ആറന്മുള വിമാനത്താവളം വേണ്ട…ണം..!

'കോഴിത്തോട്', നികത്തുന്നതിനു മുന്‍പ്..!

‘കോഴിത്തോട്’, നികത്തുന്നതിനു മുന്‍പ്..!

വിമാനം കണ്ടുപിടിച്ചത് റൈറ്റ് ബ്രദര്‍സ് ആണെന്ന് വിവരം ഇല്ലാത്തവര്‍ പറയുന്നുണ്ട്. എന്നാല്‍ മനുഷ്യരാണോ അതോ അതോ രാക്ഷസരാണോ വിമാനം കണ്ടുപിടിച്ചത് എന്ന സന്ദേഹം പോലും എനിക്കില്ല. രാക്ഷസര്‍ തന്നെ. ഭൂമിയിലെ പാവം ജീവികളുടെ പുറത്തു ഏറി ലോക സഞ്ചാരം നടത്തുവാന്‍ അന്നും നമ്മുടെ ദേവ ദേവതകള്‍ക്ക് അറിയാമായിയുരുന്നു. ഇത് പ്രകൃതി സ്നേഹം ആയിരുന്നോ അതോ പ്രകൃതി വിരുദ്ധം ആയിരുന്നോ എന്നും ചിന്തിക്കാറുണ്ട് ചിലപ്പോള്‍. പോത്തിന്റെയും കാളയുടെയും പുലിയുടെയും സിംഹത്തിന്റെയും ഒക്കെ പുറത്തുള്ള സഞ്ചാരം പിന്നെയും മനസ്സിലാക്കാം, എന്നാല്‍ എലിയുടെയും പഴുതാരയുടെയും ഒക്കെ പുറത്ത് സഞ്ചരിച്ചിരുന്നൂ എന്നത് അത്ഭുതപ്പെടുത്തുന്നു. അതെ സമയം രാവണന്‍ എന്ന രാക്ഷസനോട് ആദരവ് തോന്നാന്‍ കാരണം അദ്ദേഹം പുഷ്പക വിമാനം കണ്ടുപിട്ച്ചു അതില്‍ സഞ്ചരിക്കുന്നത് കണ്ടത് മുതലാണ്‌. ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കാതെ സ്വന്തമായി കണ്ടു പിടിച്ച അത്തരം ഒരു വാഹനം ഇന്നും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. ദേവന്‍മാര്‍ക്ക് പോലും. അതും എത്രയോ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്.

ഇപ്പോഴും വിമാനം വേണോ, വിമാനത്താവളം വേണോ എന്നൊക്കെ നമുക്ക് തര്‍ക്കമാണ്. രാമനും സീതയും മറ്റും ഒളിവില്‍ താമസിച്ചിരുന്നത് നമ്മുടെ ഇടുക്കിയിലോ പതനം തിട്ടയിലോ ഒക്കെ ആയിരുന്നുവോ എന്ന സംശയവും ഇല്ലാതില്ല., സീതയേയും കട്ട് കൊണ്ട് പുഷപ്ക വിമാനത്തില്‍ പോയ രാവണനെ തിരെ യുദ്ധം ചെയ്ത ‘ജടായു’ എന്ന പക്ഷിയുടെ ചിറകരിഞ്ഞു വീഴ്ത്തിയ സ്ഥലമാണത്രേ ”ജടായു മംഗലം’, ഇപ്പോഴത്തെ ‘ചടയമംഗലം.’ ചിറകരിയപ്പെട്ട ജടായു വീണ പാറ ഇപ്പോഴും അവിടുണ്ട് .ആ പാറയുടെ മുകളില്‍ നമ്മുടെ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു ഉചിതമായ സ്മാരകം പണിതുയര്തിക്കൊണ്ടിരിക്കുന്നു. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണനും വടക്കേ ഇന്ത്യ വിട്ടു ഗുരുവായൂരില്‍ സ്ഥിര താമസമാക്കിയെങ്കിലും പാര്‍ത്ഥസാരഥിക്കു പറ്റിയ ആസ്ഥാനം ആറന്മുളയിലാണ് കണ്ടെത്തിയത്. ആറന്മുളയുടെ പ്രശസ്തി അപ്രകാരം പൌരാണിത കയുടെത് കൂടിയാണ്. രാമനെ വരവേറ്റ ‘ശബരി’ ശബരിമലയില്‍ ആയിരുന്നു. ശ്രീരാമാലക്ഷ്ണനമാര്‍ പാര്‍ക്കുന്ന നാലമ്പലങ്ങളും കോട്ടയം പത്തനംതിട്ട ജില്ലകളില്‍ തന്നെ. എന്തുക്കൊണ്ടും പൌരാണികതയുടെ മാറാപ്പും പേറി സന്തോഷചിത്തരായി ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേയ്ക്കു ആണു നമ്മുടെ കലമണ്ണിലെ അവറാച്ചന്‍ ചേട്ടന്‍ ഒരു എഞ്ചിനീയറിംഗ് കോളേജുമായി വന്നത്. കോളേജ് കടമ്മനിട്ടയില്‍ സ്ഥാപിക്കുകയും ചെയ്തു.

'കോഴിത്തോട്'  നികത്തിയുണ്ടാക്കിയ റണ്‍വേ, ഇപ്പോള്‍ സമരക്കാര്‍ കയ്യേറി താമസം തുടങ്ങിയപ്പോള്‍..!

‘കോഴിത്തോട്’ നികത്തിയുണ്ടാക്കിയ റണ്‍വേ, ഇപ്പോള്‍ സമരക്കാര്‍ കയ്യേറി താമസം തുടങ്ങിയപ്പോള്‍..!

നാട്ടുകാര്‍ സന്തോഷത്തോടെ അത് നെഞ്ചിലേറ്റി. പത്തനം തിട്ടയിലാണ് വീടെങ്കിലുംതാമസം മദിരാശിയിലും ദില്ലിയിലും ഒക്കെ ആയ അദ്ധേഹത്തിന്റെ സ്വപ്നമായിരുന്നു ഒരു ‘ഹെലികോപ്റെര്‍ സ്ട്രിപ്’.കടമ്മനിട്ടയില്‍ നിന്നും വെറും പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ദശാബ്ദങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന പുഞ്ചപ്പാടം അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതും അങ്ങിനെയാണ്. തന്റെ കോളേജിലേയ്ക്ക്‌ വരുവാനും പോകുവാനും സൌകര്യപ്രദവും. അഞ്ഞൂറും ആയിരവും ഒക്കെ സെന്റിന് വിലകൊടുത്താല്‍ കിട്ടുന്ന സ്ഥലം. പത്തോ മുപ്പതോ ഏക്കര്‍ മാത്രം ആവശ്യമുള്ള ഒരു കുഞ്ഞു സ്വപ്നം. അദ്ധേഹത്തിന്റെ സ്വന്തം പുഷ്പകവിമാനം ഇറക്കാനും ഉയര്‍ത്താനും ഉള്ള ആഗ്രഹം. ആഗ്രഹങ്ങളാണ് ബിസിനസ്‌ കാരന്റെ ശക്തി. ആഗ്രഹിക്കുക പിന്നീടത്‌ നേടിയെടുക്കുക.

ദില്ലിയിലേയ്ക്ക് എ കെ അന്തോണിയെ കേട്ടു കേട്ടിച്ചതിനു ശേഷം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ആദ്യം ഒപ്പിട്ട ഫയലും അത് തന്നെ. പിന്നീടു എല്ലാം തന്ത്രപ്രരമായിരുന്നു. അവറാച്ചന്‍ അച്ചായന്റെ സ്വപ്നം തളിരിട്ടു. ആരും ശ്രദ്ധിച്ചില്ല, അദ്ദേഹം കുറച്ചു പുഞ്ചപ്പാടം വാങ്ങി, അതില്‍ ചിന്ന വിമാനം ഇറക്കാന്‍ പറ്റിയ ഒരു റണ്‍വേ യും ഉണ്ടാക്കി. അങ്ങിനെ ഒരു നാടിന്റെ ജലസ്രോതസ്സായ ”കോഴിത്തോട്’ ജീവനോടെ കുഴിച്ചു മൂടപ്പെട്ടു. അപ്പോഴും ജനം അത്ര കാര്യമാക്കിയില്ല. സ്ഥലം എം എല്‍ എ ആയിരുന്ന എം രാജഗോപാലും ഇക്കാര്യത്തില്‍ അതീവ താത്പര്യം കാട്ടി. ഒരു എയര്‍പോര്‍ട്ട് വന്നാല്‍ അത് എം എല്‍ എ ക്കു ഒരു ക്രെഡിറ്റ്‌ അല്ലെ. നിരുപദ്രവകരമായ അത്യുത്സാഹം അദ്ധേഹത്തിനുമുണ്ടായി. അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു ഈസി വാക്കോവര്‍ സ്വപ്നം കാണാന്‍ ഏതു എം എല്‍ എ ക്കാണ് വിമുഖത ഉണ്ടാവുക…? ചതി അറിയാത്ത ‘പാവം അന്നത്തെ മുഖ്യമന്ത്രി’ വി എസ നോടും കാര്യം അവതരിപ്പിച്ചു. പെട്ടെന്ന് ഒന്നും ഇളകാത്ത, എന്നാല്‍ ആശ്രിത വത്സലനായ വി എസ, മുഖ്യമന്ത്രി എന്ന നിലയില്‍ അവസാനം ഒപ്പിട്ട ഫയല്‍ ആറന്മുള വിമാനത്താവളത്തിനു വേണ്ടി കലമണ്ണിലെ അച്ചായന്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളെല്ലാം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു.

അപ്പോഴേക്കും ജനം കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു. മുപ്പതു ഏക്കര്‍ മതിയാവും എന്ന് പറഞ്ഞ അച്ചായന്‍ മുന്നൂറു ഏക്കറിലധികം വാങ്ങി കൂട്ടുന്നത്‌ കണ്ടപ്പോള്‍ അവര്‍ ചിന്തിക്കാന്‍ തുടങി. അതോ, നിസ്സാര വിലയ്ക്ക് ഭൂമി വാങ്ങി അച്ചായന് കൊടുത്തിട്ട് ഭീമമായ തുക കമ്മീഷന്‍ വാങ്ങി സുഖിക്കുന്ന എജെന്റ്മാരെ കണ്ടു കുശുമ്പ് തോന്നിയിട്ടാണോ എന്നും പറയാന്‍ വയ്യ. മലയാളക്കരയല്ലേ.? രണ്ടായാലും ഉടനെ വന്ന തിരഞ്ഞെടുപ്പില്‍ സ്ഥലം എം എല്‍ എ എം രാജഗോപാല്‍ ‘പച്ച’ തപ്പിയില്ല. നാട്ടുകാര്‍ വോട്ടിലൂടെ കൈകാര്യം ചെയ്ത് ആ നാമം കോഴിത്തോടിനോപ്പം ഒരു സ്മരണയാക്കി.

ഇത്രയും ഒക്കെ സംഭവിക്കാനും ജനത്തിന് കാര്യങ്ങള്‍ മനസ്സിലാക്കാനും ഏതാണ്ട് രണ്ടു ദശാബ്ദക്കാലം വേണ്ടി വന്നൂ എന്നത് സ്മരണീയം.

കോണ്‍ഗ്രസ്സും സി പി എമ്മും അനുകൂലിച്ച , അനുമതി നല്‍കിയ ഒരു പദ്ധതിയെ ഇനി ആരാണ് എതിര്‍ക്കുക.;? ആറന്മുള കണ്ണാടിക്കു അത്യാവശ്യമായ പ്രത്യേക തരം കളിമണ്ണ് ഉള്ള ആ പുഞ്ചപ്പാടങ്ങള്‍ നികത്തപ്പെടുന്നത് പാവം ആറന്മുളക്കാര്‍ കണ്ണീരോടെ നോക്കി നിന്നു.. ഒരു നാടിന്റെ ജലസ്രോതസ്സിനെ നിലനിര്‍ത്തിയിരുന്ന പുഞ്ചപ്പാടം. പാര്‍ത്ഥസാരഥിക്കു നിത്യനിദാനത്തിനു പതിച്ചു കൊടുത്ത നെല്‍പ്പാടം അന്യമാകുന്നത്‌ കണ്ടു പാര്‍ത്ഥ സാരഥിയുടെ കണ്ണുകളും ഈറനണിഞ്ഞു. അത് പമ്പയാറ്റില്‍ ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ അപര്യാപ്തവുമായിരുന്നു.

പന്തികേട്‌ മനസ്സിലാക്കിയവരില്‍ നിലക്കല്‍ ഫയിം ശ്രീ കുമ്മനം രാജശേഖരനും ബി ജെ പി ക്കാരും പ്രകൃതി സ്നേഹികളെന്നു എപ്പോഴും വിളിച്ചു പറയുന്ന സി പി ഐ ക്കാരും ഒക്കെ രംഗത്ത് വന്നു. ആറന്മുളക്കാരിയായ സുഗതകുമാരി ടീച്ചറും, സി ആര്‍ നീലകണ്ഠനും അടക്കം പ്രകൃതി സ്നേഹികള്‍ എല്ലാവരും ഇപ്പോള്‍ ഒത്തു കൂടിയിരിക്കുന്നു. ഇനി ഒഴിവാകാന്‍ ആകില്ല എന്ന് ബോദ്ധ്യമായ എല്ലാപാര്‍ട്ടിക്കാരുംജാള്യതയോടെയെങ്കിലും അടുത്തും അകന്നും സാന്നിദ്ധ്യം അറിയിക്കുന്നു.

ഇനിയാണ് കഥ.
ആറന്മുളക്കാര്‍ ചിരിക്കുന്നു രഹസ്യമായി..,!
എന്തെ സര്‍,..?
എന്തെ ചേട്ടാ…?

എന്റെ സാറേ.,
ഈ കെ ജി എസ ഗ്രൂപ്പ് എന്ന് പറയുന്നതിന്റെ പിന്നില്‍ ദില്ലിയിലെ വമ്പന്‍മാര്‍ അല്ലെ..? ഇവരെ എങ്ങിനെ തടയാന്‍ പറ്റും..?
ലോക കൊടീശ്വരന്മാരിലെ മുന്‍പനായ ഇന്ത്യാക്കാരനും ഇതില്‍ അതീവ താത്പര്യമില്ലെ., നോക്കൂ അനുമതികളെല്ലാം പട പടാന്നല്ലേ വരുന്നത്..?

ഇവരെ എതിര്‍ക്കാനും രാഷ്ട്രീയക്കാര്‍ക്ക് ആവില്ല., അല്ലെ തന്നെ ഇപ്പൊ നോക്കൂ, എയര്‍പോര്‍ട്ട് വിഷയം ആണു ഒരാള്‍ക്ക്‌ സ്ഥാനാര്‍ഥിത്വം നേടികൊടുത്തത്. അത് എയര്‍ പോര്‍ട്ട്‌ വേണം എന്ന ദില്ലി താത്പര്യം. എയര്‍പോര്‍ട്ട് വിഷയം അല്ലെ മറ്റേ പുള്ളിക്കാരനും കുടുംബത്തീന്നു ഇറങ്ങിപ്പോരാനും സ്ഥാനര്തിയാകാനും ഒക്കെ യോഗം ഉണ്ടാക്കിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എതിര്‍ത്താലും എയര്‍ പോര്‍ട്ട്‌ വരും ഉറപ്പു.

അല്ല, ഈ എയര്‍പോര്‍ട്ട് നു ചെറുവള്ളി എസ്റ്റേറ്റ്‌ ലും ചങ്ങനാശേരിയിലും ഒക്കെ സ്ഥലം കൊടുക്കാമെന്നു പറയുന്നുണ്ടല്ലോ, അങ്ങോട്ട്‌ മാറ്റിക്കൂടെ..?

അതിനിത്തിരി പുളിക്കും സാറേ.., ഇത് സര്‍ക്കാര്‍ വിഷയം അല്ലല്ലോ, അച്ചായന് എയര്‍പോര്‍ട്ട് വേണം., ഇപ്പൊ ‘ ഹെലികോപ്റെര്‍ സ്ട്രിപ്’ എന്ന കുഞ്ഞു ആഗ്രഹം, അന്താരാഷ്‌ട്ര വിമാനത്താവളം എന്ന വലിയ കച്ചവട താത്പര്യത്തിലെയ്ക്ക് കടന്നില്ലേ..?അഞ്ഞൂറിലും ആയിരത്തിലും ഒക്കെ പുഞ്ചാപ്പാടം വാങ്ങി തുടങ്ങിയിട്ട് ഇപ്പോഴും അത് പതിനഞ്ചോ ഇരുപതോ ഒക്കെ ആയിരങ്ങല്‍ക്കല്ലേ വാങ്ങി ക്കൂട്ടുന്നത്. ചെറുവള്ളിയിലും ചങ്ങനാശേരിയിലും ഒക്കെ എത്ര ലക്ഷം കൊടുത്താലാ ഒരു സെന്റ്‌ ഭൂമി കിട്ടുന്നത്.?

സാര്‍ എന്താ വിചാരിക്കുന്നത്., അച്ചായന് എന്താ തലയ്ക്കു കാച്ചില് ഉണ്ടോ..?
ദില്ലി ഭരണകൂടത്തെ പിന്നില്‍ നിന്നും നിയന്ത്രിക്കുന്ന ശക്തികള്‍ക്കും ഇക്കാര്യത്തില്‍ താത്പരയം ഉണ്ടെന്നു ആര്‍ക്കാ മനസ്സിലാക്കാന്‍ കഴിയാത്തത്..?

അതെ അതാണ്‌ വിഷയം.!
ഇനി എയര്‍പോര്‍ട്ട് വേണമോ, അത് എവിടെ വേണം എന്നൊക്കെ ആര് തീരുമാനിക്കും..?
ഈ സമരത്തിന്റെ ഗതി എന്താകും..?

അതൊന്നും ചിന്തിച്ചു തല പുണ്ണാക്കണ്ട സാറേ.., വിമാനത്താവളം വന്നില്ലേലും അച്ചായന് ലാഭം.!

ങേ..? അതങ്ങിനെ..?
ഇപ്പൊ വാങ്ങിക്കൂട്ടി നികത്തിയെടുത്ത സ്ഥലത്തിന്റെ മൂല്യം എത്രയാ..? ആയിരക്കണക്കിന് കോടികള്‍..! എയര്‍ പോര്‍ട്ട്‌ വന്നില്ലേലും അദ്ദേഹത്തിന് അത് വില്കാം.,

അപ്പോഴും കാശ് എത്രയാ വരിക..? കച്ചവടം പഠിക്കണം സാറേ., കച്ചവടം പഠിക്കണം..!

ഞാന്‍ തല താഴ്ത്തി. അമ്മാവന്റെ പാദങ്ങളില്‍ തൊട്ടു നമസ്കരിച്ചു.

One Response to “ആറന്മുള വിമാനത്താവളം വേണ്ട…ണം..!”

  1. അജയ് മേനോന്‍ Says:
    March 26th, 2014 at 7:18 am

    ഹാസ്യത്തില്‍ പൊതിഞ്ഞ സത്യം

Leave a Reply