വിനോദസഞ്ചാരവും അല്‍പ്പം ചരിത്രവും
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
എന്തും വില്ക്കാമെന്നും ലാഭമുണ്ടാക്കാമെന്നും തെളിയിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്ക് മുന്‍പുവരെയും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചുതന്നിരുന്ന ശുദ്ധജലം കുപ്പിയിലാക്കി വില്ക്കാമെന്നും അതിന് പാലിനെക്കാളും വിലയുണ്ടാകുമെന്നും കുറഞ്ഞപക്ഷം കേരളീയരെങ്കിലും കരുതിയിരുന്നു എന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കുമല്ലോ, മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിയ്ക്കുവാനും കേരളത്തിന്റെ ജലസമൃദ്ധി യഥേഷ്ടം ഉപയോഗിക്കുവാന്‍ തമിഴ്‌നാടിനെ അനുവദിയ്ക്കുന്ന ഒരു കരാറില്‍ ഒപ്പിട്ടുകൊടുക്കുവാനും നമ്മുടെപൂര്‍വ്വിക ഭരണാധികാരികളെപ്പോലും പ്രേരിപ്പിച്ചത്.
ചരിത്രാതീതകാലം മുതല്‍ മനുഷ്യരേയും മൃഗങ്ങളേയും ദ്രവ്യങ്ങളെയും ഒക്കെ വിറ്റു കാശാക്കിയിരുന്ന നമുക്ക് നമ്മുടെ പ്രകൃതിയുടെ ഈ കമനീയ സൗന്ദര്യം വില്ക്കാമെന്ന് ചിന്തിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ അതിന് വെടിമരുന്നിട്ടത് വയലാര്‍ രാമവര്‍മ്മയെപ്പോലുള്ള കവികളാകാം. പ്രകൃതിയെ ഇത്രയേറെ വര്‍ണ്ണിച്ച് ആസ്വാദ്യതയുടേയും തിരിച്ചറിവിന്റെയും ചിന്തകളുടെയും ലോകത്തേക്ക് നമ്മെ വലിച്ചിറക്കി കൊണ്ടുപോയത് അവരൊക്കെയാണെന്ന് ഒര്‍ക്കുമ്പോള്‍ ഇത് ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് പ്രഖ്യാപിച്ച വാണിജ്യ ബുദ്ധിയേയും ശ്ലാഘിക്കേണ്ടിയിരിക്കുന്നു.
അതെ, ”ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്, വരൂ സഞ്ചാരികളെ ഈ പറുദീസയിലേയ്ക്ക്” എന്ന് കേരളം പ്രഖ്യാപിച്ചപ്പോള്‍ അത് ലോകവിനോദ സഞ്ചാരത്തിന്റെ ദിശയെ തന്നെ സ്വാധീനിക്കുന്ന ഒന്നാകുമെന്ന് പെട്ടെന്ന് ആരും കരുതിയില്ല. വിനോദ സഞ്ചാരം ഒരു പക്ഷേ ഒരു വ്യവസായമായി പ്രഖ്യാപിച്ച ഭാരതത്തിലെ പ്രഥമ ദേശവും കേരളമായിരിക്കും. 1986 ജൂലൈ 11-ാം തീയതി പുറത്തിറങ്ങിയ ഒരുത്തരവിലൂടെയായിരുന്നു അത്. പിന്നെയും ആറ് വര്‍ഷം കഴിഞ്ഞാണ് ഭാരത സര്‍ക്കാര്‍ 1992-ല്‍ വിനോദസഞ്ചാരത്തെ ഒരു ”ഹോസ്പിറ്റാലിറ്റി സെക്ടര്‍” (Hospitality Sector) ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2000 മാണ്ടില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ”വിഷന്‍ 2020′ (Vision 2020) എന്ന നയരേഖയും ഇത്തരത്തില്‍ സുപ്രധാനമായ ഒന്നാണ്.
എന്തിനേറെ…? ലോകരാഷ്ട്രങ്ങള്‍ പോലും വിനോദസഞ്ചാരത്തെ തിരിച്ചറിയുന്നതും ഔദ്യോഗികമായി അംഗീകരിക്കുന്നതും 2009 ഡിസംബര്‍ ഒന്നാം തീയതി പോര്‍ച്ചുഗീസിന്റെ തലസ്ഥാനമായ ‘ലിസ്ബണില്‍’ (Lisbon) വച്ചു കൂടിയ ഒരു സമ്മേളനത്തിലാണ് ‘ലിസ്ബണ്‍ ട്രീറ്റി’ എന്ന് അതറിയപ്പെടുന്നു.
യൂറോപ്യന്‍ യൂണിയന്റെ ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ 0.5% വിനോദസഞ്ചാര മേഖലയില്‍ നിന്നാണെന്ന് അവര്‍ വിലയിരുത്തി. ഏതാണ്ട് 1.8 മില്യണ്‍ സംരംഭകരും അതിനനുസരിച്ച് സ്ഥാപനങ്ങളും ഈ രംഗത്ത് സജീവമാണെന്നും അവരിലൂടെ യൂറോപ്യന്‍ യൂണിയന്റെ തൊഴില്‍ ശക്തിയിലെ 5.2% (ഏതാണ്ട് 9.7 മില്യണ്‍ തൊഴിലാളികള്‍) ഈ മേഖലയില്‍ പണി എടുക്കുന്നു എന്നതും ഒരു തിരിച്ചറിവായിരുന്നൂ. ലോകത്താകമാനം ഏതാണ്ട് 275 മില്യണ്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുവെന്നത് വിസ്മയകരമായ ഒരു വിലയിരുത്തലായിരുന്നു.
എന്നാണ് മനുഷ്യന്‍ വിനോദസഞ്ചാരം ആരംഭിച്ചത്? കൃത്യമായി അതു പറയുവാന്‍ കഴിയില്ലെങ്കിലും അനാദികാലത്തെ മനുഷ്യ ജീവിതത്തിന്റെ ആരംഭദിശയില്‍ തന്നെ യാത്ര അനിവാര്യമായിരുന്നു എന്നു കാണാം. ഭക്ഷണത്തിനായും പാര്‍പ്പിടത്തിനായും, പിന്നീട് കാര്‍ഷിക വൃത്തിക്കായും യാത്രകള്‍ ആരംഭിച്ചിരുന്നു. ഭൂഖണ്ഡങ്ങള്‍ പോലും കണ്ടുപിടിക്കപ്പെട്ടതും അടയാളപ്പെടുത്തപ്പെട്ടതും യാത്രകളുടെ ദൗത്യമായിരുന്നു എന്നാല്‍ അത് വിജ്ഞാനത്തിനും വിനോദത്തിനുമായി മാറിയതെപ്പോള്‍? രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുക്രിസ്തു ഭാരതത്തിലും മെസോപ്പൊട്ടാമിയായിലും ഒക്കെ സഞ്ചരിച്ചിരുന്നു എന്നു പറയപ്പെടുന്നു. അത് വിജ്ഞാനത്തിനും പഠനത്തിനും ഒക്കെ വേണ്ടിയായിരിക്കാം. മുഹമ്മദ് നബിയും ധാരാളം യാത്ര ചെയ്തിരുന്നുവത്രെ! അതിനും മുന്‍പ് ബാബിലോണിന്റെയും ഈജിപ്തിന്റെയുമൊക്കെ ചരിത്രത്തില്‍ വിനോദസഞ്ചാരം പ്രബലമായിരുന്നു എന്നു കാണാം. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഈജിപ്തുകാര്‍ ധാരാളം മതപരമായ ഉത്ഭവങ്ങളും കലാപരമായ പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നുവത്രേ. ഒപ്പം സഞ്ചാരികളുടെ താമസത്തിനായി ധാരാളം കെട്ടിടങ്ങളും പണിതിരുന്നു.
തങ്ങളുടെ സാമ്രാജ്യവിപുലീകരണത്തിനായി രാജാക്കന്മാര്‍ സഞ്ചരിച്ചിരുന്നു. ഏതാണ്ട് മുപ്പതുവര്‍ഷത്തോളം വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യുദ്ധം ചെയ്ത് രാജ്യങ്ങളെ കീഴ്‌പ്പെടുത്തി നെപ്പോളിയന്‍ ബോണാപാര്‍ട്ട് എന്നു രാജാവ് നടത്തിയ സാമ്രാജ്യത്വ വിപുലീകരണം ചരിത്രപ്രാധാന്യം നേടിയതും യാത്രകളുടെ വര്‍ദ്ധിച്ച പ്രസക്തിയും സാദ്ധ്യതകളും ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതുമായിരുന്നു. ഒപ്പം പുരോഹിതന്മാര്‍ മതപരമായ കാര്യങ്ങള്‍ക്കും യാത്ര ചെയ്തു. ഗ്രീക്കുകാര്‍ ശാന്തിയും അനുഗ്രഹവും തേടി ധാരാളം ദേവതമാരെ ആരാധിക്കുകയും യാത്രകള്‍ അനിവാര്യമാക്കുകയും ചെയ്തു. ഒപ്പം കായിക മേളകളുടെ ഒരു പറുദീസയായി ഗ്രീസും ഏതന്‍സും വളര്‍ന്നപ്പോള്‍ ധാരാളം സഞ്ചാരികളെ അവിടെയ്ക്കും ആകര്‍ഷിക്കുവാന്‍ അതിടയാക്കി. ക്രമേണ സഞ്ചാരികള്‍ക്കുവേണ്ടി വലിയ തുറുമുഖങ്ങളും, പട്ടണങ്ങളും കെട്ടിടങ്ങളും അവര്‍ പണിതു. ഈ കാലഘട്ടത്തില്‍ തന്നെയാണ് യാത്രാ വിവരണങ്ങളുടെയും ഉദയം കണ്ടത്. ‘ഹേറോഡോട്ടസ്’ എന്ന സഞ്ചാരസാഹിത്യകാരനാണ് ഇത്തരുണത്തില്‍ പ്രഥമ ശ്രേണിയില്‍ അറിയപ്പെടുന്നത്.
പ്രത്യേകമായി അടയാളപ്പെടുത്താതിരുന്ന ഇംഗ്ലണ്ടിന്റെയും സിറിയയുടേയും ഭൂപ്രദേശങ്ങള്‍, ഒപ്പം റോമന്‍ പടയാളികളുടെ കടുത്ത ജാഗ്രതയിലൂടെ കടല്‍ക്കൊള്ളക്കാര്‍ ഇല്ലാത്ത സമുദ്രവും അനുബന്ധമായി വളര്‍ന്നു വികസിച്ച നല്ല റോഡുകളും ഈ പ്രദേശത്തേക്ക് വ്യാപാരികളേയും സഞ്ചാരികളേയും ഒക്കെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ധാരാളം ഹോട്ടലുകളും മറ്റും അവിടെ വളരുകയും ചെയ്തു. സഞ്ചാരികളുടെ ആധിക്യം റേമാക്കാരെ ആദ്യമായി ഒരു ‘ഗൈഡ്’ പുറത്തിറക്കുവാനും നിര്‍ബ്ബന്ധിതരാക്കി. ഐറ്റിനെറേറിയ എന്ന് അത് അറിയപ്പെട്ടു. ക്രമേണ സമ്പന്നരായ വിദേശികള്‍ റോമിനേയും പരിസരപ്രദേശങ്ങളേയും അവരുടെ ‘രണ്ടാംഗ്രഹമായി പരിഗണിക്കുവാന്‍ തുടങ്ങി.
പതിനേഴാം നൂറ്റാണ്ടോടുകൂടി ഔഷധഗുണമുള്ള ശുദ്ധജലസ്രോതസ്സുകളും നീരൊഴുക്കുകളും ലോകത്തിന്റെ പല ഇടങ്ങളിലും സഞ്ചാരികളെ ആകര്‍ഷിച്ചു. അത് സാവധാനം വിനോദസഞ്ചാരമായി ജലാശയത്തിലേക്കും സമുദ്രതീരങ്ങളിലേക്കും വ്യാപിക്കുകയും വന്‍കിട സമുദ്രതീര റിസോര്‍ട്ടുകളുടെ (SPA) ഉദയത്തിന് തന്നെ കാരണമാവുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി രാജ്യാന്തര യാത്രകളില്‍ ഉള്ള താത്പര്യം ലോകജനയില്‍ വര്‍ദ്ധിച്ചു. 1958- ല്‍ 400 സീറ്റുകളുള്ള ബോയിംഗ് 707 ജറ്റ് വിവമാനം പോലുള്ള വലിയ യാത്രാസൗകര്യങ്ങളുടെ ഉദയം യാത്രയുടെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുക മാത്രമല്ലേ യാത്രാചിലവിലും ചിലവഴിക്കേണ്ടുന്ന സമയത്തിലും വലിയ കുറവു വരുത്തുകയും ചെയ്തു. യാത്രകളുടെ സാദ്ധ്യത അങ്ങിനെ വളരെയേറെ വര്‍ദ്ധിച്ചു എന്നു സാരം.
ഭാരതത്തിലാവട്ടെ 5000-ത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ യാത്രയുടേയും അതിന്റെ അനുഭവങ്ങളുടേയും കാഴ്ചകളുടേയും എല്ലാം നല്ല ഒരു ചിത്രം നമുക്കു തരുന്നു. ഇന്‍ഡ്യയും ഇന്‍ഡോനേഷ്യയും ശ്രീലങ്കയും ടിബറ്റും അടക്കമുള്ള ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളും വിശദാംശങ്ങളും അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതായി കാണാം. മുഗള്‍ കാലഘട്ടത്തില്‍ ജഹാംഗീറിനെപ്പോലുള്ള ചക്രവര്‍ത്തിമാര്‍ ധാരാളം സഞ്ചരിക്കുകയും കാശ്മീര്‍ താഴ്‌വരകളില്‍ പോലും വിനോദകേളികള്‍ക്കായി രമ്യഹര്‍മ്മങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നതായി കാണാം.
യാത്രകളുടെ ആരംഭം അനിവാര്യതകളുടേതായിരുന്നു. എന്നാല്‍ വിനോദത്തിലും, വിശ്രമത്തിനുമായുള്ള യാത്ര ഇന്നുകളില്‍ അതിന്റെ വികസ്വര പന്ഥാവിലാണ്. ലോകത്തോടൊപ്പം ഭാരതവും, ഒപ്പം കേരളവും സഞ്ചരിക്കുന്നു. സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അദ്ധ്വാനത്തിന്റെ മിച്ചമൂല്യം വിനോദങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഒരു വിഭാഗം സമ്പന്നരില്‍ നിന്നും മാനവരാശിയെയാകെ സഞ്ചാരത്തിനും വിനോദത്തിനും സുഖവാസത്തിനും പ്രേരിപ്പിക്കുന്ന ഒരു വര്‍ത്തമാനകാലഘട്ടത്തിലാണ് നാമിപ്പോള്‍.
ഇവിടെയാണ് ടൂറിസത്തിന്റെ വര്‍ദ്ധിച്ച പ്രസക്തിയെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നത്. ലോകമാകെ ടൂറിസത്തിന്റെ ധാരയില്‍ അണിമുറുകുമ്പോള്‍ ഭാരതത്തിനും കേരളത്തിനും അതിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ഒപ്പം അഭൗമമായ വൈവിധ്യവും ഉടയാത്ത പ്രകൃതി സൗന്ദര്യവും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. ഒന്നും നഷ്ടപ്പെടാത്ത എന്നാല്‍ ധാരാളം ലഭ്യമാക്കാവുന്ന ഒരു വ്യവസായം. ‘ടൂറിസം’ വളരുമ്പോള്‍ നമ്മുടെ ധാതുവിഭവങ്ങളോ, പ്രകൃതി സമ്പത്തോ ഒന്നും ചിലവാക്കേണ്ടതില്ല. മനുഷ്യമനസ്സുകളെ സ്വച്ഛതയിലേക്കും, ആനന്ദത്തിലേക്കും ആസ്വാദ്യതയിലേയ്ക്കും ഉന്‍മാദത്തിലേക്കുമൊക്കെ നയിക്കപ്പെടാവുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ് വേണ്ടത്. പ്രകൃതിയുടേയും മനുഷ്യഭാവനകളുടേയും സമ്മിശ്രമായ ദൃശ്യവിസ്മയങ്ങളുടെ ഒരു ശ്രേണി അനുഭവവേദ്യമാക്കുക എന്നതാണ് അതിന്റെ ആധാരം. ഭൂമിശാസ്ത്രപരമായി ഭാരതത്തിന്റെ അത്ര വൈവിദ്ധ്യം മറ്റാര്‍ക്കാണുള്ളത്. ഇത്ര സുഖകരമായ കാലാവസ്ഥയില്‍ ആറാടുന്ന മറ്റൊരു ലോക ജനതയുണ്ടോ? ധാതുജൈവ നിക്ഷേപങ്ങളുടെ കലവറയായിട്ടുപോലും നമ്മള്‍ തിരിച്ചറിയുന്നുമില്ല, എങ്ങും എത്തുമെത്തുന്നുമില്ല.
ഇന്ന് ലോകത്താകെ സഞ്ചരിക്കുന്നവര്‍ക്ക് ലക്ഷ്യങ്ങള്‍ ഏറെയാണ്. യാത്രകളുടെ ആരംഭദിശയില്‍ നിന്നും മാറി വിനോദയാത്രകളിലൂടെ വളര്‍ന്ന് വ്യാവസായിക-വിദ്യാഭ്യാസ പര്യവേഷണ രംഗങ്ങളില്‍ തുടങ്ങി കാര്‍ഷികം, ആരോഗ്യം ചികിത്സ, കായികം, ഫോട്ടോഗ്രാഫി, കലാ-സാംസ്‌കാരിക രംഗങ്ങള്‍ എന്നിങ്ങനെ ശൂന്യാകാശയാത്രകള്‍ വരെ ടൂറിസത്തിന്റെ സാദ്ധ്യതകളിലൂടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ഈ രംഗങ്ങളിലെല്ലാം അസാധാരണമായ സാദ്ധ്യതകളുള്ള രാജ്യമാണ് ഭാരതം. പക്ഷേ ഭാരതീയര്‍ ഇപ്പോഴും ഈ രംഗത്ത് പിന്നിലാണെന്ന് കാണാം. ഏതര്‍ത്ഥത്തില്‍ നോക്കിയാലും അനാദികാലം തൊട്ട് ഭാരതീയര്‍ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും വീക്ഷണപരമായുമൊക്കെ സമ്പന്നരായിരുന്നു. ഭാരതീയര്‍ക്കുള്ള ചരിത്രത്തോടൊപ്പം സഞ്ചരിക്കുവാന്‍ ചൈനയ്ക്കു മാത്രമേ കഴിയു. അതാകട്ടെ ഏഷ്യ എന്ന വിഭാഗത്തില്‍ വരുമ്പോള്‍ നമുക്കുകൂടി സ്വന്തം. യൂറോപ്പും, അമേരിക്കയും ഒക്കെ പിന്നീട് വളര്‍ന്ന് വന്നവ മാത്രം. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗങ്ങളിലെല്ലാം ഭാരതത്തിന് പിതൃത്വം സ്ഥാപിക്കുവാനാകുന്ന ആധികാരികത നമുക്കുണ്ട്. വിദ്യാഭ്യാസം, (നളന്ദ, തക്ഷശില പോലുള്ളവ ഉദാഹരണം) വൈദ്യശാസ്ത്രം, വ്യവസായിക വിദ്യഭ്യാസം, വാനനിരിക്ഷണശാസ്ത്രം തുടങ്ങി പൂജ്യം കണ്ടുപിടിച്ച ആര്യഭട്ടന്റെ ചരിത്രം വരെയുള്ളവ പരിശോധിച്ചാല്‍ നമ്മുടെ സമ്പന്നത മനസ്സിലാവും. പക്ഷേ സമ്പന്നതയുടെ ആത്യന്തിക പരിണാമം അലസതയും സുഖലോലുപതയുമാണ്. അത് വളര്‍ത്തുന്നതിലല്ല വിറ്റു തിന്നുന്നതിലേക്ക് ചെന്നെത്തും. ഭാരതീയര്‍ ചെയ്തതും അതൊക്കെ തന്നെയാണ്. അവയെല്ലാം പക്ഷേ പാശ്ചാത്യര്‍. വിലയ്ക്കു വാങ്ങുകയോ പിടിച്ചെടുക്കുകയോ മോഷ്ടിക്കുകയോ ചെയ്ത് അവര്‍ സമ്പന്നരാവുകയാണ്. ടൂറിസം രംഗത്തും സ്ഥിതി വ്യത്യസ്തമല്ല.
ടൂറിസവും അതിന്റെ സാദ്ധ്യതകളും എന്താണെന്ന് മനസ്സിലാക്കുന്നതില്‍, വളര്‍ത്തുന്നതില്‍, ഉപയോഗപ്പെടുത്തുന്നതില്‍ നാം ഇപ്പോഴും പിന്നിലാണെന്ന് കാണാം. ഈ പിന്നോക്കാവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ സ്വയം മനസ്സിലാക്കുവാനും നിന്നും ആക്രമണപരമായ വളര്‍ച്ചയുടെ വേഗത കൈവരിക്കുവാനും നമുക്കായാല്‍ ഒരു പക്ഷേ ആ ഒരൊറ്റ സാദ്ധ്യതയിലൂടെ മാത്രം സാമ്പത്തികമായും സാംസ്‌കാരിമായും ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാകുവാന്‍ നമുക്ക് കഴിഞ്ഞേക്കും.
April 5th, 2013 at 6:09 pm
ടൂറിസത്തിന്റെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍
അശ്രാന്തമായ പരിശ്രമം വേണ്ടിയിരിക്കുന്നു .
ഒപ്പം കാര്യക്ഷമമായ കൃത്യനിര്‍വഹണവും