ഫേസ്‌ബുക്കും മിഡില്‍ഫിംഗര്‍ സലൂട്ടും പിന്നെ ഞാനും…..

എണ്‍പത്‌ കഴിഞ്ഞ ആളാണ്‌ അമ്മ. കഴിഞ്ഞ അന്‍പതു കൊല്ലമായി ആവുന്നത്ര രീതിയിലൊക്കെ പരിശ്രമിച്ചിട്ടും അമ്മയുടെ മനസ്സ്‌ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞില്ല. ഫലം ഇപ്പോഴും ശാസനകളും ഉപദേശങ്ങളും പിന്നാലെയുണ്ട്‌.
“സമയം അത്ര നന്നല്ല കൂട്ട്യേ.., വെറുതേ ശത്രുക്കളെ ഉണ്ടാക്കരുത്‌ കേട്ടോ….” എഴുത്ത്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഉപദേശങ്ങളും തുടങ്ങി. ഇതിനിടയില്‍ സംഭവിക്കേണ്ടത്‌ സംഭവിക്കാതിരിയ്‌ക്കുമോ? ദുര്‍ബുദ്ധിയെന്നോണം ഒരു എസ്‌. എം. എസ്‌ അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു പോയി. മനസ്സിന്റെ ഒരു തരം വിക്ഷോഭ പ്രകടനം എന്ന്‌ കരുതിയാല്‍ മതി. “മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ എനിക്കൊരു ചുക്കും സംഭവിക്കയില്ല, കാരണം ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചാണ്‌ ഞാനിപ്പോള്‍ ഉറങ്ങുന്നതു പോലും” ഇതായിരുന്നു സന്ദേശം. മുല്ലപ്പെരിയാര്‍ ഇത്രയേറെ ഗൗരവമുള്ള ഒരു വിഷയമാകുന്നത്‌ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്കാണ്‌്‌. അവരുടെ ആ കുലതകള്‍ ബഹിര്‍ഗമിച്ചേ മതിയാവൂ. ഒരു പ്രതീക്ഷയിലും ‘പ്രതീക്ഷ’ ഇല്ലാതെ വരുന്ന അവസ്ഥയില്‍ ഉണ്ടായ ഒരു പിടിവള്ളിയായിരുന്നു ആ ചിന്ത.

അല്‌പം തിരക്കു കൂടിയിട്ടായിരിക്കും ഈ സന്ദേശം ഫെയിസ്‌ ബുക്കിലും തിരുകിക്കയറ്റി. ഫേയ്‌സ്‌ ബുക്ക്‌ എന്നു പറയുന്നത്‌ പുതിയ തലമുറയുടെ തലതിരിവിന്റെ മാര്‍ഗ്ഗമാണെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. ആര്‍ക്കും എന്തും എപ്പോഴും എഴുതാം, സംവേദിക്കാം. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും യാത്രയിലാണെങ്കിലും ഉപയോഗിക്കാവുന്ന പ്രതികരിക്കാവുന്ന ഒരു മേഖല. ചെറുപ്പക്കാര്‍ക്ക്‌ വായിക്കുവാന്‍ താത്‌പര്യമില്ലെങ്കിലും എഴുതാവുന്ന മേഖല. അടുത്തിടെ ജന്മം കൊണ്ട്‌, വിടര്‍ന്ന്‌ നറുമണം പരത്തുന്ന ‘അറബ്‌ വസന്തം’ പോലും ഇത്തരം കൂട്ടായ്‌മയിലൂടെ ഉരുത്തിരിഞ്ഞതാണത്രേ.
വന്നു, ഫെയിസ്‌ ബുക്കിലെ ആദ്യ പ്രതികരണം ‘ഹേയ്‌ മിസ്റ്റര്‍, യു എബൗട്ട്‌ എ മിഡില്‍ ഫിംഗര്‍ സല്യൂട്ട്‌’ (നിങ്ങള്‍ ഒരു മിഡില്‍ ഫിംഗര്‍ അഭിവാദ്യം അര്‍ഹിക്കുന്നു എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്‌). വളരെ ചെറുപ്പക്കാരനായ ഒരു ഐ.ടി. പ്രൊഫഷണല്‍. സന്തോഷമായി, സല്യൂട്ടു ചെയ്യുവാന്‍ ഫെയിസ്‌ ബുക്കിലെങ്കിലും ഒരാളുണ്ടായല്ലോ…? എന്ന ചിന്തയില്‍ പുളകിതനായി.
എങ്കിലും വിരലുകള്‍ കൊണ്ട്‌ എങ്ങിനെയാണ്‌ സല്യൂട്ട്‌ ചെയ്യുക എന്ന്‌ ചിന്തിക്കുമ്പോഴേയ്‌ക്കും വന്നു അടുത്ത കമന്റ്‌ ‘ഹെയ,്‌ നെറികേട്‌ പറയുന്നതിനും ഒരു മര്യാദ വേണം’ എന്നോ മറ്റോ ആയിരുന്നു അത്‌ പ്രതികരണത്തിന്റെ രൗദ്രം കണ്ടപ്പോള്‍ എഴുതിയ ആള്‍ ആരാണെന്ന്‌ ശ്രദ്ധിച്ചു. സഫറുള്ള പാലപ്പെട്ടി. ഇദ്ദേഹം അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണല്ലോ, അപ്പോള്‍ എന്റെ സന്ദേശത്തില്‍ എന്തോ ഒരു പന്തികേടുണ്ടെന്ന തോന്നല്‍ കലശലായി.
എന്തായിരിക്കും ഉദ്ദേശിച്ചത്‌? എല്ലാവരും ഭീതിപൂണ്ട്‌ വിരണ്ടു കഴിയുന്നതിനിടയില്‍ പറയുന്ന എന്തെങ്കിലും തമാശകള്‍ ‘നെറികേട്‌’ ആണെന്നായിരിക്കും. തീര്‍ച്ചയായും ഇദ്ദേഹം കെ.എം. മാണി സാറിന്റെ ആരാധകനായിരിക്കുമെന്നെനിക്കുറപ്പായി. ഏത്‌ മരണ വീട്ടില്‍ ചെന്നാലും രണ്ടു മൂന്നു ടൗവ്വലുകളെങ്കിലും ഇല്ലെങ്കില്‍ തികയാതെ വരുന്ന കണ്ണുനീര്‍ തടാകമാണ്‌ അദ്ദേഹത്തിന്റെ കണ്ണുകള്‍. കരച്ചില്‍ കണ്ടാല്‍ മരിച്ചു കിടക്കുന്ന ആളിന്റെ ജേഷ്‌ഠ സഹോദരനാണെന്ന്‌ ആരും പറഞ്ഞു പോകും. സ്വന്തം മണ്ഡലത്തില്‍ കൂടി സഞ്ചരിയ്‌ക്കുമ്പോള്‍ കാണുന്ന തകര്‍ന്ന റോഡുകളുടെയും മനുഷ്യരുടേയും എന്തിനേറെ, മൃഗങ്ങളുടെ പോലും ശോച്യാവസ്ഥ കണ്ടാല്‍ കണ്ണുനീരരുവിയുടെ പ്രവാഹത്തില്‍, ഇരിക്കുന്ന സീറ്റു പോലും നനച്ചു കളയുന്ന വിശുദ്ധ ഹൃദയന്‍. (അദ്ദേഹത്തെ പോലൊരു ധനമന്ത്രി നമ്മുടെ ഭാഗ്യം തന്നെ). എനിക്കങ്ങിനെയാകുവാന്‍ കഴിയുമോ…?
രക്ഷപ്പെടുവാന്‍ വേണ്ടി വീണ്ടും അഭിനന്ദനാര്‍ഹമായ മിഡില്‍ ഫിംഗര്‍ സല്യൂട്ട്‌ എന്താണെന്ന്‌ വിരലുകള്‍ മടക്കിയും നിവര്‍ത്തിയും ഒക്കെ മനസ്സിലാക്കുവാന്‍ ശ്രമിച്ചപ്പോഴാണ്‌ കമന്റ്‌കളുടെ ആധിക്യം കൂടി വരുന്നത്‌ ശ്രദ്ധിച്ചത്‌. അതിലാശ്വാസകരമായി ഒന്ന്‌ വന്നത്‌ പോലും ഉദ്വേഗജനകമായിരുന്നു. ‘അവസാനത്തെ അടവാണ്‌ ഇല്ലേ?’ എന്ന.്‌
എഴുത്തുകാരന്‌ എഴുതുന്നതു വരെയുള്ള അവകാശമേയുള്ളൂ എന്നാണ്‌ മതം. പിന്നീടവയെല്ലാം വായനക്കാരന്റേതാണ്‌. എന്നാല്‍ വായനക്കാരന്റെ ആസ്വാദ്യത കടലും കടലാടിയും പോലെ ആയാലോ? അത്തരം ചോദ്യങ്ങള്‍ക്കൊന്നും ‘ഫെയ്‌സ്‌ ബുക്ക്‌ യുഗത്തില്‍ സ്ഥാനമില്ല. തിരക്കുകള്‍ക്കിടയില്‍ തിരനോട്ടം നടത്തി പ്രതികരിക്കുമ്പോള്‍ ബുദ്ധിയുടേയോ വിവേകത്തിന്റെയോ, വിശകലനത്തിന്റെയോ ശൈലിയില്‍ ആകണമെന്നില്ല. ദ്രുതവികാരം എല്ലാമാനങ്ങളേയും തകര്‍ത്തുകളഞ്ഞേക്കാം. എഴുത്തുകാര്‍ക്കും ശനിദശ തുടങ്ങിയെന്നര്‍ത്ഥം.
എന്തു ചെയ്‌താലും പതറി, പാഴായി ഭസ്‌മാസുരവരം പോലെ തിരിഞ്ഞടിക്കുന്ന അവസ്ഥ. എന്തു പറഞ്ഞാലും ആളുകള്‍ക്ക്‌ പിടിയ്‌ക്കില്ലാഎന്ന്‌ഏതാണ്ടുറപ്പായി. അടുത്തിടെ പുറത്തിറങ്ങിയ പുസ്‌തകം വായിച്ചിട്ട്‌ തൃശൂരില്‍ നിന്നും പ്രൊഫ.റോസി ടീച്ചര്‍ വിളിച്ച്‌ അഭിനന്ദിച്ച കൂടെ ചോദിച്ച ചോദ്യം ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്‌. ‘അവാര്‍ഡുകളൊന്നും വേണ്ടാന്ന്‌ മുന്‍കൂട്ടി തീരുമാനിച്ചാണെഴുത്ത്‌ എന്നു തോന്നുന്നു അല്ലേ?’
ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന ഒരു തെറ്റേ ഇവിടെയും സംഭവിച്ചുള്ളൂ. ഒരു SMS. ആര്‍ക്കും സംഭവിക്കാവുന്നതല്ലേ? ഒക്കെയും ഓരോ ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചു പോകുന്നതല്ലേ? സ്വയം സമാധാനിപ്പിക്കുവാന്‍ ശ്രമിച്ച്‌ ഉറക്കം വരാത്ത ദിനരാത്രങ്ങളില്‍ തത്രപ്പെട്ട്‌ വിഷമിയ്‌ക്കുമ്പോഴാണ്‌ പുനത്തില്‍ കുഞ്ഞബ്‌ദുള്ള ആരോഗ്യ മാസികയിലെ ‘മരുന്നും മന്ത്രവും’ എന്ന കോളത്തില്‍ പ്രത്യക്ഷപ്പെട്ട്‌ സമാധാനം പകര്‍ന്നത്‌. അതിപ്രകാരമായിരുന്നു.
മൊബൈല്‍ ഫോണില്‍ എനിക്കൊരു എസ്‌.എം.എസ്‌. എഴുത്തുകാരനായ എന്റെ പ്രിയ സുഹൃത്ത്‌ ടി.ജി. വിജയകുമാറാണ്‌ അതയച്ചത്‌. (‘മഴ പെയ്‌തു തോരുമ്പോള്‍’ എന്ന കൃതിയുടെ കര്‍ത്താവ്‌)
എസ്‌.എം.എസ്‌ ഇങ്ങിനെയായിരുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ എനിക്ക്‌ ഒരു ചുക്കും സംഭവിയ്‌ക്കില്ലാ, അണക്കെട്ടിന്റെ പരിസരത്ത്‌ താമസിക്കുന്ന ഞാന്‍ ലൈഫ്‌ ജാക്കറ്റ്‌ കെട്ടിയാണ്‌ എന്നും ഉറങ്ങുന്നത്‌.
തമാശ രൂപത്തിലാണ്‌ മെസ്സേജ്‌ അയച്ചതെങ്കിലും ഇതിന്റെ ആഘാതം വളരെ വലുതാണ്‌. ദുരന്തം വന്നാല്‍ അതിനിരയാകാനിരിക്കുന്ന ഓരോ വ്യക്തിയുടേയും വ്യാകുലതകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്‌. നാലു ജില്ലകള്‍……..!!! 35 ലക്ഷം ജനങ്ങള്‍, ഓര്‍മ്മയാകുവാന്‍ പോകുന്ന കൊച്ചി നഗരം………….! എന്നിങ്ങിനെ.
നനഞ്ഞു കുതിര്‍ന്ന മനസ്സുമായി മിഡില്‍ ഫിംഗര്‍ സല്യൂട്ട്‌ എന്ന സമസ്യയിലേക്ക്‌ വീണ്ടും തിരിയുമ്പോഴാണ്‌ പ്രശസ്‌ത നിരൂപകനും എഴുത്തുകാരനുമായ എം.കെ. ഹരികുമാറിന്റെ വാക്കുകള്‍ വാക്കുകളുടെ മേളയില്‍ കണ്ടത്‌.  എഴുത്തുകാര്‍ വായിയ്‌ക്കുന്നില്ലാ എന്നതിന്‌ അവരുടെ എഴുത്തും പ്രസംഗവും തന്നെ തെളിവ്‌. മറ്റ്‌ എഴുത്തുകാരുടെ കൃതിയില്‍ നിന്ന്‌ ഒരു വരി പോലും ഉദ്ധരിക്കാതെ സ്വന്തം രചനകളെപ്പറ്റി മാത്രം പ്രസംഗിയ്‌ക്കുന്നത്‌ ബോറല്ലേ…..?
അപ്പോള്‍ ഇതു തന്നെയായിരുന്നിരിക്കും വാല്‍മീകിയുടേയും വ്യാസന്റെയും കാളിദാസന്റെയും എഴുത്തുഛന്റെയും ഒക്കെ കുഴപ്പം ഇല്ലേ….? ഞാനും അല്‌പസ്വല്‌പമെങ്കിലും വായിച്ചിരുന്നെങ്കില്‍ ഈ ‘മിഡില്‍ ഫിംഗര്‍ സല്യൂട്ട്‌’ എങ്കിലും എന്താണെന്ന്‌ എനിക്കും മനസ്സിലാകുമായിരുന്നു. ഒക്കെ അമ്മ പറയുന്നത്‌ കേള്‍ക്കാത്തതിന്റെ കുഴപ്പം തന്നെ.

2 Responses to “ഫേസ്‌ബുക്കും മിഡില്‍ഫിംഗര്‍ സലൂട്ടും പിന്നെ ഞാനും…..”

 1. Remya Ravi Says:
  March 4th, 2013 at 11:12 pm

  life jacketum manichayanum okekkodi thakarthu…mullapperiyarinekkurichulla uthkanda kollaam..pashe ee middle fingersalute…?? athu manasilayillalo…okke amma parayunnathu kekkathente kuzhapamayirikumoo??..:-)

 2. vijayakumar Says:
  March 6th, 2013 at 1:19 pm

  ഹ..ഹ..
  അതെ അതെ..,

  വായനക്ക് നന്ദി..
  അഭിപ്രായങ്ങള്‍ക്കും..:)

Leave a Reply