മുല്ലപ്പെരിയാറിനു ബദല്‍ ലൈഫ് ജാക്കറ്റ്

എന്താണ് ബ്രാഹ്മമുഹൂര്‍ത്തം…. ? അന്വേഷണങ്ങള്‍ വിപുലവും.  ഉത്തരങ്ങള്‍ ഹ്രസ്വവും അപൂര്‍ണ്ണവും. ഇവിടെ നിന്നും തുടങ്ങുന്നതാണ് ശരി എന്നു തോന്നുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് പറയുന്ന തന്ത്രിക്കോ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. അല്ലെങ്കില്‍ കര്‍മ്മാധികള്‍ ആരംഭിക്കണം എന്ന് ശഠിക്കുന്നു ആചാര്യന്മാര്‍ക്കോ പറഞ്ഞുതരുവാന്‍ കഴിഞ്ഞില്ല എപ്പോഴാണ് ഈ ബ്രാഹ്മമുഹൂര്‍ത്തം എന്ന്.

പട്ടി കാലന്‍ കൂവിയാല്‍  പഴമക്കാര്‍ പറയും അടുത്ത് എവിടെയോ മരണം ആസന്നമാണെന്ന്. കാരണം കാലനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുവാന്‍ കഴിയുന്ന ഏക ജീവി പട്ടിയാണത്രെ. കോഴി കൂവുന്നത് പുലര്‍ച്ചെ ആണെന്ന് പറയും പക്ഷെ കോഴി കൂവുന്നതിന് ഒരു നിശ്ചിത സമയമുണ്ടെന്ന് ആര്‍ക്കു പറയാന്‍ കഴിയും? അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് പട്ടി കാലന്‍ കൂവുന്നതുപോലെ കോഴി കൂവുന്നതിനും ഏതോ ഒരു നിഗൂഢാര്‍ത്ഥമുണ്ടെന്നാണ്. സൗരയൂഥത്തില്‍ നിന്നും ഭൂമിയിലേയ്ക്ക് നിപതിക്കുന്ന ഏതോ ഒരു തരം അള്‍ട്രാ വൈലറ്റ് രശ്മികള്‍ ദര്‍ശിക്കുവാന്‍ പ്രാപ്തമായത് കോഴികളുടെ കണ്ണുകള്‍ക്ക് മാത്രമാണുപോലും. ഈ അള്‍ട്രാ വൈലറ്റ് രശ്മികളുടെ ദര്‍ശന മാത്രയില്‍ കോഴികള്‍ കൂവും. ഈ സമയത്തെയാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നു പറയുവാന്‍ കഴിയുന്നത് എന്നും പറയാം.

ഈ പ്രത്യേകതരം അള്‍ട്രാ വൈലറ്റ് രശ്മികള്‍ മനുഷ്യശരീരത്തില്‍ പതിച്ചാല്‍ അത് ഊര്‍ജ്ജദായകവും രോഗ പ്രതിരോധാത്മകവും ആണെന്ന് വ്യംഗ്യം. വെളുപ്പാന്‍ കാലത്ത് ഉണരണം, നടക്കണം, കുളിക്കണം കര്‍മ്മാധികള്‍ ആരംഭിക്കണം എന്നൊക്കെ പറയുന്നതിന്റെ ഉള്ളടക്കം അതായിരിക്കും. ഭാരതകഥയില്‍ ഗാന്ധാരി സ്വപുത്രനായ ദുര്യോധനനോട് മഹാഭാരത യുദ്ധത്തിന്റെ അന്തിമ മുഹൂര്‍ത്തങ്ങള്‍ ഒന്നില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് പൂര്‍ണ്ണനഗ്നനായി വരുവാന്‍ ആജ്ഞാപിച്ചു. ആജ്ഞാനുസരണം ബ്രാഹ്മമുഹൂര്‍ത്തത്തില്‍തന്നെ കുളിച്ച് നഗ്നനായി അമ്മയുടെ അരികിലേക്ക് നടന്നു നീങ്ങിയ ദുര്യോധനനുമുമ്പില്‍ ത്രിലോകജ്ഞാനിയായ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെടുകയും ”എന്താ ദുര്യോധനാ നാണമില്ലേ നിനക്ക് പൂര്‍ണ്ണ നഗ്നനായി സ്വന്തം അമ്മയുടെ മുന്നിലേക്ക് പോകുവാന്‍” എന്ന് ആക്ഷേപിക്കുകയും ചെയ്തുവത്രേ. ആക്ഷേപത്താല്‍ അവശനായ  ദുര്യോധനനന്‍ അടുത്ത് നിന്ന താമരയില പറിച്ച് നഗ്നത മറയ്ക്കുവാന്‍ ശ്രമിച്ചു. താമരയിലകളാല്‍ നഗ്നത മറച്ചുകൊണ്ട് ഗാന്ധാരിയുടെ മുന്നില്‍ ചെന്ന് നിന്ന ദുര്യോധനനെ അനുഗ്രഹിയ്ക്കുവാന്‍ ദശാബ്ദങ്ങളുടെ തപസ്യയുടേയും, ദൃഢനിശ്ചയത്തിന്റേയും പാതിവൃത്യത്തിന്റേയും ശക്തി ഉപാസനയിലൂടെ ആവാഹിക്കപ്പെട്ട് മൂടികെട്ടിയ കണ്ണുകളിലെ കെട്ട് അഴിച്ച് കണ്ണുതുറന്ന് മുന്നില്‍ നില്‍ക്കുന്ന സ്വപുത്രന്‍ ദുര്യോദനന്റെ ശിരസ്സു മുതല്‍ പാദം വരെ നോക്കി ഇതേവരെ താന്‍ സംഭരിച്ച മുഴുവന്‍ ഊര്‍ജ്ജവും ശക്തിയും ദുര്യോധനനിലേയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ പരിശ്രമിച്ചു, ഗാന്ധാരി.! അതും പാതിവ്രത്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ശക്തി ബ്രാഹ്മമുഹൂര്‍ത്തത്തിലെ രാസപ്രസരണവുമായി സംയോജിപ്പിച്ച് ശരീരമാസകലം പ്രതിരോധം തീര്‍ത്തുവെന്ന് പറയുന്നു. പക്ഷെ, ശ്രീകൃഷ്ണന്റെ ആക്ഷേപം മൂലം താമരയിലയാല്‍ മറച്ച നഗ്നതയില്‍ മറഞ്ഞുപോയ തുടകളില്‍ ആ പ്രതിരോധം ആവേശിച്ചില്ല. അതുകൊണ്ട് അവസാന യുദ്ധത്തില്‍ അടിച്ചിട്ടും കൊന്നിട്ടും ചാകാതെ കിടന്ന ദുര്യോധനനെ കൊല്ലാന്‍ ഗദകൊണ്ട് തുടയില്‍ അടിച്ച് കൊല്ലുവാന്‍ ആംഗ്യം കാണിച്ച കൃഷ്ണന്‍ കഥാപുരുഷനായി എന്നതും കഥ.

ചുരുക്കിപറഞ്ഞാല്‍ ഈ പ്രപഞ്ചവും, പ്രാപഞ്ചിക സൃഷ്ടികളും, മുഷ്യാതീത അത്ഭുതങ്ങളുമെല്ലാം കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതും പ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കും നിലനില്‍പ്പിനും കാലാകാലങ്ങളില്‍ ആവശ്യമായി വരുന്ന സംഹാര പ്രക്രിയകള്‍ക്കും ഉള്ള മുന്‍ കരുതലുകളെല്ലാം തന്നെ  പ്രകൃതിയില്‍ ഉണ്ടെന്ന് സാരം.  പ്രകൃതിയെ പഠിക്കുവാന്‍ ശ്രമിച്ചാല്‍ ”അനന്തം അഞ്ജാതം” എന്നുതന്നെ പറയേണ്ടിവരും. അതിലെ ജീവജാലങ്ങളും നദികളും പര്‍വ്വതങ്ങളും എന്തിനേറെ ഇതിഹാസങ്ങളും പുരാണങ്ങളൊക്കെയും അതിന്റെ പരിപാലനത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും ആണെന്ന് മനസ്സിലാക്കാം.

എന്നാല്‍ മനുഷ്യന്റെ സാഹസികതളാണ് മുല്ലപ്പെരിയാല്‍ പോലുള്ള സൃഷ്ടികള്‍. നയാഗ്രവെള്ളച്ചാട്ടം പോലുള്ള ഒന്നിനോട് താരതമ്യപെടുത്തുവാന്‍ ഈ മനുഷ്യസൃഷ്ടികള്‍ക്കൊന്നും ആവില്ല. ഇവിടെയാണ് വര്‍ത്തമാനകാലത്തിന്റെ അല്‍പത്വം നമ്മള്‍ മനസ്സിലാക്കുന്നത്. ഈ അല്‍പത്വത്തിന്റെ ഉള്ളില്‍ നിന്ന് പ്രപഞ്ചത്തെ ആകമാനം കൊഞ്ഞനം കാണിക്കുവാന്‍  സാഹസപ്പെടുന്ന വര്‍ത്തമാനകാല ഭരണാധികാരികള്‍ക്ക് കണ്ടെത്തുവാന്‍ കഴിയാത്ത ഒരു വലിയസമസ്യയായി മാറുകയാണ് മുല്ലപ്പെരിയാര്‍. ഈ അണക്കെട്ട് മനുഷ്യനിര്‍മ്മിര്‍മ്മിതമാണ്. അതിലൂടെ സംഭവിക്കുവാന്‍ പോകുന്ന അപകടവും മനുഷ്യനിര്‍മ്മിതമാണ്. പ്രപഞ്ചസൃഷ്ടിയുടെ അന്തരാത്മാവില്‍ ഏതൊന്നിനും പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ മനുഷ്യസൃഷ്ടിയുടെ കാപാലികതയാണ് പരിഹാരങ്ങളിലും മുന്നോട്ടുവരിക എന്നാണ്  മുല്ലപ്പെരിയാല്‍ വിളംബരം ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡി കമ്മീഷന്‍ ചെയ്യുകയോ. ഏറ്റവും കുറഞ്ഞത് 120 അടി ജലനിരപ്പിലേക്ക് എത്തിക്കുകയോ ചെയ്താല്‍ ഈ വിഷയത്തിന് ഒരു താല്‍ക്കാലിക പരിഹാരം ആകും. അതല്ലാതെ ഒരു പുതിയ അണക്കെട്ടുകൊണ്ട് പരിഹരിക്കപ്പെടാവുന്ന ഒന്നല്ല മുല്ലപ്പെരിയാര്‍ ഭീഷണി. പുതിയ അണക്കെട്ട് പണിതാലും ദുരന്തഭീഷണി എപ്പോഴുമുണ്ടാകും. അതിഭീമാകരമായ അത്തരമൊരു ദുരന്തത്തെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയമായി വിലപേശുന്ന ഭരണാധികാരികളെ ദ്രാവിഡ സംസ്‌കാരത്തിന്റെ അത്യുന്നതങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. അവിടെ കരുണാനിധിയെന്നോ, ജയലളിതയെന്നോ, വൈക്കോ എന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ലാതാകുന്നു എന്നത് ലജ്ജാകരം തന്നെ. ഇപ്പോള്‍ ഇടുക്കി ജില്ല തന്നെ തമിഴ്‌നാടിന് വേണമെന്ന വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഭരണാധികാരികള്‍ തന്നെയെന്നതും അതീവ ലജ്ജാകരമായ ഒന്നാണ്.

കാലാകാലങ്ങളായി തമിഴ്‌നാടിന്റെ വിനീതവിധേയരായി, ആജ്ഞാനുവര്‍ത്തികളായി, അവരുടെ സല്‍ക്കാരങ്ങളിലെ നിത്യസന്ദര്‍ശകരായി, അവരുടെ പാരിതോഷികങ്ങളുടെ വിനീത സ്വീകര്‍ത്താക്കളായി ജീവിക്കുന്ന കേരളത്തിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖരായ ശിഖണ്ഡികളേയും നമ്മള്‍ സ്മര്യപുരുഷകേസരികളാക്കേണ്ടിയിരിക്കുന്നു. കേവലം 365 ദിവസത്തിനകം പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന കേരള ജലസേചന വകുപ്പ് മന്ത്രിയുടെ  പ്രസ്താവനയ്ക്ക് അര്‍ഹിക്കുന്ന ഗൗരവം പോലും നല്‍കുവാന്‍ കഴിയാത്ത വികാരത്തെ നമ്മള്‍ ഏതു  രീതിയില്‍ മാനിക്കണം. ദുരന്തങ്ങളുടെ വിനാശകരമായ ചരിത്രത്തെ സൃഷ്ടിച്ചു കൊണ്ട് തകര്‍ന്ന ലോക ചരിത്രത്തിലെ 57 ഓളം അണക്കെട്ടുകളുടെ കഥ നമുക്ക് മുന്നില്‍ ഉണ്ട്. എ.ഡി. 575-ല്‍ യമനിലെ ‘ക്ഷേഭ’ എന്ന സ്ഥലത്ത് അക്കാലത്തെ എഞ്ചിനീയറിംഗ് വിസ്മയമായിരുന്നു ‘മാരിബ് ഡാം.’ അത് പലപ്രാവശ്യം തകരുകയും വീണ്ടും പണിയുകയും അവസാനം ഇനി ഒരിക്കലും പുനര്‍സൃഷ്ടിക്കാന്‍ ആവാത്ത രീതിയില്‍ തകര്‍ന്നതോടു കൂടി ഉപേക്ഷിക്കുകയുമാണുണ്ടായത്. ആധുനിക ചൈനയിലെ റൂ നദിക്കു കുറുകെയുള്ള ‘ബാന്‍കിയാവോ ഡാം’ അടക്കം ഏറ്റവും അവസാനം 2011 മാര്‍ച്ചില്‍ ജപ്പാനിലെ ഫ്യൂജിനാമോ ഡാം ഭൂകംബത്തെ തുടര്‍ന്ന് തകര്‍ന്നതു വരെയുള്ള ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വങ്ങളെ തള്ളി പറയാതിരിക്കാന്‍ നമുക്ക് ആകുമോ? മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളുടെ ചെറിയ കണക്കുപോലും മനുഷ്യരാശിയുടെ നിലനില്പ്പിനെ അപകടകരമായ വിധത്തില്‍ നിരാശപ്പെടുത്തുന്ന ഒന്നാണ്. പുരാണത്തില്‍ വായുവിനും ജലത്തിനും അഗ്നിക്കും എല്ലാം അധിപന്മാരായി ദേവന്‍മാര്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്ന് ജലദേവതയും ആയിരുന്നു. വായുവും, അഗ്‌നിദേവന്മാരും അവരുടെ ശക്തികൊണ്ട് വരുണ ദേവന്റെ പിന്നില്‍ നിന്നിരുന്നു വെന്ന് ഇതിഹാസങ്ങള്‍ സൂചിപ്പിക്കുന്നു. അത്തരം ഒരു ശക്തിയെ ഭയപ്പെടുന്ന ആധുനിക മനുഷ്യന്റെ കരുത്ത് എത്ര നിസ്സാരമാണെന്ന് മുല്ലപ്പെരിയാര്‍ വിവാദം നമ്മെ ബോധ്യപ്പെടുത്തുന്നു. കേവലം നാലോ അഞ്ചോ ജില്ലകള്‍ തകര്‍ന്നാല്‍, അവിടുത്തെ മനുഷ്യരേയും, ജീവജാലങ്ങളേയും വസ്തുവഹകളേയും ആകമാനം നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ അവര്‍ പടുത്ത് ഉയര്‍ത്തുന്ന ജീവിതത്തിന്റെ പ്രതീക്ഷകള്‍ എല്ലാം തന്നെ ജലദേഷ്യത്തില്‍ അറബിക്കടലില്‍ നിപതിച്ചാല്‍ കാലഘട്ടത്തിന്റെ റാണിയായി സ്വയം അവരോധിച്ച ജയലളിതയ്ക്കും അവരുടെ കേളികള്‍ക്കായി കൂടെ കൂടിയ ശശികലയ്ക്കും എന്തു നഷ്ടം സംഭവിക്കുവാന്‍? ജയലളിതയുടെ ഭൂതകാലം അറിയാവുന്നവര്‍ ഈ നിലപാടില്‍ ഒട്ടും അത്ഭുതപ്പെടുകയുമില്ല. ഇന്നലെ വരെ ആജന്മ ശത്രുക്കളായിരുന്ന ജയലളിതയും, കരുണാനിധിയും കേരളത്തിലെ അഞ്ചോളം ജില്ലകള്‍ക്ക് സംഭവിക്കാവുന്ന പതനത്തിന്റെ നിഷ്ഠുരഭാവനയില്‍ സ്വയം ആമോദം കൊള്ളുന്നുവെങ്കില്‍ അവരോട് സഹതപിക്കാമെന്നല്ലാതെ നമുക്ക് എന്തു ചെയ്യുവാനാകും. ഒന്നേയുള്ളൂ മാര്‍ഗ്ഗം സ്വയം ഉണര്‍ന്ന് സടകുടെഞ്ഞെഴുന്നേല്‍ക്കുക. അപകടങ്ങള്‍ മനുഷ്യരാശിക്ക് പുത്തരിയല്ല. ആത്മവിശ്വാസവും അപകടങ്ങളെ മുന്നില്‍ കാണാന്‍ കഴിവുള്ള മാനസിക വ്യാപരവും മനുഷ്യരാശിയെ നിലനിര്‍ത്തുന്നു എന്ന സത്യം മനസ്സിലാക്കിയാല്‍ മതി. പരിഹാരം പ്രാപ്തമല്ലാത്ത അവസ്ഥയില്‍ ഇടുക്കി അണക്കെട്ടിന്റെ ഭീഷണിയില്‍ ഉറക്കം പോലും വരാതെ ഭയചകിതരായി കഴിയുന്ന വള്ളക്കടവിലേയും, ചപ്പാത്തിലേയും വണ്ടിപ്പെരിയാറിലേയും ജനങ്ങളുടെ ഭയവും നടുക്കവും ആരെയും അസ്വസ്ഥരാക്കും. ഇങ്ങകലെ മീനച്ചിലാറിന്റെ തീരത്ത് താമസിക്കുന്ന എന്റെയും ഉറക്കം നഷ്ടപ്പെട്ടിട്ട് എത്രയോ ദിനരാത്രങ്ങളായി.

ജയലളിതയും ഉമ്മന്‍ചാണ്ടിയും മന്‍മോഹന്‍സിംഗുമൊക്കെ ഒരുമിച്ചിരുന്ന് ഒരു പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സുപ്രീംകോടതിയും അവരുടെയും കേന്ദ്രഗവണ്‍മെന്റിന്റെയും ഉന്നതാധികാര സുരക്ഷാസമിതികളും ഡാം സന്ദര്‍ശിച്ച് ഒരു പരിഹാമുണ്ടാക്കുമെന്ന പ്രതീക്ഷയും ഡാം തകര്‍ന്നതുപോലെ തകര്‍ന്ന് തരിപ്പണമായി. സമരസമിതി നേതാക്കളില്‍ ചിലര്‍ പുതിയ ഡാമിന്റെ ആവശ്യമേയില്ലെന്ന് പ്രഖ്യാപിച്ച് മറുകണ്ടം ചാടിയപ്പോള്‍ ഇനിയാരെ വിശ്വസിക്കണം, ആരില്‍ പ്രതീക്ഷ അര്‍പ്പിക്കണം എന്ന ചോദ്യവുമായി ഉറക്കം നഷ്ടപ്പെടുന്ന ജനങ്ങളില്‍ ഒരാളായി മാറി.

പക്ഷേ ഇപ്പോള്‍ ഞാന്‍ പ്രഖ്യാപിക്കുന്നു ”മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എനിക്കൊരു ചുക്കുമില്ല, കാരണം ഇക്കഴിഞ്ഞ ദിവസം ലോകത്തിലെ തന്നെ മുന്തിയതരം ലൈഫ് ജാക്കറ്റ് വാങ്ങി അതും ധരിച്ചാണ് ഊണും ഉറക്കവുമൊക്കെ”. ഇപ്പോള്‍ സുഖമായി ഉറങ്ങുന്നു. ഡാം തകര്‍ന്നാലും ആ മലവെള്ളപ്പാച്ചിലില്‍ അതിനുമീതെ ഞാനുമുണ്ടാകും. സ്വന്തം ജനതയേയും ലങ്കന്‍ പുലികളേയും എന്തിനേറെ സ്വന്തം മിത്രങ്ങളെപ്പോലും ഭയന്ന് ഉറക്കം വരാത്ത ദിനരാത്രങ്ങളില്‍ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ച് സുഖമായി ഉറങ്ങുന്ന ‘പുരട്ചി തലൈവര്‍’ ജയലളിതയെപ്പോലെ.

എങ്കില്‍ കേരളത്തിലെ 5 ജില്ലകളിലുള്ള ആളുകള്‍ക്കായി നമുക്കൊരു താത്കാലിക പരിഹാരമെങ്കിലും കണ്ടുപിടിക്കേണ്ടതല്ലേ? അങ്ങനെയെങ്കില്‍ നമുക്കെല്ലാം ഇനിയൊരു അറിയിപ്പു ഉണ്ടാകുന്നതു വരെ ഊണിലും ഉറക്കത്തിലും Life Jacket ധരിക്കാം. മരണം വരെ ഒരു തരം പ്രതീക്ഷ Life Jacket നെങ്കിലും പകര്‍ന്നു നല്‍കുവാന്‍ ആകുമോ എന്ന് പരീക്ഷിക്കുകയും ചെയ്യാമോ? ഒപ്പം മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാരിനും എ.ജി. ക്കും കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുകയും ചെയ്യുകയും ചെയ്യാമല്ലോ? മുന്‍ കരുതലുകള്‍ സുരക്ഷാനടപടികളുടെ ഭാഗമായി 35 ലക്ഷം ജനങ്ങള്‍ക്ക് Life Jacket വിതരണം ചെയ്തിട്ടുണ്ട് എന്ന് ഒപ്പം അതില്‍ ചെറിയൊരു കമ്മീഷന്റെ സാധ്യത കൂടി ഉണ്ടെങ്കിലോ? പണ്ട് ഗാര്‍ഗില്‍ യുദ്ധം നടന്നിരുന്ന സമയത്ത് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാഡ് ശവപ്പെട്ടികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതു പോലെ ……. അങ്ങിനെയെങ്കില്‍ ഒരു വെടിക്ക് എത്രയാ പക്ഷികള്‍….?

Leave a Reply