ഗുരോ നമിക്കുന്നു..!

എന്തെല്ലാമാണ് ഇവിടുത്തെ മാദ്ധ്യമങ്ങള്‍ വിളമ്പിയത്..? അങ്ങ് ആകെപ്പാടെ ഒറ്റപ്പെടുന്നു..,( ഐ) ഗ്രൂപ്പ് കാര്‍ പോര്‍ വിളിക്കുന്നു, (എ) ഗ്രൂപ്പില്‍ നിന്ന് തന്നെ ഒറ്റപ്പെടുന്നു, ഇപ്പോള്‍ കെ സി ജോസെഫും ആന്റോ ആന്റണി യും മാത്രമേ കൂടെയുള്ളൂ, ആന്റണി കൈയൊഴിഞ്ഞു, രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ചിരിക്കുന്നു, സോണിയയും ഒഴിഞ്ഞു മാറുന്നു.,ഗവര്‍ണര്‍ പോലും അങ്ങേയ്ക്കെതിരെ ഹൈക്കമാന്‍ഡ്നു റിപ്പോര്‍ട്ട്‌ അയക്കുന്നു.. എന്തിനേറെ; തങ്ങളോടു പോലും ആലോചിക്കാതെയാണ്പട്ടാളത്തെ വിളിച്ചത് എന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും എം എം ഹസനും പരാതികള്‍ പരസ്യമായി പറയുന്നൂ ., ആര്‍ ബാലകൃഷ്ണപിള്ള പണ്ടേ ഇടഞ്ഞതാണ്., ഒടിവില്‍ കേട്ടത് ലീഗും മാറി ചിന്തിക്കുന്നു, ഇനി കൊണ്ഗ്രെസ്സിനെ കാക്കുന്നില്ല, വേണ്ടി വന്നാല്‍ പാര്ളമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയത്രേ, എന്‍ എസ എസും എസ എന്‍ ഡി പിയും വാളെടുത്തു നില്‍ക്കുന്നു, ഇത്രയ്ക്കൊക്കെ ഒറ്റപ്പെട്ട അങ്ങയുടെ ആസന്നമായ വീഴ്ച കാണാന്‍ ഉള്ള കെല്‍പില്ലാതെ പുതുപ്പള്ളി പള്ളിയില്‍ എന്നും മെഴുകുതിരി കത്തിക്കുകയല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് മുന്‍പില്‍ ഇല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ കെ കരുണാകരനെയും ആന്റണിയെയും പണ്ട് ദ്രോഹിച്ചത് തിരിഞ്ഞ് കൊത്തുന്നു എന്നൊക്കെ, എന്തെല്ലാം ആണ് ദുഷ്ട്ടന്മാര്‍ എഴുതി പിടിപ്പിച്ചത്.

എന്നിട്ട് അങ്ങ് ഇളകിയോ ..? അങ്ങയുടെ മുന്‍പില്‍ ഇപ്പറഞ്ഞതെല്ലാം ‘തൃണം’ കണക്കെ ആയിരുന്നില്ലേ..?. അങ്ങയുടെ ചിരി കൂടുതല്‍ വിടരുകയും ശോഭാനമാവുകയും അല്ലെ ചെയ്തത്..?ദില്ലിയില്‍ ആന്റണി യെ കണ്ടിട്ട് ഇറങ്ങി വന്നപ്പോള്‍ മാത്രമാണ് അങ്ങയുടെ മുഖത്ത് അല്പം ജ്യാള്യത കണ്ടത്. പക്ഷെ പത്രക്കാരെ കണ്ടതോടെ അങ്ങ് അതും മാറ്റിയെടുത്തില്ലേ..? അങ്ങൊരു മഹാ സൂത്രശാലി തന്നെ.! അത്ഭുതപ്പെടുകയായിരുന്നു ഈയുള്ളവനെ പോലുളളവര്‍.., കണ്ടു പഠിക്കുകയായിരുന്നു..!

പിണറായി സഖാവും പന്നിയനും കോടിയേരിയും ഒക്കെ എന്ത് മാത്രം വീമ്പിളക്കി, മുഖ്യമന്തിയെ താഴെ ഇറക്കിയെ ഇനി അടങ്ങൂ എന്ന്…! ലക്ഷകണക്കിന് പോരാളികള്‍ തിരുവനന്തപുരത്തെത്തിയാല്‍ അങ്ങയെ അവര്‍ പുതുപ്പള്ളിക്ക് കെട്ട് കെട്ടിക്കും എന്നൊക്കെ..! ഒരു വിപ്ലവിത്തിനു തയ്യാറായി തിരുവനന്തപുരത്തേയ്ക്ക് യാത്രയായ സഖാക്കള്‍ക്ക് അഴിമതിയെ വെറുക്കുന്ന, അഴിമതി കണ്ടു സഹികെട്ട ജനങ്ങള്‍ പൂമാലയും ഓലപ്പനമ്പും പൊടിയരിയും ഉപ്പുമാങ്ങയും നല്‍കി യാത്രയയച്ചപ്പോള്‍ അങ്ങ് അനന്തപുരിയിലെ ചൂടുള്ള സിംഹാസനത്തില്‍ ഇരുന്നു ചിരിക്കുന്നത് ഈയുള്ളവന് കാണാമായിരുന്നു.

പാലായും കാഞ്ഞിരപ്പള്ളിയും തോടുപുഴയുമൊക്കെ വികസനത്തിന്റെ പേരില്‍ കെ എം മാണിയെയും പി ജെ ജോസെഫിനെയും പി സി ജോര്‍ജ്ജിനെയും ഒക്കെ കാലങ്ങളായി നിയമസഭയിലേക്ക് പറഞ്ഞു വിടുമ്പോള്‍ അത്തരം അവാകാശ വാദങ്ങളോ ഒരു നല്ലറോഡ്‌ പോലുമോ ഇല്ലാത്ത പുതുപ്പള്ളിയില്‍ നിന്ന് ദശാബ്ദങ്ങളായി ഈ ചിരി ഒന്നുകൊണ്ടു മാത്രം നിയമസഭയില്‍ എത്തുന്ന അങ്ങയുടെ കൌശലം ഞങ്ങള്ക്കല്ലെ അറിയൂ..! അഴിമതി നടത്തിയെന്നു പ്രതിപക്ഷം ആരോപിക്കുന്ന അങ്ങയുടെ പോക്കെറ്റില്‍ ഒരു ചില്ലിക്കാശു പോലും ഇന്നേവരെ നാട്ടുകാര്‍ കണ്ടിട്ടില്ല, ആരെയങ്കിലും സഹായിക്കണമെന്ന് തോന്നിയാല്‍ അടുത്ത് നില്‍ക്കുന്നവന്റെ പോക്കെറ്റില്‍ നിന്ന് നൂറു രൂപയെങ്കിലം എടുത്തു കൊടുക്കുന്ന അങ്ങയെ കുറിച്ച് ആര് എന്ത് അഴിമതി പറഞ്ഞാലും അത് വിശ്വസിക്കുവാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ..!

പട്ടാളത്തെ വിളിച്ചത് വെറുതെ പേടിപ്പിക്കാനായിരുന്നു എന്നാര്‍ക്കാണാവോ അറിയാത്തത്.? ഒരു ഗാന്ധിയനായ അങ്ങേയ്ക്ക് ഒരു ഉറുമ്പിനെപോലും നോവിക്കാന്‍ പറ്റില്ലെന്ന് ജനത്തിനറിയാം. പിന്നെ തിരുവനന്തപുരത്ത് സ്ത്രീ സമരക്കാരെ വരെ പുതുപ്പള്ളിയില്‍ നിന്ന്ഗുണ്ടകളെ ഇറക്കി മര്‍ദിച്ചു എന്നൊക്കെ പറയുന്നത് രാഷ്ട്രീയ ശതൃക്കളുടെ കുതന്ത്രങ്ങലാണെന്ന് അന്നേ ഞങ്ങള്‍ക്കറിയാമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ പട്ടാളവും തിരുവഞ്ചൂരിന്റെ പോലീസും കേരളത്തിലെ കരുത്തരായ വിപ്ലവകാരികളും തലസ്ഥാനത്ത് മുഖത്തോട് മുഖം കൊമ്പ് കോര്‍ക്കുമ്പോള്‍ കേരളം ചോരപ്പുഴയാകുമെന്നും കുറഞ്ഞപക്ഷം ഇതെല്ലാം കണ്ടു പേടിച്ച് അങ്ങ് പുതുപ്പള്ളിക്ക് ഓടിപ്പോകുമെന്നും ധരിച്ചവരെ അങ്ങ് എത്ര മനോഹരമായി ചിരിച്ചു പറ്റിച്ചു..?അവസാനം ആരാണ് പേടിച്ചോടിയത്.? അങ്ങ് അജയ്യനായി, തെളിയുന്ന വെയിലില്‍ കുളിര്‍മഴ പരത്തുന്ന [കുറുക്കന്റെ കല്യാണം എന്ന് നമ്മളൊക്കെ പറയുന്ന വെയിലും മഴയും] പോലെ വീണ്ടും ചിരിച്ചപ്പോള്‍ ഹൃദയം പൊള്ളിയത്‌ ആര്‍ക്കാണ്..?? പത്തു കോടിയുടെ സരിതോര്‍ജ്ജ അഴിമെതിക്കെതിരെ നടത്തിയ വിപ്ലവ അരങ്ങേറ്റത്തിന് പ്രതിപക്ഷം പിരിച്ചത് അതിലുമേറെ കോടികളാണ് എന്ന് അങ്ങ് പറയാതെ പറയുന്നത് കേട്ടപ്പോള്‍ നിഷ്പക്ഷരായ ആളുകള്‍ പോലും ചിരിച്ചു ശര്ധിച്ചു എന്നത് വേറൊരു സത്യം. ഒരു കാര്യം കൂടി ഓര്‍ക്കുമ്പോള്‍ ചിരിച്ചു മണ്ണ് കപ്പുന്നു. നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരുന്ന സമരങ്ങള്‍ക്കൊടുവില്‍ നടത്തിയ പ്രതിപക്ഷത്തിന്റെ ഈ ഒരു സമരം പ്രതിപക്ഷ നേതാവിനെ രണ്ടാം സ്ഥാനത്തെയ്ക്ക്യ്ക്ക് മാറ്റി നിര്‍ത്തി പിണറായി സഖാവാണ് നയിച്ചതെന്നതും സ്മരണീയമാണ്. ഉപകാരസ്മരണ പ്രതീക്ഷിക്കാത്ത അങ്ങ് അപ്പോഴും ചിരിച്ചു.

നഷ്ട്ടപ്പെട്ട ബംഗാളിന്റെ വിപ്ലവകാരികളെ ഇപ്പോള്‍ മമതയും മാവോയിസ്റ്റുകളും കൈകാര്യം ചെയ്യുന്നതിനേക്കാള്‍ മനോഹരമായി, യാതൊരു വിധ വേദനയും പോള്ളലുകളും ഏല്‍പ്പിക്കാതെ കൈകാര്യം ചെയ്തത് കണ്ടപ്പോള്‍ ഈയുള്ളവനും വെറ്റിലയും പാക്കും കയ്യിലെടുത്ത്. അങ്ങയുടെ കാല്‍ക്കല്‍ ദക്ഷിണ വെച്ച് സാഷ്ടാംഗം പ്രണമിച്ചു സമകാലിക കേരളത്തിലെ രാഷ്ട്രീയ ചാണക്യന്റെ ശിഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായി നില്‍ക്കുന്നു.

ഇത്രനാളും ‘ഉമ്മന്‍ ചാണ്ടി’ എന്നും പിന്നെ പിന്നെ ‘കുഞ്ഞൂഞ്ഞ്ച്ചായ’ എന്നുമൊക്കെ വിളിച്ചു ശീലിച്ച ഈയുള്ളവന്റെ അപരാധം പൊറുക്കാന്‍ കനിവ് കാട്ടണമേ..!! ഇനി ‘ഗുരു’ എന്ന് മാത്രമേ ഈയുളളവന്‍വിളിക്കൂ എന്ന് ഇതാ പ്രതിഗ്ഞ എടുക്കുന്നു, സാക്ഷാല്‍ ചാണക്യമാമുനിക്ക് പോലും അപരിചിതമായ കൌശലങ്ങളുടെ രാജാവേ.., ഒറ്റക്യ്ക്ക് നിന്നുംകരുത്ത് തെളിയിച്ച മഹാഗുരുവേ …,

അനുഗ്രഹിച്ചാലുംപ്രഭോ..! ഈയുള്ളവനെ കൂടി ശിക്ഷ്യനായി സ്വീകരിച്ചാലും.!

Leave a Reply