ഹിമാലയന്‍ എഗ്ഗ് ബുര്‍ജി

ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ ഓടിക്കിതച്ചുവന്ന ഉണ്ണി ഒന്നു വിശ്രമിച്ചു. പരവേശം മാറ്റുവാനായി ഒരു മൊന്ത വെള്ളം എടുത്ത്‌ ഒറ്റ നില്‍പ്പില്‍ കണ്‌ഠനാളത്തിലേയ്‌ക്ക്‌ കമഴ്‌ത്തി. വിശപ്പടക്കുവാനുള്ള ത്വരയോടെ അടുക്കളയിലേയ്‌ക്ക്‌ പാഞ്ഞു. ആകെ ഒന്നു പരതിനോക്കി. ചോറ്‌ റെഡി. അമ്മയുടെ ഒരു സ്ഥിരം വിഭവമായ പരിപ്പുകറി കണ്ടു. അമ്മ അതിന്‌ പേരിട്ടിരിയ്‌ക്കുന്നത്‌ `ദാല്‍ മക്കനി’ എന്നാണ്‌. മിസ്സിസ്‌ മേനോന്‍ അറിയപ്പെടുന്ന പാചകവിദഗ്‌ദയാണ്‌. എത്രയെത്ര പുരസ്‌കാരങ്ങളാണ്‌ ആ വകയില്‍ ഷോകേസില്‍ നിറഞ്ഞിരിക്കുന്നത്‌. ഇന്നും അമ്മ ലയണ്‍സ്‌ ക്ലബിന്റെ പാചകമത്സരത്തില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുന്നു.

`ദാല്‍ മക്കനി’ അല്ലാതെ പിന്നെ ഒന്നും കണ്ടില്ല. അച്ചാറും ഉണ്ടാകുമായിരിക്കും. അതു പോരാന്നൊരു തോന്നല്‍. അപ്പൂപ്പനും ഉണ്ടല്ലോ, എന്തെങ്കിലും ഒരു വിഭവം ഉണ്ടാക്കികളയാമെന്ന്‌ ഉണ്ണിക്കുട്ടന്‌ ഒരു തോന്നല്‍. ഒരു പരീക്ഷണം! അടുക്കള ആകെ ഒന്നു പരതി. കപ്‌ബോര്‍ഡില്‍ ഒരു മൂലയ്‌ക്കായി പൊതിഞ്ഞുവച്ചിരുന്ന ഉണക്ക അയല അവന്റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പൂപ്പന്‍ ആഗ്രഹം പറഞ്ഞിട്ട്‌ രണ്ടുമൂന്നുദിവസം മുമ്പ്‌ അവന്‍ തന്നെ വാങ്ങിക്കൊണ്ടുവന്നതാണ്‌. ഇതുവരെ ഉണ്ടാക്കിയില്ലല്ലോ എന്ന ചിന്ത അവന്റെ കുഞ്ഞുമനസ്സിനെ നോവിച്ചു.
പ്രവര്‍ത്തിപരിചയം ഒന്നും ഇല്ലെങ്കിലും കണ്ടുപരിചയത്തിന്റ ധൈര്യത്തില്‍ രണ്ട്‌ ഉണക്ക അയില കൈയ്യിലെടുത്തു. വെള്ളത്തിലിട്ട്‌ കഴുകി, വെട്ടി വൃത്തിയാക്കി. മീന്‍ വറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും ഉണ്ണിക്ക്‌ വശമില്ലായിരുന്നെങ്കിലും വറക്കാന്‍തന്നെ തീരുമാനിച്ചു. ഫ്രൈപാന്‍ എടുത്ത്‌ അടുപ്പത്ത്‌ വച്ചു. ഇനി എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌. എണ്ണ ഒഴിക്കാം. ഉപ്പുമീനല്ലേ, അല്‌പം എരിവ്‌ ഇരുന്നോട്ടെ എന്നുകരുതി നാല്‌ പച്ചമുളക്‌ നീളത്തില്‍ കീറിവെച്ചു. അയല പാനില്‍ നിരത്തി. കൂട്ടിന്‌ മത്സ്യത്തിന്റെ വശങ്ങളിലായി ഭംഗിയോടെ പച്ചമുളക്‌ ചേര്‍ത്തുവച്ചു. എണ്ണ ചൂടാകുന്നതും കുമിളകളും ആവിയും ഉയരുന്നതും ഒക്കെ നോക്കി രസിച്ച്‌ നില്‍ക്കുമ്പോള്‍ ഒരു ഐഡിയ. അയിലയ്‌ക്കൊപ്പം നീളത്തില്‍ വച്ചിരുന്ന പച്ചമുളകിന്‌ ഒരു തല കൂടി ഉണ്ടായിരുന്നെങ്കില്‍ കാണുവാന്‍ നല്ല രസമായേനെ. വട്ടവും നീളവും നോക്കിയ ഉണ്ണിക്കുട്ടന്റെ കണ്ണില്‍പ്പെട്ടത്‌ ചുമന്നുള്ളിയാണ്‌. ഒട്ടും താമസിച്ചില്ല. നാലഞ്ചു ചുമന്നുള്ളി തൊലികളഞ്ഞ്‌ സൗന്ദര്യമുള്ളതാക്കി. മുളകിന്‌ തലയാക്കി എണ്ണയില്‍ വച്ചു.

ഇപ്പോള്‍ കാണാന്‍ നല്ല ചന്തം. അവന്‍ നോക്കി നിന്നു. എണ്ണ തിളയ്‌ക്കുന്നതും മത്സ്യത്തോടൊപ്പം ഉള്ളിയും പച്ചമുളകുമൊക്കെ ഓരോ പരിണാമത്തിലൂടെ വ്യത്യസ്‌തമാകുന്നതും കണ്ണിന്‌ ഇമ്പമുള്ള കാഴ്‌ചയായിരുന്നു. ഒരു ചെറിയ ചട്ടുകം എടുത്ത്‌ അയില മറിച്ചിടുവാന്‍ ശ്രമിച്ചു. അത്ര എളുപ്പം വിട്ടുപോരുന്നില്ല. ദേഷ്യത്തില്‍ അല്‌പം ബലം കൊടുത്ത്‌ അയില ചട്ടുകത്തില്‍ കോരിയെടുക്കുവാന്‍ ശ്രമിച്ചു. അവന്‌ നിരാശ തോന്നി. മീന്‍ പല കഷണങ്ങളായി മുറിഞ്ഞുമുറിഞ്ഞുപോയി. അതിന്റെ വലിയ മുള്ള്‌ വേറെയായി. പരിഭ്രാന്തിയോടെ തീ കെടുത്തി. മുള്ള്‌ എടുത്ത്‌ വേസ്റ്റ്‌ ബാസ്‌ക്കറ്റില്‍ ഇട്ടു. ഒരു തരി മീനെടുത്ത്‌ നാവില്‍ വെച്ചു സ്വാദുനോക്കി. ഒരു കെട്ട ചുവ. ഒരു കെട്ട മണം. അവന്റെ എല്ലാ സന്തോഷവും പോയി. അമ്മയുടെയും ഓപ്പോളിന്റെയും അപ്പൂപ്പന്റെയുമെല്ലാം ശൗര്യമുള്ള മുഖഭാവം മനസ്സില്‍ മിന്നിതെളിഞ്ഞു. ഇനിയിപ്പോ എന്താ ചെയ്‌ക? പരിഭ്രാന്തി വര്‍ദ്ധിച്ചു. കെട്ട സ്വാദ്‌ മാറാന്‍ അല്‌പം മുളകുപൊടി ഇട്ടാലോ. കേടായ മത്സ്യമാണെങ്കില്‍ അല്‌പം മഞ്ഞള്‍പ്പൊടികൂടിഇട്ടാലോ. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇട്ടു. അല്‌പം കുരുമുളകുപൊടിയും മല്ലിപ്പൊടിയും ഇട്ടു. രുചിച്ചു നോക്കി പോരാ… അവന്‍ പിന്നെയും പരതി. ദാഹം തീര്‍ക്കാന്‍ ഫ്രീഡ്‌ജ്‌ തുറന്ന്‌ ഒരു കുപ്പി വെള്ളം അകത്താക്കി. അപ്പോഴാണ്‌ കണ്ടത്‌ ഫ്രിഡ്‌ജില്‍ കോഴിമുട്ടയിരിക്കുന്നു. വെറുതെ രണ്ടെണ്ണം കയ്യിലെടുത്തു. ഐഡിയ…! മീന്‍ വീണ്ടും അടുപ്പത്ത്‌ വച്ചു. നന്നായി ഒന്നിളക്കി. ഇപ്പോള്‍ ഒരു തോരന്‍ പരുവം. രണ്ടുംകല്‍പ്പിച്ച്‌ മുട്ട രണ്ടും പൊട്ടിച്ച്‌ അതിലൊഴിച്ചു. കൂട്ടിയിളക്കി.

അരേ വാ…! അവന്‍ സ്വയം പിറുപിറുത്തു, നല്ല മണം. അല്‌പം വായിലിട്ടുനോക്കി. ഒരു പുതിയ സ്വാദ്‌. മീനാണോ? അല്ല മുട്ടയാണോ അല്ല. കെട്ട ചുവയും ഇല്ല. രണ്ട്‌ കറിവേപ്പിലയും അടര്‍ത്തി അതിന്‌ മുകളിലിട്ട്‌ ഒരു തക്കാളിയും ഭംഗിയായി അരിഞ്ഞ്‌ അലങ്കാരമാക്കി വാങ്ങിവെച്ചു. അപ്പോഴേയ്‌ക്കും ഓപ്പോളും എത്തി.
“എന്താ ഉണ്ണീ വലിയ പാചകമൊക്കെ…” എന്നുപറഞ്ഞ്‌ ഓപ്പോളും രുചിച്ചുനോക്കി. ഓപ്പോളിന്റെ മുഖത്ത്‌ എന്തെന്നില്ലാത്ത ആ സന്തോഷഭാവം കണ്ടപ്പോള്‍ ഉണ്ണിക്കുട്ടന്‌ ആശ്വാസമായി. വിശപ്പ്‌ അധികരിച്ചതിനാല്‍ രണ്ടാളും ചേര്‍ന്ന്‌ ഭക്ഷണം വിളമ്പി. അപ്പൂപ്പനും ഒപ്പമിരുന്ന്‌ ഊണു കഴിച്ചു. ആശ്ചര്യത്തോടെ അപ്പൂപ്പന്‍ ചോദിച്ചു “എന്താ ഉണ്ണീ ഇത്‌”. അവന്‍ മിണ്ടിയില്ല. പറയാന്‍ മടിച്ച്‌ കുനിഞ്ഞിരുന്നു. അപ്പോഴും മൂന്നാളും മത്സരിച്ച്‌ പുതിയ കറി എടുത്ത്‌ ഊണ്‌ കഴിച്ചുകൊണ്ടിരുന്നു. ഒപ്പം തമാശകളും. അകലെനിന്നും അമ്മ വരുന്നതുകണ്ട ഉണ്ണി പ്ലെയിറ്റ്‌ കയ്യിലെടുത്ത്‌ അടുക്കളയിലേയ്‌ക്ക്‌ മുങ്ങി. വന്നപാടെ മിസ്സിസ്‌ മേനോന്‍ പുതിയ `ഡിഷ്‌’ കണ്ട്‌ ചോദിച്ചു. “ഇതെന്താണ്‌, ആരാ ഉണ്ടാക്കിയത്‌?” അവരും അല്‌പമെടുത്ത്‌ വായില്‍വെച്ചു. ആരും ഒന്നും മിണ്ടാതെ പരസ്‌പരം നോക്കിയിരുന്നു. ഒരുതരം കള്ളച്ചിരിയോടെ വീണ്ടും ഉയര്‍ന്ന ചോദ്യത്തിന്‌ അപ്പൂപ്പനാണ്‌ ഉത്തരം പറഞ്ഞത്‌. “അതേയ്‌… നിന്നെ കണ്ടു പഠിച്ചതാണെന്നാ തോന്നുന്നത്‌. ഉണ്ണി ഉണ്ടാക്കിയതാ… `ഹിമാലയന്‍ എഗ്ഗ്‌ ബുര്‍ജീ’ന്നോ മറ്റോ പറേണതുകേട്ടു.” “അമ്പമ്പോ ഈ അപ്പൂപ്പന്‍ ആള്‌ മോശമല്ലല്ലോ” അടുക്കളയില്‍ പമ്മി നിന്നിരുന്ന ഉണ്ണി സ്വയം പിറുപിറുത്തു. ഉള്ളില്‍ തോന്നിയ സന്തോഷം അടക്കാനായില്ല. “ഹേയ്‌, പൂയ്യ്‌” എന്നൊക്കെപറഞ്ഞ്‌ അറിയാതെ ഒരു ചാട്ടം. ചാട്ടത്തില്‍ പക്ഷേ ഉണ്ണിയുടെ തല തട്ടി അമ്മ പാകം ചെയ്‌ത്‌ ഉറിയില്‍ വച്ചിരുന്ന മീന്‍കറി ചട്ടി പൊട്ടി അവന്റെ ദേഹമാസകലം ഒഴുകി. ഉണ്ണി വായും പൊളിച്ചിരുന്നുപോയി. പാവം ഉണ്ണി ഉറിയില്‍ വച്ചിരുന്ന മീന്‍കറി നേരത്തെ കണ്ടിരുന്നെങ്കില്‍ ഈ പൊല്ലാപ്പിനൊന്നും പോകുമായിരുന്നില്ല. അടുക്കളയിലേയ്‌ക്ക്‌ കടന്നുവന്ന മിസ്സിസ്‌ നായര്‍ക്ക്‌ ഈ കാഴ്‌ച കണ്ട്‌ ദേഷ്യം അടക്കാനായില്ല. “ഇതെന്താ ഉണ്ണീ…” അവര്‍ കോപത്തോടെ ചോദിച്ചു. ഉണ്ണി വിക്കി വിക്കി പറഞ്ഞു “ഹിമാലയന്‍ എഗ്ഗ്‌ ബുര്‍ജി.” പക്ഷേ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ മിസ്സിസ്‌ നായര്‍ അവനോടു പറഞ്ഞു “മോനെ ഇതിന്റെ റസിപ്പി അമ്മയ്‌ക്ക്‌ പറഞ്ഞുതരണം കെട്ടോ!”

ഹിമാലയന്‍ എഗ്ഗ് ബുര്‍ജി
ചേരുവകള്‍ വേണ്ടത്..

കേടായ ഉണക്കയില 2 എണ്ണം
കോഴി മുട്ട 2 എണ്ണം
പച്ചമുളക് 4 എണ്ണം
ചുമന്നുള്ളി 6 എണ്ണം
വെളിച്ചെണ്ണ 2o മില്ലി
മുളകുപൊടി 5 ഗ്രാം
മല്ലിപൊടി 5 ഗ്രാം
മഞ്ഞള്‍പൊടി ആവശ്യത്തിനു…
കുമുളക് പോടീ ആവശ്യത്തിനു..
കറിവേപ്പില ആവശ്യത്തിനു..

തയ്യാറാക്കേണ്ട വിധം മുകളില്‍ വിവരിച്ച പോലെ

3 Responses to “ഹിമാലയന്‍ എഗ്ഗ് ബുര്‍ജി”

  1. Remya Ravi Says:
    March 4th, 2013 at 11:25 pm

    യോയു..യോയു..ഇനി അപോ ഉണക്ക അയില കേടാക്കണോല്ലോ…വീട്ടില്‍ ചെന്ന് പരീക്ഷിച്ചു നോക്കട്ടെ…നന്നായാല്‍ അതുകൂട്ടി ഒരൂണ് തരാട്ടോ..:-D

  2. vijayakumar Says:
    March 6th, 2013 at 1:16 pm

    ഹ ഹ..

    ഞാന്‍ കാത്തിരിക്കാം ട്ടോ.. :)

  3. SREENARAYANAN MOOTHEDATH Says:
    March 19th, 2013 at 5:47 pm

    ഇന്ന് ഭാര്യയോടു പറയണം ഇത് പോലൊന്ന് ഉണ്ടാക്കി തരാൻ
    പണ്ട് പണിക്കരുടെ ഭാര്യ കൊഴകട്ട ഉണ്ടാക്കിയ പോലെ

Leave a Reply