കഷണ്ടിപുരാണം…!!

വിവാഹം കഴിഞ്ഞു ഏഴാം നാളില്‍ തന്നെ ഭാര്യാ സമേതനായി  ധാക്കയില്‍ തിരിച്ചെത്തി രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവിടുത്തെ സത്ക്കാരങ്ങള്‍. സത്കാരങ്ങല്‍ക്കെല്ലാം ഒടുവില്‍ ക്ഷീണം കൊണ്ടും സന്തോഷം കൊണ്ടും തളര്‍ന്നുറങ്ങിയ എന്നെ ചായയുമായി വിളിച്ചുണര്‍ത്തിയത്ത് കലാം എന്ന കുക്ക് ആണ്. ഭാര്യയ്ക്ക് വിളിച്ചുണര്‍ത്താന്‍ മടിയോ അതോ പേടിയോ..?, ആ ദൌത്യം അവള്‍ കലാമിനെ ഏല്പിച്ചതാണോ അതോ കലാം തന്റെ അവകാശം വിട്ടുകൊടുക്കഞ്ഞതാണോ എന്നറിയില്ല. കലാം എല്ലാ കാര്യത്തിലും കൃത്യ നിഷ്ഠയുള്ള ജോലിക്കാരനാണ് ഞാന്‍ തല ഒന്ന് തിരിച്ചാല്‍ അവനറിയാം എന്താണ് ഞാന്‍ നോക്കുന്നതെന്ന്.നിരക്ഷരനെങ്കിലും സൂക്ഷ്മപടു. എന്റെ കുക്ക്. ബംഗ്ലാദേശില്‍ ഭക്ഷണത്തിനായി ഒരുപാട് കഷ്ടപ്പെട്ട സമയത്ത് എന്നോടൊപ്പം കൂടിയ ആള്‍. [കലാമിനെകുറിച്ചു വിശദമായി എന്തെല്ലാം എഴുതാനുണ്ട്.]

ചായകുടിയും ക്ഷീണവും തീര്‍ത്തു ഭാര്യയെ വിളിച്ചു തലേന്ന് കിട്ടിയ സമ്മാനപ്പൊതികള്‍ അഴിച്ചു നോക്കാന്‍ തുടങ്ങി. വിലകൂടിയതും ഭംഗിയുള്ളതുമായ ഒരു പാട് സമ്മാനങ്ങള്‍. സത്കാരത്തില്‍ ധാരാളം വി ഐ പി കളും ഗാര്‍മെന്റ് ഫാക്ടറിഉടമകളും ഒക്കെ പങ്കെടുത്തിരുന്നു. ഒരു പൊതി അഴിച്ചപ്പോള്‍ വിലകൂടിയ വിദേശിയായ ഒരു ‘ഹെയര്‍ ഡ്രസ്സര്‍’. അത് കണ്ടയുടനെ “യ്യോ എനിക്കിതൊന്നും ശീലമില്ല എന്ന് നവവധു.” അവള്‍ക്കു ശീലമില്ലെങ്കിലും മ്മള് ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. കല്യാണം കഴിഞ്ഞു കേവലം പത്തുദിവസത്തിനുള്ളില്‍ എന്റെ കേമത്തം കാണിക്കാന്‍ പറ്റിയ ഒരവസരവും വിട്ടുകളയാന്‍ പാടില്ലല്ലോ..?

മെല്ലെ അതിന്റെ കവര്‍ എടുത്തു ഉപയോഗിക്കേണ്ട വിധം ഒക്കെ വിശദമായി വായിച്ചു മനസ്സിലാക്കി. ഉള്ളില്‍ ചിരി പൊട്ടുകയായിരുന്നു. നല്ല വിദ്യാഭ്യാസവും അല്പം സൌന്ദര്യവും ഉള്ള നാട്ടിന്‍പുറത്ത്കാരിയായ ഒരു പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയില്‍ ഏതാണ്ട് അഞ്ചു കൊല്ലത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ ‘പവിഴം’ ആണ് എനിക്ക് അപ്പോള്‍ ഭാര്യ. അന്നത്തെ സാഹചര്യത്തില്‍ ഒരു പാട് ഔന്നത്യങ്ങളില്‍ നിന്നും വിവാഹ ആലോചനകള്‍ വന്നുവെങ്കിലും , പ്രായമായിക്കൊണ്ടിരിക്കുന്ന അച്ഛനമ്മമാരെയും സഹോദരിമാരെയും ഒക്കെ മനസ്സില്‍ ഓര്‍ത്തപ്പോള്‍ മുന്തീരുമാനത്തില്‍ തന്നെ തീരുമാനത്തില്‍ ഉറച്ചു നില്കാനാണ് എന്കിക്ക് തോന്നിയത്. ഇപ്പോള്‍ ദെ ആദ്യത്തെ പരീക്ഷണഘട്ടം വന്നിരിക്കുന്നു.

ഇനി ഈ യന്ത്രം ഉപയോഗിക്കണം. ഫലത്തില്‍ ഭാര്യയുടെ തലയില്‍ ഉള്ളതിനേക്കാളും ഉള്ളും കറപ്പും ഒക്കെ എന്റെ തലമുടിയ്ക്കാണ് എന്ന ഒരു അഹങ്കാരത്തില്‍ ഈ യന്ത്രത്തിന്റെ വിജയകരമായ പരീക്ഷണം എന്റെ തലമുടിയില്‍ തന്നെ ആകാമെന്ന് ഉറച്ചു. ബാത്ത്റൂമില്‍ പോയി വിശദമായി ഷാമ്പൂ ഒക്കെഇട്ടു [ജീവിതത്തില്‍ ആദ്യമായി ഷാമ്പൂ ഇടുന്നതും അന്ന്] കുളിച്ച് വെളിയില്‍ വന്നു. തലമുടി രജനീകാന്ത് സ്റ്റൈലില്‍ കൈ കൊണ്ട് പിന്നോക്കം തട്ടിക്കൊണ്ട് ഭാര്യയോടു ശ്രദ്ധിച്ചോളണം എന്ന് പറഞ്ഞു യന്ത്രം പ്ലഗ്ഗില്‍ കുത്തി, ഒരുതരം ജയന്‍ സ്റ്റൈലില്‍ തലയിലേയ്ക്ക് ചൂട് കാറ്റ് അടിപ്പിച്ചു. സെക്കണ്ടുകള്‍ക്കുള്ളില്‍ തോര്‍ന്നുഭംഗിയായ മുടി കാണിച്ചു കൊണ്ട് അല്പം ഗമയില്‍ തന്നെ തട്ടി, ഈ എം എസ സി യ്ക്കൊക്കെ പഠിച്ചിട്ടു എന്താ കാര്യം.? ഇത് പോലും അറിയില്ല എന്നും കൂടി ഒരു കാച്ചു കാച്ചി.. [വെറും ബി കോം കാരനായ എനിക്ക് Msc. ക്കാരിയായ ഭാര്യയുടെ മനസ്സിനെ ഒതുക്കാനുള്ള അവസരവും വിട്ടുകളയാന്‍ പാടില്ലല്ലോ]. തന്റെ ഭര്‍ത്താവ് ബഹുകേമന്‍ ആണെന്നും ഒക്കെ അന്ന് വൈകുന്നേരം നാട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍ അവള്‍ അമ്മായിഅമ്മയോട് പറയുന്നത് കേട്ട എന്റെ സന്തോഷം എങ്ങിനെ പറയാന്‍.? അങ്ങിനെ വിവാഹത്തിന്റെ പത്താമത്തെ രാത്രിയും അതി മോനോഹരമായി എന്നിനി പ്രത്യേകം പ്രസ്ഥാവിക്കെണ്ടാതില്ലല്ലോ.???

പിറ്റേന്ന് രാവിലെ ഭാര്യ ചായയുമായി വന്നു വിളിച്ചുണര്‍ത്തി. എഴുന്നേറ്റ് ചായകുടിക്കാന്‍ ശ്രമിച്ച എന്റെ പിടലിയ്ക്ക് അസാമാന്യമായ വേദന. തലയ്ക്കു വല്ലാത്ത വിങ്ങല്‍., എന്ത് പറ്റിയെന്നറിയാതെ കണ്ണാടിയില്‍ നോക്കുമ്പോള്‍ പിടലി നീര് വെച്ച് വീര്‍ത്തിരിക്കുന്നു. കണ്ണുകള്‍ ചുവന്നിരിക്കുന്നു. പെട്ടെന്ന് ഒന്നും മനസ്സിലായില്ല.., ഭാര്യ പറഞ്ഞു തല്നീര് ഇറങ്ങിയതായിരിക്കും, അല്പം ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മതി. എന്ന്. എന്തായാലും ആ നീരും വേദനയും ഏതാണ്ട് ഒരാഴ്ചയില്‍ കൂടുതല്‍ ശല്യപ്പെടുത്തി. പ്രത്യേകിച്ചു മരുന്നൊന്നും കഴിക്കാതെ അത് മാറുകയും ചെയ്തു. [എന്നുപറഞ്ഞാല്‍ ധാക്കയില്‍ ഡോക്ടറെ കാണുക അല്പം റിസ്ക്‌ ഉള്ള പണിയാണ്. അത് പിന്നീട് എഴുതാം]

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തല ചീകിയാല്‍ ചീര്‍പ്പില്‍ നിറയെ മുടി കാണാന്‍ തുടങ്ങി. എണ്ണക്കേട്‌ ആയിരിക്കും എന്ന് വിചാരിച്ചു നാട്ടില്‍ നിന്ന് കൊണ്ടുവന്ന കാച്ചിയ എണ്ണ തേച്ചു പരിഹാരം തേടാനായി അടുത്ത ശ്രമം. ഒരു കുറവുമില്ല. മുടികൊഴിച്ചില്‍ ശീഖ്രഗതിയിലായി. പലേ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നത് കാരണം വെള്ളത്തിന്റെ ദോഷം മൂലം ആയിരിക്കുമെന്ന നിഗമനമായി പിന്നീട്. അപ്പോഴാണ്‌ പെട്ടെന്ന് ‘ഹെയര്‍ ഡ്രസ്സര്‍’ പ്രയോഗം ചിന്തയില്‍ വന്നത്. വേഗം തന്നെ ‘ഹെയര്‍ ഡ്രസ്സര്‍’ എടുത്തു ഒന്നുകൂടി പരിശോദിച്ചു. അന്നത്തെ വീരപ്രകടനതിന്റെ അനന്തരഫലമായി ഉണ്ടായ ഭാഗ്യമാണ് ഈ കഷണ്ടി ലക്ഷണം എന്ന് ഞങ്ങള്‍ രണ്ടാളും ഒരു നിഗമനത്തിലെത്തി. പിന്നീട് ബാര്‍ബര്‍ ഷോപ്പില്‍ പോയപ്പോള്‍ അവര് ഈ യന്ത്രം ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു. യന്ത്രം ചെരിച്ചു പിടിച്ചു ചൂട് കാറ്റ് തലയോട്ടിയില്‍ കൊള്ളാതെ മുടി ഉണക്കുന്നതിനു മാത്രമായി ഭംഗിയോടെ ഉപയോഗിക്കുന്നു. പക്ഷെ ഈയുള്ളവന്‍ അന്നത്തെ തിളപ്പില്‍ യന്ത്രം നേരെ കുനിച്ചു പിടിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ചൂട് കാറ്റ് നേരിട്ട് തലയോട്ടിയില്‍ തന്നെ ഏറ്റു. പിന്നെങ്ങിനെ മുടി കൊഴിയാതിരിക്കും.? എന്തായാലും പിന്നീട് ഒരിക്കലും ഉപയോഗിക്കാത്ത ആ ‘ഹെയര്‍ ഡ്രസ്സര്‍’ കാണുമ്പോഴൊക്കെ ഒരുതരം ഞെട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. ഇനി അവന്‍ അവിടെ ഇരുന്നാല്‍ അവശേഷിക്കുന്ന മുടിയും ഒരുപ്പോക്ക് പോകുമെന്ന ഭീതി അസ്വസ്ഥനാക്കാന്‍ തുടങ്ങി.

അങ്ങിനെ ഇരിക്കുമ്പോഴാണ് മറ്റൊരു ബംഗ്ലാദേശി വി ഐ പി വിവാഹത്തിന് ക്ഷണിക്കുന്നത്. വീണ്ടും ആ ‘ഹെയര്‍ ഡ്രസ്സര്‍’ലെയ്ക്ക് ചിന്ത മാറി. ഒട്ടും താമസിച്ചില്ല , നല്ല വര്നക്കടലാസ് വാങ്ങി ‘ലവനെ’ ഭംഗിയായി പായ്ക്ക് ചെയ്തു കല്യാണത്തിന് പോയി സന്തോഷമായി പങ്കുകൊണ്ടു. ആ ‘സൈത്താന്‍’ ഉപകരണത്തെ ഭദ്രമായി അവരെ ഏല്പിച്ചു.

ഹാവൂ.., സമാധാനമായി. ഏതാണ്ട് ആറുമാസം കഴിഞ്ഞാണ് അദ്ധേഹത്തെ വീണ്ടും ഞാന്‍ കാണുന്നത്. എന്റെ നോട്ടം മുഴുവനും അയാളുടെ തലയില്‍ ആയിരുന്നു. മുടിക്ക് ഒരു കുഴപ്പവുമില്ല. ഏതാണ്ട് പത്തു വര്ഷം കഴിഞ്ഞാണ് ധാക്കയോട് സലാം പറയുന്നത്. അതിനിടെ എത്രയോ പ്രാവശ്യം അദ്ധേഹത്തെ കണ്ടിരിക്കുന്നു. അയാളുടെ തലമുടി കാണുംബോഴെക്കെ എനിക്ക് ഞാനറിയാത്ത ഒരു തരം ചൊറിച്ചിലും വിങ്ങലും അനുഭവപ്പെടും. ആ ‘ഹെയര്‍ ഡ്രസ്സര്‍’ ഇയാള്‍ക്ക് അപകടം ഒന്നും ചെയ്തില്ലേ എന്ന് ആശങ്കപ്പെടും. ഇപ്പോള്‍ തല വേറെ മുടി വേറെ എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഞാന്‍ ഒരു കാര്യം ചിന്തിക്കുവാന്‍ തുടങ്ങി. ഒരേ യന്ത്രത്തിന് രണ്ടു കര്‍മ്മം ഉണ്ടെന്നു., ” ധാനെ ധാനെ പര്‍ അപ്നാ നാം ലിഖാ ഹുവാ ഹേ.” എന്ന് ഹിന്ദിയില്‍ പറയുന്നത് പോലെ ഒരു പക്ഷെ ഈ യന്ത്രങ്ങളിലും ഓരോരുത്തരുടെയും പേര് എഴുതിയിട്ടുണ്ടാവുമോ..?

2 Responses to “കഷണ്ടിപുരാണം…!!”

  1. r skurup Says:
    March 13th, 2014 at 4:58 pm

    ൃദ്യമായ അനുഭവ കഥനം

  2. vijayakumar Says:
    March 20th, 2014 at 10:17 am

    നന്ദി, സ്നേഹം കുറുപ് സര്‍..!!

Leave a Reply