ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 2

അദൃശ്യശക്തികളുടെ ഇടപെടലുകള്‍ തെറ്റായിരുന്നു എന്ന് ധരിപ്പിക്കുവാന്‍ ടീച്ചര്‍ക്ക് ബാദ്ധ്യതയില്ലേ? അവസരവും കിട്ടിയിയില്ലേ? എന്നിട്ട് എങ്ങിനെയാണ് ഉപയോഗിച്ചത്? രണ്ടു സംഭവങ്ങള്‍ ടീച്ചര്‍ തന്നെ പറയുന്നുണ്ട്.  ”കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഞാനൊരു ഇന്റര്‍വ്യൂവിന് പോയി. ഇന്റര്‍വ്യു ബോര്‍ഡില്‍  ചെയര്‍മാന്‍ സ്ഥാനത്ത് ഇദ്ദേഹമായിരുന്നു. അടുത്ത് ഒന്നു രണ്ട് ബോര്‍ഡംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചു. ഇദ്ദേഹം മിണ്ടിയില്ല. ഞാനദ്ദേഹത്തെ രൂക്ഷമായിട്ടൊന്നു നോക്കി. ഇതായിരുന്നു ആദ്യ അവസരമെങ്കില്‍ ”രണ്ടാമത്തെ സന്ദര്‍ഭം പട്ടാമ്പികോളേജിലെ സംയുക്ത സെമിനാറില്‍ പങ്കെടുക്കുവാന്‍ അഴിക്കോട് മാഷ് ചെന്നപ്പോഴായിരുന്നു. ടീച്ചറുടെ തന്നെ വാക്കുകളില്‍ ”നിറഞ്ഞു കവിഞ്ഞ സദസ് പ്രസംഗം ആസ്വദിയ്ക്കുകയാണ് ഇതിനിടെ സാറാ ജോസഫ് എന്റെ ചെവിയില്‍ പറഞ്ഞു., വിലാസിനി ടീച്ചറേ…. വാക്കുകള്‍ക്ക് മുനയുണ്ടല്ലോ? പാശ്ചാത്യ സാഹിത്യ ദര്‍ശനമായിരുന്നു വിഷയമെങ്കിലും പ്രസംഗം പെട്ടെന്ന് വഴിമാറി. അദ്ദേഹം സംസാരിച്ചത് മുഴുവന്‍ സീതയുടെയും രാമന്റെയും കാര്യങ്ങള്‍. ”രാമന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം, മാപ്പു കൊടുക്കുവാന്‍ സീതയ്ക്കു സാധിച്ചു. എന്ന് പറഞ്ഞ് ചിന്താവിഷ്ടയായ സീതയിലെ പ്രശസ്തമായ ശ്ലോകവും ചൊല്ലി.”

ആദ്യ സംഭവത്തില്‍ ടീച്ചര്‍ രൂക്ഷമായി നോക്കുകയാണ് ചെയ്തത്. രണ്ടാമത്തെ അവസരത്തില്‍ പശ്ചാത്താപവിവശനായ മാഷിനെയാണ് കണ്ടത്. ടീച്ചര്‍ അവകാശപ്പെടുന്നതുപോലെ മാഷിന് വേണ്ടി കാത്തിരിക്കുകയായിരുന്നെങ്കില്‍ അപ്പോഴെങ്കിലും പറയാമായിരുന്നില്ലേ? ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നുവെന്ന്. അതായിരുന്നില്ലേ ശരിയായ സമയം? അതുതന്നെയല്ലേ രോഗശയ്യയിലും മാഷ് ചോദിച്ചത്? ”വിലാസിനിയ്ക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ ഒരു കത്തെഴുതി അയയ്ക്കാമായിരുന്നില്ലേ എന്ന്. പ്രതികാരത്തിന്റെ അദമ്യഭാവനയില്‍ അഭിരമിച്ചിരുന്ന ടീച്ചര്‍ക്ക് അതെല്ലാം വിജയകിരീടമണിയുന്ന നിമിഷങ്ങളായിരുന്നില്ലേ? മറിച്ച് പ്രായോഗികതയുടെ സൗന്ദര്യത്തില്‍ സൗമ്യതയിലൂടെ, വിവേകപരമായ പ്രവൃത്തിയിലൂടെ ജീവിതത്തിലും വിജയം വരിക്കുവാനുള്ള വിവേകവും സംസ്‌കാരവും ടീച്ചര്‍ കാണിച്ചില്ല എന്ന് വേണ്ടേ കരുതുവാന്‍? പക്ഷേ മാഷ് പെണ്ണുകാണുവാന്‍ ചെന്നപ്പോള്‍ തന്നെ ഈ സംസ്‌കാരരാഹിത്യം മനസ്സിലാക്കിയിരുന്നു എന്നു വേണം ചിന്തിക്കുവാന്‍.

അടുത്തറിയുന്നവര്‍ രേഖപ്പെടുത്തുന്നത് അഴീക്കോട് മാഷ് മാധവിക്കുട്ടിയുമായി അവരുടെ അവസാനകാലത്ത് നല്ല സൗഹൃദത്തിലായിരുന്നു എന്നാണ്. മാധവിക്കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളില്‍ ധൈര്യവും ആത്മവിശ്വാസവും പകരുവാനുള്ള ഒരു മനഃശാസ്ത്രപരമായ സമീപനമായിരുന്നു എന്നു തോന്നുന്നു. മാധവിക്കുട്ടി അവരുടെ തോക്ക് അടക്കം പല സമ്മാനങ്ങളും മാഷ്‌ന് നല്‍കി. മാഷുടെ പഴയ കാര്‍ (സീലോ കെ.എല്‍. 7 ഡബ്ല്യു50) ചോദിച്ചു വാങ്ങി വിലയും നല്‍കി. സമയം കിട്ടുമ്പോഴെല്ലാം മാഷ് അവരുടെ വീട്ടില്‍ പോകുകയും നര്‍മ്മ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മാധവിക്കുട്ടിയാകട്ടെ  നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. വിലാസിനി ടീച്ചര്‍ പ്രസിദ്ധപ്പെടുത്തിയ മാഷുടെ കത്തുകള്‍ കണ്ടിട്ട് ഇത്തരം പ്രണയലേഖനങ്ങള്‍ എനിക്കു കിട്ടാതെ  പോയല്ലോ” എന്നു പരിതപിക്കുകയും ചെയ്തു. ഒപ്പം അടുപ്പമുള്ളവരോട് മാഷ് തുറന്നു പറഞ്ഞു. ”ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ മാധവിക്കുട്ടി എന്റെ വീട്ടില്‍ വന്നു താമസിച്ചേനെ” എന്ന്.

പക്ഷേ വിലാസിനി ടീച്ചര്‍ എന്താണ് ചെയ്തത്. കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം മാഷിനെ താറടിക്കുവാനും വിലകുറച്ചു കാട്ടുവാനും ശ്രമിച്ചു. അവരുടെ അഭിമുഖത്തില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. ”ശാരീരികമായ ബലഹീനതയുണ്ടായിരുന്നെങ്കില്‍ അങ്ങിനെയും സ്വീകരിക്കുവാന്‍  ഞാന്‍ തയ്യാറായിരുന്നു എന്ന് ‘ഷണ്ഡന്‍’  എന്ന് വിളിക്കുന്നതിന് തുല്യമായിരുന്നില്ലേ ആ പ്രസ്താവന? പഴയകാല സംസ്‌കാരത്തില്‍  ഇഷ്ടപ്പെട്ടില്ലെങ്കില്‍, മൃഗങ്ങളുടെ പേരു വിളിച്ച് ആക്ഷേപിക്കുന്നതിന് തുല്യമായിരുന്നില്ലേ അത്. അതായിരുന്നു വിലാസിനി ടീച്ചറുടെ സംസ്‌കാരം എന്ന് ചിന്തിക്കുന്നതും തെറ്റാകില്ലല്ലോ? മാഷുടെ സെക്രട്ടറി സുരേഷ് പറയുന്നൂ ‘സാംസ്‌കാരിക രംഗത്തെ ഒരു സമുന്നത വ്യക്തിത്വം മകളെ പെണ്ണുകാണാന്‍ ചെന്നപ്പോള്‍ വിലാസിനി ടീച്ചറുടെ അച്ഛന്റെ വേഷം ഒരു ലുങ്കിയും തോളത്ത് ഒരു തോര്‍ത്തും, അമ്മയ്ക്ക് ഒരു കൈലിയും ഒരു ബ്ലൗസ്സുമായിരുന്നു’ എന്ന് മാഷ് പറഞ്ഞ് കേട്ടിട്ടുണ്ട് എന്ന്. പക്ഷേ ടീച്ചര്‍ എഴുതുന്നു, എന്റെ വീട് കണ്ടതും അദ്ദേഹത്തിന്റെ മുഖം വല്ലാതായതായി കൂടെ വന്ന സാനുമാസ്റ്റര്‍ പില്ക്കാലത്ത് പറഞ്ഞ് കേട്ടിട്ടുണ്ട്  എന്ന്. 1968 കാലഘട്ടത്തില്‍ നാല് മുറിയും തളവുമുള്ള ഒരു വീട് മോശമായിരുന്നില്ലെന്ന് മാത്രമല്ല, സാമാന്യേന ഗംഭീരവുമായിരുന്നു എന്ന വസ്തുതയെ പോലും ടീച്ചര്‍ വളച്ചൊടിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുകയല്ലേ വേണ്ടത്? (പത്താം ക്ലാസില്‍ പല തവണ എഴുതുകയും തോല്ക്കുകയും ചെയ്ത സഹോദരന്റെ കഥ എന്തായാലും ടീച്ചര്‍ പറഞ്ഞു. ഒപ്പം രണ്ടാം ഭാര്യയിലെ മകളാണ് താനെന്ന കാര്യം മറച്ചു വെച്ചിരുന്നു എന്നും ടീച്ചര്‍ പറയുന്നു. അത്രയും നല്ലത്). അതുകൊണ്ടൊക്കെ തന്നെയായിരിക്കും മാഷ് എഴുതിയത് ”വിവാഹം വെറും സ്‌നേഹം കൊണ്ടുമാത്രം നടക്കുന്നതല്ല, വിവാഹത്തിനു ശേഷം വിലാസിനിക്ക് സ്വന്തം വീട്ടിലേക്ക് പോകണമെന്നു തോന്നിയാല്‍ ഞാന്‍ കൂടെ വരില്ല, ഒറ്റയ്ക്ക് വിടുകയുമില്ല എന്ന്. അന്ന് അവിടെ കണ്ട സാംസ്‌ക്കാരികഔന്നത്യം മാഷ്‌ക് പിടിച്ചിരുന്നില്ല എന്ന് വ്യക്തമല്ലേ ഈ പ്രസ്താവനയില്‍?

എന്നിട്ടും മാഷ് സ്വയം നീതികാട്ടുവാന്‍ ശ്രമിച്ചു. ടീച്ചറുടെ വീട്ടില്‍ പേയിവന്നതിനുശേഷം  പ്രണയലേഖനം എഴുതിയില്ല. ഉണ്ടായ നീരസം മറച്ചുവെച്ചില്ല. ഒരു ദിവസം പോലും വൈകാതെ വിവാഹം നടക്കില്ല എന്നറിയിച്ചു. അതിന് മാഷ് പറഞ്ഞ പ്രധാന കാരണം അമ്മയ്ക്കിഷ്ടമായില്ല എന്നു തന്നെയാണ്. തൃശൂരിലെ ഇരവിമംഗലത്ത് സാമാന്യം വലിയ ഒരു വീടു പണിതു താമസമാക്കിയ മാഷോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു മാഷ് ഒറ്റയ്ക്ക് ഇവിടെ എങ്ങിനെ താമസിയ്ക്കും എന്ന്. അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ”ഞാന്‍ ഒറ്റയ്ക്കല്ല എന്റെ അമ്മയും ഇവിടെയുണ്ടെന്ന്.” അമ്മയോട് അദ്ദേഹത്തിനുള്ള കടുത്ത സ്‌നേഹവും വിധേയത്വവും അദ്ദേഹം എഴുത്തിലും പ്രസംഗത്തിലും ധാരാളമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.

”മാറോടണച്ചു ചുംബിച്ചു
കാലില്‍ വെച്ചാട്ടിയങ്ങനെ
മാറാതെ നില്ക്കുവോരമ്മേ
നീയല്ലാതില്ലോരാശ്രയം” എന്ന കവിതാ ശകലത്തിലൂടെ അദ്ദേഹം ആത്മകഥയിലും രേഖപ്പെടുത്തുന്നു.

ഒരു പക്ഷേ അമ്മയോട് തുറന്നു സംസാരിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് വിജയിച്ചില്ല എന്നകാര്യവും സംഭാവ്യമാണ്. പക്ഷേ ഇവിടെ എടുത്തു പറയേണ്ടുന്ന വസ്തുത ഈ വിവാഹം വേണ്ടെന്ന് വച്ചത് ഇതിലും ഭേദപ്പെട്ട മറ്റൊരു വിവാഹത്തിന് വേണ്ടി ആയിരുന്നില്ല എന്നതാണ്. തന്റെ തീരുമാനത്തിന്റെ ശരിയും സാംഗത്യവും ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടി തന്നെയാണ് ”എനിക്കിനി മറ്റൊരു വിവാഹവും വേണ്ട എന്നു തീരുമാനിച്ചതും എഴുതിയതും. അതിനെ ‘ഷണ്ഡത്വം’ ആയി വ്യാഖ്യാനിക്കുന്ന ടീച്ചറുടെ സംസ്‌കാരം മുന്‍കൂട്ടി അറിയുവാനോ ചിന്തിക്കുവാനോ മാഷ്‌ക്ക്  കഴിഞ്ഞിരുന്നൂ എന്നതും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സത്തയും പശ്ചാത്തലവും ഒരുക്കിയിരുന്നു എന്നു വേണം കരുതുവാന്‍.

ഇവിടെയൊന്നും ആരും ടീച്ചറെ കുറ്റം പറയില്ലെങ്കിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോള്‍ ദുഃഖം മാത്രമല്ല അറപ്പും തോന്നിപ്പോകും, ചില സംഭവങ്ങളിതാ..! സുകുമാര്‍ അഴീക്കോട് സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ വിലാസിനി ടീച്ചര്‍ അഡ്വ. വി. എ. മുഹമ്മദ് മുഖേന സുകുമാര്‍ അഴിക്കോടിന് വക്കീല്‍ നോട്ടീസയച്ചു. ഒന്നുകില്‍ തന്നെ വിവാഹം കഴിയ്ക്കണമെന്നും ഇല്ലെങ്കില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആയിരുന്നു ആവശ്യം. അഴീക്കോടിനെതിരെ ശക്തമായ ബൗദ്ധിക ആക്രമണങ്ങള്‍ ഉണ്ടായപ്പോഴൊക്കെയാണ് ടീച്ചര്‍ പ്രത്യേക്ഷപ്പെട്ടിട്ടുള്ളത്. വാര്‍ദ്ധക്യത്തിന്റെ അന്ത്യപാദത്തിലും കടുത്ത ആരോപണങ്ങളും, വിലകുറഞ്ഞ വാക്കുകളുമായി ആഴീക്കോട് മാഷിനെ ആക്രമിച്ചതും ടീച്ചര്‍ തന്നെയായിരുന്നു. മാഷിന്റെ അതേവരെയുള്ള എല്ലാ യശസ്സുകളേയും നിഷ്പ്രഭമാക്കുന്ന തരത്തില്‍ മരണക്കിടക്കയ്ക്കരുകില്‍ പോലും എത്തി വിലകുറഞ്ഞ പ്രകടനം നടത്തി ചരിത്രത്തില്‍ നിന്നു തന്നെ കളങ്കിതാരോപണങ്ങളിലൂടെ മാഷിനെയും മാഷിന്റെ യശസ്സിനേയും തൃണവല്‍ക്കരിക്കപ്പെടുവാനുള്ള നീചമായ ബുദ്ധിയും പ്രവൃത്തിയുമാണ് അവര്‍ ചെയ്തത് എന്നതുകൊണ്ടു തന്നെ ഒട്ടും മാപ്പര്‍ഹിക്കാത്ത, സഹതാപം അര്‍ഹിക്കാത്ത ഒരു സ്ത്രീയായി അവരേയും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

അതിന്റെ ഉല്‍ഘാടന കര്‍മ്മവും മാഷ് തന്നെ വേദനയോടെ നിര്‍വ്വഹിച്ചിട്ടാണ് ഇഹലോകം വെടിഞ്ഞത് എന്നുമോര്‍ക്കണം. ”ഈ ആഭിചാര പണികളെല്ലാം നടത്തിയിട്ടും ശത്രുവിന് ഒരു പരിക്കും പറ്റിയില്ലെന്ന് കണ്ട പ്രതികാര മൂര്‍ത്തികള്‍ ഇതിനിടെ അവസാന കൈയ്യായി ചില മാരക പ്രയോഗങ്ങള്‍ നടത്തി. സംഭവം കഴിഞ്ഞ് അര നൂറ്റാണ്ട് ആയെന്നോര്‍ക്കുക. ഹൃദയം വിദ്വേഷവിഷം കൊണ്ട് നിറഞ്ഞാല്‍, എതിരാളിയെ വിഷം കൊടുത്തിട്ടായാലും നശിപ്പിക്കണമെന്ന വാശി വളര്‍ന്നു കൊണ്ടേയിരിക്കും. എതിരാളിക്ക് വല്ലതും പറ്റട്ടെ പറ്റാതിരിക്കട്ടേ. മാക്ബത് പ്രഭ്വി വിലപിച്ചതുപോലെ സുഖനിദ്രയും മനഃസുഖവും ഇക്കൂട്ടര്‍ക്ക് നഷ്ടപ്പെട്ടിരിക്കുമല്ലോ? ഭഗ്‌ന പ്രേമം കൊണ്ട് വിഷാദിച്ച് കഴിയുന്ന തരുണിയും പകിടക്കുള്ളിലെ കലിയും ടി.വി. ചാനലില്‍ പ്രത്യക്ഷപ്പെട്ട് സത്യം പറയുന്നതിന്റെ ആര്‍ജ്ജവം അഭിനയിച്ച് പലതും പറഞ്ഞു. പക്ഷേ അഴിക്കോട് ഇതൊന്നും കൂട്ടാക്കാതെ ശതാഭിഷിക്തനായി. ഇത്ര കടുത്ത പകയോടെ എന്നെ കൂട്ടുകാരനൊപ്പം വേട്ടയാടുന്ന ഈ തന്വംഗിയെ പാണിഗ്രഹണം ചെയ്തു പോയിരുന്നെങ്കില്‍ ശതാഭിഷേകം വരെ ആള്‍ എത്തുമോ എന്ന കാര്യം ചിന്ത്യമാണ്” എന്നാണ് അഴിക്കോട് മാഷ് അത്മകഥയില്‍ ടീച്ചറേയും ടീച്ചറുടെ പ്രേമത്തെയും കുറിച്ച് എഴുതിയിരിക്കുന്നത്. (അഴിക്കോടിന്റെ അത്മകഥ – രണ്ട്, പേജ് 253)

സീതയേയും, പാഞ്ചാലിയേയും, മന്ദരയേയും, ഒക്കെ കൂടാതെ വാസവദത്തയും, നളിനിയും, പൂതനയും താടകയുമൊക്കെ കഥകളായി നമുക്ക് മുന്‍പിലുണ്ട്. രാമനെ പ്രേമിച്ച് നിരാശയായി ലക്ഷ്മണനെ കാമപൂര്‍ത്തിക്കായി സമീപിച്ച ശൂര്‍പ്പണഖയുടെ കഥയും ലങ്കാദഹനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അനുഭവവും കഥകളായി നമുക്ക് മുന്‍പിലുണ്ട്. സര്‍വ്വാദരണീയനായ ഭീഷ്മരെ പ്രണയിച്ച് നിരാശയായി അവസാനം പ്രതികാരദാഹിയായി ശിവനെ പ്രാര്‍ത്ഥിച്ച് ഭീഷ്മരുടെ വധത്തിന് താന്‍ തന്നെയായിരിക്കണം കാരണക്കാരി എന്ന വരം മേടിച്ച്  ‘ശിഖണ്ഡി’യായി ജന്മമെടുത്ത ‘അംബ’ എന്ന കഥാപാത്രവും മഹാഭാരത കഥയിലുണ്ട്.  മഹാഭാരത യുദ്ധത്തില്‍ ആര്‍ക്കും കൊല്ലുവാനാകാതെ ഏകനായി ശത്രുപക്ഷത്തിന്റെ സംഹാരകാരകനായി മാറിയ ഭീഷ്മരുടെ മുന്‍പില്‍ ‘ശിഖണ്ഠി’ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം ആയുധം താഴെ വച്ചത്.

ഇവിടെയും ഇത്തരത്തിലൊക്കെ സംഭവിച്ചുവെങ്കിലും മാഷ് ആയുധം താഴെ വച്ചില്ല. ടീച്ചര്‍ ആശുപത്രിയില്‍ വന്നു പോയതിന് ശേഷവും മാഷ് ഒരു പ്രസ്താവന നല്‍കിയിരുന്നു. അതിപ്രകാരം  ”രോഗവിവരം അന്വേഷിച്ചും ആശ്വസിപ്പിച്ചും നിരവധിപേര്‍ എന്നെ കാണാന്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. അവരുടെ സന്മനസ്സിനും സ്വാന്തനവാക്കുകള്‍ക്കും നന്ദി. എന്നാല്‍ ഒരു സ്ത്രീ എന്നെ സന്ദര്‍ശിച്ച ശേഷം സത്യവിരുദ്ധമായ പലതും പ്രചരിപ്പിക്കുന്നതായി അറിയുന്നു. അവയെ അടിസ്ഥാനമാക്കി ചില മാദ്ധ്യമങ്ങള്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള കാലത്തും എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുള്ള അവരുടെ ഇപ്പേഴത്തെ പ്രവൃത്തിയിലും എനിക്കത്ഭുതമില്ല. പക്ഷേ അസത്യങ്ങള്‍ നിറംപിടിപ്പിച്ച് ആവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്ന് അവരെയും അവരെ ചട്ടുകമാക്കുന്നവരെയും ഞാന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു.”

കേരളത്തിന്റെ സാംസ്‌കാരിക മനസ്സില്‍ യാതൊരുവിധ പ്രസക്തിയും ഇല്ലാതിരുന്ന, യാതൊരുവിധ ചലനങ്ങളും സൃഷ്ടിക്കുവാന്‍ സാധ്യത ഇല്ലാത്ത ഒരു വിഷയം കുത്തിപ്പൊക്കി പ്രാധാന്യത്തോടെ ആഘോഷപൂര്‍വ്വം കൊണ്ടാടുവാന്‍ ചില കോണുകളെങ്കിലും കാണിച്ച വ്യഗ്രത ചില സ്ഥാപിത താല്പര്യങ്ങള്‍ ഇതിന് പിന്നില്‍ ഇല്ലായിരുന്നുവോ എന്ന് അന്വേഷണത്തിലേക്ക് നയിക്കുന്നൂ എന്നത് ഒരു വസ്തുതയാണ്.
ഡോ. സുകുമാര്‍ അഴിക്കോടിന്റെ യശസിനെ നിറം കെടുത്തി ചരിത്രത്തിന്റെ താളുകളില്‍ നിന്നും നിഷ്പ്രഭനാക്കി മാറ്റി നിര്‍ത്തുവാനുള്ള ഒരു സംഘടിത ശ്രമം നടന്നിരുന്നില്ലേയെന്നും അതിന് ടീച്ചര്‍ ഒരു ചട്ടുകമായിരുന്നില്ലേ എന്നും അഴിക്കോട് മഷ് സ്വയം ചിന്തിച്ചിരുന്നു എന്നു വ്യക്തം. ഈ വസ്തുത ഇനിയെങ്കിലും ടീച്ചര്‍ മനസ്സിലാക്കുമെന്ന പ്രതീക്ഷയിലായിരിക്കണം ”ആകാശത്തില്‍ ഉയര്‍ന്നുപൊങ്ങി പോകുവാന്‍ വിലാസിനി എന്നെ സഹായിക്കണം” എന്ന് മാഷ് അവസാനമായി പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല.

2 Responses to “ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 2”

  1. വിജയകുമാര്‍ » Blog Archive » ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവ Says:
    May 8th, 2012 at 9:22 pm

    […] തുടര്‍ന്ന് വായിക്കുക… […]

  2. belsysiby Says:
    April 5th, 2013 at 9:02 pm

    ലൈക്‌

Leave a Reply