൊക്കെ സ്വപ്നം അല്ലെ കുട്ടിയെ , നടപ്പുള്ള കാര്യാണോ.., ഒന്നുറങ്ങാനുള്ള ത്വരയോടെ.. പറഞ്ഞു നിര്‍ത്തി..
ഇങ്ങളല്ലേ  ഇന്നാളു പറഞ്ഞത്.., പ്രതിഭകള്‍ക്ക് സ്വപ്നം കാണാന്‍, കഴിയണം.., കാണുന്ന സ്വപ്നങ്ങള്‍ പ്രാവര്‍ത്തിക മാക്കാന്‍ ശ്രമിക്ക​ണം ന്ന്..
നിങ്ങളല്ലേ ന്റെ പ്രതിഭ..,, വേറെ ആര്‍ക്കും ഇത്തരം ഒരു ഐഡിയ യും സ്വപ്നോം കാണില്ല..,
മ്മടെതാവട്ടെ ആദ്യത്തെ ഫാക്ടറി.. എന്തേ…?
കഷ്ട്ടം ..,  ഈ  ഹര്‍ത്താല്‍  നേരത്തെ  വന്നിരുന്നെകില്‍ ..,ഈ ബുദ്ധി ന്റെ ഭാര്യക്ക് നേരത്തെ  ഉണ്ടായിരുന്നെന്ക്കില്‍  ..
എമെര്‍ജിംഗ് കേരളയില്‍ വെയ്ക്കാംആയിരുന്നൂ..എന്നാലോചിച്ച് ഞാനുറങ്ങിപ്പോയെങ്കിലും
 കണ്ണുകള്‍ മിഴിച്ചു തന്നെ കിടന്നിരുന്നൂ ന്ന് പറഞ്ഞു കുട്ടികള്‍ കളിയാക്കുന്നത് കേട്ടാണ് പിന്നീടുനര്‍ന്നത്‌…!
അപ്പോഴും ലാസ്റ്റ് ലഞ്ചിന്റെ പേടി വിട്ടു  മാറിയിരുന്നില്ല……!

Leave a Reply