ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സിംഹം. ദേശീയ പാതയില്‍..!!!

ആ ആക്രോശം കേട്ട് ഞങ്ങള്‍ ഞെട്ടി.
അതൊരു സിംഹഗര്‍ജനം  തന്നെ ആയിരുന്നൂ.
” വിജയകുമാറേ.., ഭരണവര്‍ഗത്തിനു ചൂട്ടുപിടിക്കുന്ന വര്‍ത്തമാനം പറയരുത്. എന്തറിഞ്ഞിട്ടാണ്​ 100 മീറ്റര്‍ വീതിയില്‍ വേണം കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കേണ്ടത് എന്ന് പറയുന്നത്?

ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണാതെ,   ഭരണവര്‍ഗത്തിനു കൊള്ളയും ധൂര്‍ത്തും നടത്താനുള്ള അവസരങ്ങള്‍ക്ക് വേണ്ടി വാദിക്കരുത്..?”
അഴീക്കോട്‌ സര്‍ ഉറങ്ങുന്നത് കണ്ടാണ്‌ വൈശാഖന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ വാഹനത്തിന്റെ പിന്‍ നിരയിലേയ്ക്ക് നീങ്ങിയിരുന്നു വര്‍ത്തമാനം പറയാന്‍ തുടങ്ങിയത്. ശബ്ദകോലാഹലങ്ങള്‍ അദ്ദേഹത്തിന്റെ ഉറക്കത്തിനു ഭംഗം വരുത്തരുത് എന്നും കൂടി കരുതിയിരുന്നു. യാത്രകള്‍ ശെരിക്കും മാഷിനു വിശ്രമത്തിനുള്ള സമയമാണ്. അത് ഉറക്കത്തിലൂടെ സാദ്ധ്യമാക്കുന്നു. ഏതൊരു യാത്രയിലും സീറ്റ് ബെല്‍റ്റ്‌ ഇടില്ലെന്നു നിര്‍ബന്ധം പിടിക്കുന്ന മാഷ്‌ ഉറങ്ങി പലപ്പോഴും ഡ്രൈവറുടെ തോളിലേയ്ക്ക്‌ ചായുന്നു. ഗുരുവിന്റെ ഉറക്കം  നഷ്ട്ടപ്പെടുത്താതിരിക്കാന്‍ തുടയില്‍ തുളച്ചു കയറിയ വണ്ടിന്റെ മാരകമായ ആക്രമണം സഹിച്ച കര്‍ണന്റെ  കഥ പോലെ മാഷിന്റെ ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ കഷ്ട്ടപ്പെടുന്ന കഥ  സുരേഷ് പറയും.
ബംഗ്ലൂര്‍ മലയാളി സമാജത്തിന്റെ “ഉണ്ണ്യേട്ടന്‍ സ്മാരക അവാര്‍ഡ്‌ ‘  അക്കൊല്ലം അഴീക്കോട്  സാറിനായിരുന്നു നല്‍കിയത്.  ആ സന്തോഷം പങ്കിടാന്‍ ഒപ്പം കൂടിയ ഞങ്ങളുടെ മടക്കയാത്രയാണ് സംഭവം. ബാഗ്ലൂര്‍ നഗരം കടന്നു ദേശീയ പാതയിലേയ്ക്കു കയറി അല്പസമയത്തിനുള്ളില്‍ മാഷ്‌ ഉറക്കം ആരംഭിച്ചു. തമിഴ്നാട്ടിലെ ദേശീയ പാതകളുടെ നിര്‍മാണവും സൌന്ദര്യവും ഒക്കെ കണ്ടു മെല്ലെ ചര്‍ച്ച അതിലേക്കായി. . കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയില്‍ ഞാനാകട്ടെ എന്നും രോഷാകുലനും . അതുകൊണ്ട് തന്നെ എന്റെ രോഷത്തോടെയുള്ള  ചെറിയ പ്രസ്താവന ” റോഡുകള്‍ നിര്‍മിക്കുമ്പോള്‍ രണ്ടു തലമുറയെ എങ്കിലും മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം., കുറഞ്ഞത് 90 മീറ്റര്‍ വീതിയില്‍ റോഡുകള്‍ വേണം, പക്ഷെ, 150 മീറ്റര്‍ വീതിയിലെങ്കിലും സ്ഥലം അക്വയര്‍ ചെയ്യണം ”  എന്നായിരുന്നു.
 
അഴീക്കോട്‌ മാഷ്‌ വീണ്ടും ശബ്ദം ഉയര്‍ത്തി രോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരം വര്‍ത്തമാനങ്ങളുമായി ഈ വണ്ടിയില്‍ യാത്ര ചെയ്യരുത് എന്ന് വരെയായി അദ്ദേഹത്തിന്റെ നിലപാട്.
നല്ല സ്പീഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ സ്പീഡ് കുറഞ്ഞു,  ഡ്രൈവര്‍ പോലും  ഭയചകിതനായി. ‘വിജയകുമാറി’നെ ഇപ്പോള്‍ തന്നെ ഇറക്കിവിടുമെന്നുള്ള ആശങ്ക എല്ലാവര്ക്കും ഉണ്ടായി. മാഷ്‌ നല്ല ഉറക്കത്തിലാണ് എന്ന് ബോധ്യം വന്നത് കൊണ്ടാണ് എന്തെങ്കിലും ഒക്കെ സംസാരിക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുമുണ്ടായത്. പക്ഷെ ഈ ഉറക്കത്തിലും അദേഹത്തിലെ സിംഹം ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടൂ.
 
ആദ്യമായാണ് മാഷിന്റെ രോഷം കാണുന്നതും അനുഭവിക്കുന്നതും. മാഷിന്റെ ദേഷ്യത്തെക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ട്, പലേടത്തും വായിച്ചിട്ടുണ്ട് എങ്കിലും അതിത്ര ഭീകരമായിരിക്കും  എന്ന് സ്വപ്നേവി കരുതിയിരുന്നില്ല. അദ്ദേഹം ശാന്തനാകാന്‍ കാത്തിരിക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലായിരുന്നു. ഞങ്ങളുടെ നിശബ്ദത അദ്ദേഹത്തെ മെല്ലെ ശന്തനാക്കിക്കൊണ്ടിരുന്നു. ഞാനാകട്ടെ സാകൂതം അദ്ദേഹത്തിന്റെ ചിന്തയും അഭിപ്രായങ്ങളെയും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. 
 
മെല്ലെ എഴുന്നേറ്റപ്പോള്‍ കണ്ണ്‍ കൊണ്ടും സ്പര്‍ശനം കൊണ്ടും എല്ലാവരും എന്നെ തടഞ്ഞു. പക്ഷെ എനിക്ക് ഭയം തോന്നിയില്ല, കാരണം ഞാന്‍ വെറുതെ എന്തെങ്കിലും പറഞ്ഞതല്ല, എന്റെ മനസ്സിലെ തീവ്രമായ ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞ പ്രസ്താവന തന്നെ ആയിരുന്നു അത്. ഒരു പക്ഷെ അനവസരത്തില്‍ ആയിരിക്കാം എങ്കില്‍ പോലും അത് മാഷിനെ പോലെ ഒരാളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് എഴുത്ത്, പ്രസംഗം..? 
 
വാഹനത്തിന്റെ മുന്‍ വരിയില്‍ മാഷ്‌ ഇരുന്ന സീറ്റിനു എതിരെയുള്ള സീറ്റില്‍ ഞാനും ഇരുന്നു.അദ്ദേഹം വീണ്ടും എനിക്ക് നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ്‌ മുന്‍കാല്‍ മുന്നോട്ടു എടുത്ത് വെച്ച് ഇരയെ ആക്രമിക്കാന്‍  നില്‍ക്കുന്ന  ഒരു സിംഹത്തെ പോലെ തോന്നിച്ചു ആ രൂപം , ! എന്നെ പരുഷമായി നോക്കി, ഈ അനാവശ്യത്തിനെയൊക്കെ എന്തിനു വണ്ടിയില്‍ കയറ്റി എന്നത് പോലെ ഒരു മുഖഭാവം മിന്നി മറഞ്ഞു.  പിന്നോക്കം ശ്രദ്ധിച്ചപ്പോള്‍ വൈശാഖന്‍ മാഷും, ഡോക്ടര്‍ ത്രേസ്യ ഡയസും സുരേഷും ജോസ് മാമ്പിളിസ്സെരിയും ഒക്കെ വിവര്‍ണരായി, എന്തെങ്കിലും അത്യാഹിതങ്ങളെ പ്രതീക്ഷിച്ച് ആകാംഷയോടെ ഇരിക്കുന്നു.
 
മെല്ലെ ‘മാഷേ ‘ എന്ന് വിളിച്ച് ഞാന്‍ ചിരിച്ചു. 
വീണ്ടും തെല്ലു നേരം കാത്തിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചു. 
 
വിജയകുമാറിന് അറിയുമോ?  ‘മൂലമ്പള്ളി’യിയിലെയും മറ്റും കുടിയൊഴിപ്പിക്കlലും  സമരങ്ങളും. അങ്ങിനെ എത്ര സ്ഥലങ്ങളില്‍ ആളുകള്‍ നരകിക്കുന്നൂ..?  വികസനത്തിന്റെ പേരില്‍ ! അവരുടെയൊക്കെ ജീവിതം തുലച്ചും വഴിയാധാരമാക്കിയും വേണോ  രാജ്യത്ത് വികസനങ്ങള്‍ വരുത്താന്‍. വികസനം ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരിക്കണം, ജനങ്ങളെ  ബുദ്ധിമുട്ടിച്ചാവരുത്.
 
എനിക്കൊരു പിടിവള്ളി കിട്ടിയആശ്വാസത്തില്‍ പെട്ടെന്ന് തന്നെ ചോദിച്ചു,
 
സര്‍, മൂലമ്പള്ളി സമരത്തില്‍ സാറും പങ്കെടുത്തിട്ടുണ്ടെന്നും അവരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും എനിക്കറിയാം. ഒന്ന് ചോദിച്ചോട്ടെ, മൂലമ്പിള്ളി സമരക്കാര്‍ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ കൊച്ചി കണ്ടൈനര്‍ ടെര്‍മിനല്‍ വേണ്ടാ എന്ന്? അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരങ്ങള്‍ നല്‍കണമെന്നും പുനരധിവാസം വൈകരുതെന്നുമല്ലേ അവര്‍ പറയുന്നുള്ളൂ.? ഇവിടെ പ്രശനം വികസന വിരോധ്മല്ല, വികസനത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിശൂന്യമായ വിധത്തില്‍ കഷ്ടപ്പെടുത്തുന്നൂ എന്നതല്ലേ സത്യം.?
 
മാഷ്‌, ഒന്ന് ശ്രദ്ധിച്ചു, അല്പം മൃദുവായി എന്നെ നോക്കി, ഹും പറയൂ എന്ന ഭാവത്തില്‍ സീറ്റില്‍ പിന്നോക്കം ചാഞ്ഞിരുന്നു. കൈ ഉയര്‍ത്തി മുഖം തുടച്ചു.  കൈവരുന്ന അദ്ദേഹത്തിന്റെ ശാന്തത മനസ്സിലാക്കിയിട്ടെന്നവണ്ണം ഞാന്‍ തുടര്‍ന്നൂ.,
 
ഇത്തരം ഒരു സാഹചര്യം കൊച്ചി എയര്‍പോര്‍ട്ട്‌ തുടങ്ങിയ കാലഘട്ടത്തിലും ഉണ്ടായിരുന്നു. അന്നും സര്‍ ഇടപെട്ടിരുന്നു.  പ്രശനം കുടിയൊഴിപ്പിക്കല്‍ തന്നെ ആയിരുന്നു. അപ്പോള്‍ വികസനവിരോധമല്ല, കുടിയൊഴിപ്പിക്കല്‍ പോലുള്ള അനുബന്ധ പ്രശനങ്ങളല്ലേ വിഷയം.?  സര്‍, നോക്കൂ. അതിനു പരിഹാരവും ചൂണ്ടിക്കാണിക്കാനുണ്ട്.  കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നപ്പോള്‍ ഇത്തരം എതിര്‍പ്പൊന്നും ഉണ്ടായില്ലല്ലോ?  എന്തായിരുന്നു കാരണം. എന്ന് സാറിനും അറിയാം.   കണ്ണൂരില്‍ പ്രശംസാര്‍ഹമായ വിധത്തില്‍ എയര്‍ പോര്‍ട്ട്‌ പണി തുടങ്ങും മുന്‍പ് തന്നെ കുടിയോഴിപ്പിക്കപ്പെട്ടവര്‍ക്കായി ഉചിതമായ സ്ഥലത്ത് പുനരധിവാസം തയ്യാറാക്കി. മാന്യമായ നഷ്ടപരിഹരങ്ങളും നല്‍കി. അവിടെ പ്രശ്നങ്ങളും ഉണ്ടായില്ല. അങ്ങിനെയെങ്കില്‍ അതാവേണ്ടേ സര്‍ നമുക്ക് മാതൃക.?  
 
“അപ്പോള്‍ വിജയ്‌ പറഞ്ഞു വരുന്നത് ‘ബ്യൂറോക്രസി ‘ ആണ് പ്രശനക്കാര്‍ എന്നാണോ…? 
 
അവര്‍ മാത്രമല്ല സര്‍, കൃത്യനിര്‍വഹണത്തില്‍  വീഴ്ച വരുത്തുമ്പോള്‍ കാലതാമസം ഉണ്ടാകുന്നു എന്നതാണ് അവരില്‍ ആരോപിക്കപ്പെടെണ്ട കുറ്റം. പക്ഷെ അതിനു മുന്‍പ് വിശാലമായ അര്‍ത്ഥത്തില്‍  കുടിയോഴിപ്പിക്കലും  നഷ്ടപരിഹാരങ്ങളും പുനരധിവാസവും അടക്കമുള്ള വിഷയങ്ങളെ ഉള്‍പ്പെടുത്തി ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാവണം.അതിനു കഴിയുന്ന വിദഗ്ദന്മാരുടെ ബുദ്ധി പ്രവര്‍ത്തിക്കണം, അവരോടു അത് നിര്‍ദ്ദേശിക്കാനും ജനങളുടെ പ്രശങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുവാനും കഴിയുന്ന ഭരണാധികാരികളും ഉണ്ടാവണം. അങ്ങിനെയെങ്കില്‍ ഇത്തരം പ്രശനങ്ങളോ സമരങ്ങളോ ഉണ്ടാവില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട്.  
 
തുടരൂ എന്ന അര്‍ത്ഥത്തില്‍ എന്നെ മാഷ്‌  വീണ്ടും ശ്രദ്ധിച്ചിരുന്നു.
 
മന്ത്രിയായിരുന്ന മുനീറിന്റെ സ്വപ്നപദ്ധതി ആയിരുന്നൂ, എക്സ്പ്രസ്സ്‌ ഹൈവേ.   എന്റെ  അഭിപ്രായത്തില്‍ അതാവശ്യമായിരുന്നു, പക്ഷെ സാറും വീരേന്ദ്രകുമാറും ഒക്കെ അതിനെതിരെ നിലപാടെടുത്തപ്പോള്‍ മുനീര്‍ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. എന്റെ പ്രസ്താവന ഇഷ്ടപ്പെടാത്ത പോലെ സര്‍ തല ഉയര്‍ത്തി എന്നെ നോക്കി പറഞ്ഞു, ഞങ്ങള്‍ ഇപ്പോഴും ആ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. വിജയകുമാറിന് തോന്നുന്നുണ്ടോ ആ പദ്ധതി ഇനി നടക്കുമെന്ന്. 
അപകടം മണത്ത് കൊണ്ട് പിന്നില്‍ നിന്നും സെക്രട്ടറി സുരേഷ് എന്നെ ആംഗ്യഭാഷയില്‍ വിലക്കുന്നുണ്ട്. പക്ഷെ വിഷയത്തില്‍ സര്‍ തത്പരനാണെന്ന് എനിക്ക് തോന്നി തുടങ്ങി. ഒരു സഞ്ചാരിയായിരുന്ന എന്റെ അഭിപ്രായങ്ങളെയും നിലപാടുകളെയും ചിലപ്പോഴെങ്കിലും സര്‍ പ്രശംസിച്ചിട്ടുണ്ട്‌ എന്ന വസ്തുത കൂടുതല്‍ ധൈര്യം തന്നു.  
 
സര്‍ എന്റെ അമ്മൂമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, പണ്ട് കേരളത്തില്‍ റെയില്‍വേ നിര്‍മാണം ആരംഭിച്ച ഘട്ടത്തിലും ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നൂ എന്ന്. ട്രെയിന്‍ പിശാചാണ്, ട്രെയിന്‍ വന്നാല്‍ നാട്ടിലൊക്കെ കൂടുതല്‍ പിശാചുക്കള്‍  എത്തും വസ്തുക്കള്‍ മുറിഞ്ഞു പോകും, വഴികളും ഒക്കെ അടഞ്ഞു പോകും ,  പശുവിനെയും കൊണ്ട് അപ്പുറമിപ്പുറം നടക്കാന്‍ കഴിയാതെ വരും, ബന്ധങ്ങള്‍ പോലും അക്കരെയിക്കരയാകും എന്നൊക്കെ. പക്ഷെ എല്ലാ എതിര്‍പ്പുകളെയും മറികടന്നു റെയില്‍വേ എന്ന സ്വപ്നം പൂര്‍ത്തിയായി, അതുല്ഘാടനം ചെയ്യാന്‍ തുറന്ന ബോഗിയിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിനെ  കാണാനും എതിരേല്‍ക്കാനും മുന്നില്‍ നിന്നിരുന്നത്, എതിര്‍ത്തിരുന്നവര്‍ തന്നെ ആയിരുന്നൂ എന്ന്. 
 
മാഷിന്റെ ചുണ്ടില്‍ ചെറിയ പുഞ്ചിരി വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു, പക്ഷെ അത് മറച്ചു വെക്കാന്‍ ശ്രമിച്ചുകൊണ്ട്‌ , ഗൌരവം വിടാതെ അദ്ദേഹം  ചോദിച്ചു, “അന്നത്തെ സാഹചര്യങ്ങളും ജനസംഖ്യയും ഒന്നുമല്ലല്ലോ ഇപ്പോഴുള്ളത്.  ഇപ്പോഴത്തെ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള നിലപാടുകളല്ലേ സ്വീകരിക്കുന്നത്, ‘ എക്സ്പ്രസ്സ്‌ ഹൈവേ’ ക്കെതിരെ നിങ്ങളും സംസാരിച്ചിരുന്നല്ലോ..? 
 
ഉവ്വ് സര്‍, ഞാന്‍ സംസാരിച്ചത് ആ പദ്ധതിയുടെ മുന്‍പേ നടന്ന ചില ഗൂഡ പദ്ധതികളെ മുന്‍ നിര്‍ത്തിയാണ്. നിര്‍ദ്ധിഷ്ട്ട എക്സ്പ്രസ്സ്‌ ഹൈവേയുടെ ഇരുവശത്തും സമീപപ്രദേശങ്ങളിലും ഉള്ള സ്ഥലങ്ങളും, റോഡ്‌ നിര്‍മാണത്തിന് ആവശ്യമായ മണ്ണ് എടുക്കുവാന്‍ വേണ്ടി കുന്നുകളും മലകളും ഒക്കെ വാങ്ങിക്കൂട്ടാന്‍ രംഗത്തിറങ്ങിയ ഭൂമാഫിയാ സംഘത്തെ ക്കുറിച്ച് കേട്ടത് കൊണ്ട് മാത്രമാണ്. അതിനു ഭരണതലത്തില്‍ നിന്ന് തന്നെയുള്ളവര്‍ ചുക്കാന്‍ പിടിക്കുന്നൂ എന്നറിഞ്ഞത് കൊണ്ടാണ്. ഏതൊരു പദ്ധതികളുടെയും പിന്നാലെ ജനങ്ങളെ കൊള്ളയടിക്കാനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുവാനും എങ്ങിനെയും പണമുണ്ടാക്കുവാനും സജ്ജരായ മാഫിയകള്‍ രംഗത്തിറങ്ങും. ഇപ്പോള്‍ ഒരു മടിയുമില്ലാതെ രാഷ്ട്രീയക്കാരും  അത്തരക്കാര്‍ക്കു വേണ്ടിയാവരുത് പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നത്. മറിച്ച് പദ്ധതികള്‍ പദ്ധതികള്‍ക്ക് വേണ്ടിയും നാടിനു വേണ്ടിയുമാവണം എന്ന ചിന്തയാണ് എനിക്കുള്ളത്. അത്തരം മാഫിയകളെ ചൂണ്ടിയാണ്  എതിര്‍പ്പ്.. എന്റെ എതിര്‍പ്പ് ഒരു കാര്യമുള്ളതല്ലല്ലോ, കുറച്ചു പേര്‍ വായിച്ചെന്നിരിക്കും. 
 
 
സര്‍,, നമുക്ക് ഗതാഗത സൌകര്യങ്ങള്‍ അനിവാര്യമാണ്. ഗതാഗത സൌകര്യങ്ങള്‍ ഉള്ളിടത്ത് മാത്രമാണ് ജനങ്ങള്‍ വാസം ഉറപ്പിച്ചിട്ടുള്ളത്. ആദ്യകാലത്തുള്ള വീടുകള്‍ ഒക്കെയും നദീതീരങ്ങളില്‍ ആയിരുന്നു. വള്ളവും ചങ്ങാടവും  ഒക്കെ ആയിരുന്നു അന്ന് വാഹനങ്ങള്‍.   റോഡ്‌ അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. വേലികളും വേര്‍തിരിവുകളും ഇല്ലാതെ ഇതിലെയും അതിലെയും ഒക്കെ  നടന്നു കൊണ്ടിരുന്ന മനുഷ്യന്‍.  പിന്നീട്, പിടിവണ്ടിയും കാളവണ്ടിയും സൈക്കിളും മോട്ടോര്‍ വാഹങ്ങളും ഒക്കെയായി  വികാസം പുരോഗമിച്ചപ്പോള്‍  നടപ്പാതയും റോഡുകളും  വേണമെന്നായി, വാഹനങ്ങളുടെ  ആഗമനത്തോടെ വീതിയുള്ള  റോഡുകള്‍ വേണമെന്നായി . റോഡുകള്‍ക്കായി സ്ഥലം കൊടുക്കുന്നവരും കൊടുക്കാത്തവരും തമ്മില്‍ വഴക്കുകളായി.
 
സര്‍ ഒന്നാലോചിച്ചു നോക്കൂ, കേരളത്തിലെ നഗരങ്ങളില്‍ ധനികര്‍ പോലും   താമസിക്കുന്ന സ്ഥലങ്ങളില്‍ പോലും ഇടുങ്ങിയ റോഡുകളായിരിക്കും നമ്മുക്ക് കാണാന്‍ കഴിയുക.. അത് കാണുമ്പോള്‍ നിരാശയും പൂര്‍വികരോട് പുച്ചവും ഒക്കെ തോന്നും.  വഴി വേണ്ടെന്നു ശഠിച്ച അവരുടെ അപ്പനപ്പൂപ്പന്മാര്‍ ചെയ്ത തെറ്റിന്റെ ഫലം ഇന്നവര്‍ അനുഭവിക്കുന്നു.  അതെ സമയം ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഉള്ള റോഡുകള്‍ക്ക് പോലും ആവശ്യമായ വീതി ഉണ്ടായിരിക്കും.  കാരണം നഗരങ്ങളിലെക്കാള്‍ ഹൃദയവിശാലതയും സഹകരണവും ശുദ്ധ മനസ്കരായ ഗ്രാമീണര്‍ക്കുണ്ട്. 
 
മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ റോഡുകള്‍ക്ക് വീതി കൂട്ടിയതോടൊപ്പം തന്നെ വിശാലമായ മേല്‍പ്പാലങ്ങള്‍ പണിതു. എന്നിട്ടും ഇപ്പോഴും ഭീകരമായ ട്രാഫിക് ജാം, അതിനു പരിഹാരം  കാണുവാന്‍ മാഹിയില്‍ നിന്നും ‘നരിമാന്‍പോയിന്റ്‌’ലേയ്ക്ക് 22 കിലോമീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം പോലും പണിതു. എന്നിട്ടും ആ നഗരത്തിലെ യാത്രാപ്രശ്നം ഭീകരമാണ്.  ജനസംഖ്യ വര്ദ്ധനവിനെക്കാള്‍ എത്രയോ മടങ്ങ്‌ കൂടുതലാണ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം. അതിനുസരിച്ച് അല്ലെങ്കില്‍, അത് മുന്‍പില്‍ കണ്ടുകൊണ്ടുള്ള റോഡ്‌ വികസനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഫലമോ? ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചിട്ടുള്ള പരിമിതമായ റോഡുകള്‍ മാത്രമാണ് നനമുക്കിന്നുമാശ്രയം.  അതെ സമയം, കുറഞ്ഞ ജന സംഖ്യ യുള്ള രാജ്യങ്ങള്‍ പോലും 50/100 വര്‍ഷങ്ങളെ മുന്നില്‍ കണ്ടുകൊണ്ടു റോഡ്‌ അടക്കമുള്ള യാത്രാ സൌകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഭാരതം ഇപ്പോഴും ഇക്കാര്യത്തില്‍ ശോചനീയകരമാം വിധം പിന്നില്‍ തന്നെയാണ് എന്ന് പറയാന്‍ സാധിക്കും , സര്‍.
 
ഞങ്ങളുടെ വാഹനം നല്ല വേഗതയില്‍ താന്നെ പുതുതായി പണിതീര്‍ന്ന മനോഹരമായ ദേശീയ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഒരു ദേശീയ പാതയുടെ സൌകര്യങ്ങളും ഗുണവും മാഷ്‌ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. എന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയും ഇടയ്ക്കിടെ ചെറിയ തിരുത്തലുകളും അഭിപ്രായങ്ങളും ഒക്കെയായി ഞങ്ങളുടെ സംവാദം നല്ല രീതിയില്‍ പുരോഗമിച്ചു കൊണ്ടുമിരുന്നു.. പിന്നിലിരുന്ന സംഘാംഗങ്ങള്‍ക്ക് സമാധാനമായി.  വാഹനം സേലത്ത് എത്തുവാന്‍ ഇനിയും ഏതാണ്ട് ഒരു മണിക്കൂര്‍. ഭക്ഷണം അവിടെയാകാം എന്ന ധാരണ നേരത്തെയുണ്ടായിരുന്നു. 
 
അഴീക്കോട്‌ മാഷിന്റെ രോഷം മാറി സംവാദത്തിന്റെ തലത്തിലേയ്ക്ക് എത്തുകയും എന്റെ വാക്കുകള്‍ക്ക് അദ്ദേഹം അര്‍ഹിക്കുന്ന ഗൌരവം നല്‍കുകയും ചെയ്തിരുന്നൂ എന്നത് ആശ്വാസകരമായി, ഒപ്പം പ്രചോദനകരവും.  
 
പക്ഷെ  പെട്ടെന്നാണ് അല്പം രോഷത്തോടെ വീണ്ടും മാഷ് ചോദിച്ചത്. “അതൊക്കെ ശെരിയാണ്. പക്ഷെ കേരളത്തിലെ റോഡുകള്‍ക്ക് വീതി കൂട്ടാന്‍ സ്ഥലം എടുക്കുക അത്ര എളുപ്പമല്ലെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നവരുടെ എണ്ണം വളരെ വലുതാണെന്നും നിങ്ങള്‍ക്കറിയാമോ.?  ”  
 
അറിയാം സര്‍, അതറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ഒരു ആശയമാണ് ഞാന്‍ മുന്‍പേ പറഞ്ഞത്.
 
അതായത്, റോഡിനു കുറഞ്ഞത് 90/70 മീറ്റര്‍ വീതി എന്ന് തീരുമാനിച്ചാല്‍ 150 മീറ്റര്‍ വീതിയില്‍ സ്ഥലം അക്വയര്‍ ചെയ്യുക. റോഡിനാവശ്യമുള്ള 80 മീറ്റര്‍ [മൊത്തത്തില്‍ ] കഴിഞ്ഞുള്ള ഭൂമിയില്‍ തന്നെ മനോഹരമായ കെട്ടിടങ്ങളും വീടുകളും ഒരേ രീതിയില്‍ പണിയുക. താഴെ വ്യാപാരങ്ങല്‍ക്കുപയുക്തമായും മുകളില്‍ വീടുകളോ  ഫ്ലാറ്റുകളോ ഒക്കെയായും പണിത് അതാതിടങ്ങളില്‍ കുടിയോഴിപ്പിക്കുന്നവര്‍ക്കായി പുനരധിവാസം ഒരുക്കാം.  ഒരു ദേശീയപാതയുടെ  ഒരു വശം പച്ചപ്പിനാലും, മറുവശം പുനരധിവാസത്തിനുള്ള രമ്യഹര്‍മങ്ങളായും വ്യാപാരസ്ഥാപനങ്ങളായും  മാറുമ്പോള്‍ ഉള്ള ഒരു സൌന്ദര്യം  ഒന്നാലോചിച്ചു നോക്കൂ ,   അങ്ങിനെ വന്നാല്‍ ആരാണ് കുടിയൊഴിയുവാന്‍  തയ്യാറാവാതിരിക്കുക, എന്ന് മാത്രമായിരിക്കും എന്റെ ചിന്ത. അത് കൊണ്ട് ഇപ്പോഴും എന്റെ മുന്‍ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു സര്‍.
 
വിജയ്‌ ആശയം കൊള്ളാം, അത്തരം വിശാലമായ ഒരു പദ്ധതിക്കുള്ള സാമ്പത്തിക സമാഹാരം നിസ്സാരമല്ല, ഭീമമാണ് എന്നോര്‍ക്കണം. 
 
അറിയാം സര്‍, വിഭാവസാമാഹരണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.  ധനകാര്യ സ്ഥാപനങ്ങളുടെയും ലോകബാങ്ക് പോലുള്ള സ്രോതസ്സുകളുടെയും സാധ്യത ഉണ്ടല്ലോ. ചൈന അടക്കമുള്ള വികസിത-വികസ്വര രാജ്യങ്ങളിലെല്ലാം ബി ഓ ടി [Build, operate, and transfer] അടിസ്ഥാനത്തിലാണ് റോഡ്‌ നിര്‍മാണം നടക്കുന്നത്.  അതിനു എല്ലാ രാജ്യങ്ങളിലും ടോള്‍ പിരിവും ഉണ്ട്. അനാവശ്യമായ ടോള്‍ പിരിവിനെയാണ് നമ്മള്‍ എതിര്‍ക്കേണ്ടത്. നിര്‍ദ്ധിഷ്ട കാലാവധി കഴിഞ്ഞും ഇവിടെ ടോള്‍ പിരിവ് നടക്കുന്നു എന്നതൊക്കെയാണ് ജനങ്ങളെ ടോള്‍  പിരിവിനു എതിരാക്കുന്നത്. എന്നാല്‍ ആവശ്യമായ ഇത്തരം പദ്ധതികള്‍ക്ക് ടോള്‍ പിരിവിലൂടെ മാത്രമേ വിഭവസമാഹരണവും പദ്ധതി നിര്‍വഹണവും സാദ്ധ്യമാകൂ എന്നതിന് ലോകം മുഴുവന്‍ മാതൃകയായി നമുക്ക് മുന്‍പില്‍ ഉണ്ട്.
 
 പദ്ധതികള്‍  ഘട്ടം ഘട്ടമായി ചെയ്യാം. ആദ്യം റോഡിനുള്ള സ്ഥലം ഒഴിവാക്കിയിട്ട് പുനരധിവാസം നടക്കട്ടെ. രണ്ടാം ഘട്ടം മതി റോഡു നിര്‍മാണം., പക്ഷെ അങ്ങിനെ ചെയ്യുമെങ്കില്‍ കുറഞ്ഞത്  അടുത്ത 100 വര്‍ഷത്തേക്കെങ്കിലുമുള്ള യാത്രാപ്രശ്നത്തിനു പരിഹാരമാകും. ഒരു കാര്യം കൂടി പറയാനുണ്ട് സര്‍, ഇനിയും ഭാവിയില്‍  ദേശീയ പാതയ്ക്ക് വീതി കൂട്ടുക എന്നതും ബുദ്ധിമുട്ടായിരിക്കും, കാരണം ജനസന്ഖ്യയും വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. 
 
അപ്പോഴേക്കും ഞങ്ങള്‍ സേലത്ത് എത്തിയിരുന്നു. ഭക്ഷണത്തിനായി ഹോട്ടലില്‍ കയറി. ഞങ്ങളുടെ സംവാദത്തിന്റെ ഗൌരവവും ചൂടും മനസ്സിലാക്കി സംഘാ൦ഗങ്ങള്‍ ഞങ്ങളെ ഒരു മേശയരികില്‍ ഇരുത്തിയിട്ട് അവര്‍ മാറിയിരുന്നു. 
 
സര്‍, നിര്‍ദ്ധിഷ്ട ‘ശബരി റെയില്‍പാത’ യോടുള്ള എതിര്‍പ്പ്, രാഷ്ട്രീയം മാത്രമല്ല, പ്രാദേശികമായ വടം വലികളുമാണ്. പക്ഷെ അത് മൂല റെയില്‍ പാതയെ വേണ്ടെന്നു പറയുന്നതിന്റെ യുക്തി എന്താണ് സര്‍, കൊച്ചിമെട്രോ പോലുള്ള പദ്ധതികളോട് ഉള്ള എതിര്‍പ്പും ആലോചിച്ചാല്‍ പലരുടെയും സ്വാര്‍ത്ഥത യും അത്യാഗ്രഹവുമാണെന്ന് മനസ്സിലാകും.
 
ഭക്ഷണം കഴിഞ്ഞു  തിരികെ യാത്ര തുടര്‍ന്നപ്പോള്‍ സര്‍ സ്വയമെന്നവണ്ണം പറഞ്ഞു, വിജയ്‌ പറഞ്ഞതില്‍ കാര്യമില്ലാതില്ല. നമ്മള്‍ ഇപ്പോഴും പഴഞ്ചന്‍ രീതികളിലൂടെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അത് മാറേണ്ടിയിരിക്കുന്നു.  
 
അതെ സര്‍, നമ്മുടെ പഴഞ്ചന്‍ രീതികളും ചിന്തകളും മാറ്റേണ്ടിയിരിക്കുന്നു. അതിനു നമ്മള്‍ പാശ്ചാത്യപൌരസ്ത്യ ദേശങ്ങളെ കണ്ടു പഠിക്കുകയും വേണം. അതും പറഞ്ഞു വാഹനത്തിലേക്ക് കയറുമ്പോള്‍ പുതു അറിവുകൾ  ശ്രദ്ധിക്കുവാനും പഠിക്കുവാനുമുള്ള അഴീക്കോട്‌ മാഷിന്റെ വലിയെ ഹൃദയത്തെ മനസ്സാ നമിക്കതിരിക്കാൻ കഴിഞ്ഞില്ല.

Leave a Reply