തോരാത്ത മഴയിലൂടെ!
സെക്ഷന്‍: പുസ്തക റിവ്യൂ
By ഡോ. പള്ളിപ്പുറം മുരളി
എഴുത്ത് എന്നത് സാമൂഹിക ഇടപെടലാണ്. അനുഭവങ്ങളുടെയും ആര്‍ജിതസംസ്‌കാരത്തിന്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം വിനിമയങ്ങളാണ് സാസ്‌കാരിക മേഖലയെ മുന്നോട്ടു നയിക്കുന്നത്. ഏത് ബ്രഹ്ദാഖ്യാനങ്ങള്‍ക്കും മേലെ ചെറിയ ചെറിയ സംവാദങ്ങള്‍ ഉയര്‍ന്നു വരുന്നതും നിരന്തരമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശയങ്ങളിലൂടെയാണ്. ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നു; അതിനാല്‍ ഞാന്‍ ചിന്തിക്കുന്നു എന്ന ‘ദെക്കാര്‍ത്തിയന്‍’ വചനം ശ്രദ്ധേയമാണ്. ചിന്തിക്കുന്നതിനാലാണ് നാം ജീവിക്കുന്നത്. ചിന്ത എന്നത് ഭൗതികവും ആന്തരികവുമായ അവസ്ഥയാണ്. കേവലയാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുകയല്ല, സവിശേഷമാനുഷികാവസ്ഥകളെ പ്രത്യക തരത്തില്‍ കൂട്ടിയിണക്കാന്‍ ശ്രമിക്കുകയാണ് അത് ചെയ്യുന്നത്. ടി.ജി. വിജയകുമാറിന്റെ ‘മഴ പെയ്തു തോരുമ്പോള്‍’ എന്ന രചന നിര്‍വഹിക്കുന്ന ദൗത്യം അതാണ്.
രാജ്യാന്തരപ്രാപ്തിനടത്തുന്ന എഴുത്തുകാരനാണ് ടി.ജി. വിജയകുമാര്‍. പല ഭാഷകളിലൂടെ പല രാജ്യങ്ങളുമായി ആശയവിനിമയം ചെയ്യുന്ന ആള്‍. അനേകം സൗഹൃദങ്ങള്‍. അതില്‍ ഡോ. സുകുമാര്‍ അഴിക്കോടു മുതല്‍ തോട്ടം പണിക്കാരന്‍ തൊമ്മനോടുവരെ ആത്മബന്ധം പുലര്‍ത്താന്‍ തക്ക സവിശേഷ മാനസിക വ്യക്തിത്വമുള്ള മനുഷ്യന്‍. ”എണ്‍പതു കടന്ന ഒരാള്‍ ഒരു വിവാഹം കഴിച്ചൂ എന്നതിനെക്കാള്‍ ആശ്ചര്യകരമായിരിക്കാം അയാള്‍ക്ക് ഒരു പുതിയ സ്‌നേഹിതനെ കിട്ടി എന്ന് പറയുന്നത്. എന്റെ ഏറ്റവും ഒടുവിലത്തെ കണ്ടുപിടുത്തമായിട്ടുള്ള സ്‌നേഹിതനാണ് ശ്രി. ടി.ജി. വിജയകുമാര്‍, ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ രചയിതാവ്.” ഡോ. സുകുമാര്‍ അഴീക്കോട് ഈ പുസ്തകത്തിന് എഴുതിയ അവതാരികയുടെ തുടക്കം ഇപ്രകാരമാണ്. സാമ്പത്തികം, കൃഷി, വ്യവസായം, ജാതി- ജന്മി സമ്പ്രദായം, പെണ്ണെഴുത്ത്, പ്രണയം, പ്രവാസ ജീവിതം, മാധ്യമങ്ങള്‍, പ്രകൃതി, പ്ലാനിംങ്ങ്, മനഃശാസ്ത്രം, ഭക്തി, കക്ഷിരാഷ്ട്രീയം, കേരളീയ ജീവിതശൈലി തുടങ്ങി അനവധി വിഷയങ്ങളേക്കുറിച്ചുള്ള ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിട്ടുള്ളത്.
തീവ്രയാഥാര്‍ത്ഥ്യങ്ങളെ നര്‍മ്മബോധത്തോടെ അനുഭവത്തിന്റെ പ്രതലത്തിലേക്ക് ആനയിക്കാന്‍ കെല്പുള്ള ഈ ലേഖനങ്ങള്‍ ചുരുക്കിയെഴുതിയ ചെറുകഥകള്‍ പോലെ ആസ്വാദ്യകരങ്ങളാണ്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ തിരുത്തിതിരുത്തി ചെറുതാക്കല്‍ വിജയകുമാറിനും വശമാണെന്ന് ഇവ തെളിയിക്കുന്നു. പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വിവേചനബുദ്ധിയോടെ തുറന്നു പറയാനുള്ള തന്റേടമാണ് ഈ കൃതിയുടെ മുഖമുദ്ര. ഒരു സംഭവത്തെ അതിന്റെ ഉള്ളില്‍ കടന്നു പരിശോധിക്കുക; തുടര്‍ന്ന് ഇതര സംഭവങ്ങളുമായി താരതമ്യം ചെയ്യുക- എന്നിട്ട് സ്വയം കണ്ടെത്തിയ കാര്യങ്ങള്‍ മടിയില്ലാകതെ പറയുക, ഇതിനെയാണ് എഴുത്തിന്റെ സൗന്ദര്യം എന്നു വിളിക്കുന്നത്. ‘മഴ പെയ്തു തോരുമ്പോള്‍’ എന്ന കൃതി ഈ നിലയില്‍ വേണം പരിശോധിക്കുവാന്‍.
തൊണ്ണൂറുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബംഗ്‌ളാദേശിലും ദുബായിലും ബോംബെയിലുമൊക്കെ യാത്ര ചെയ്ത സന്ദര്‍ഭങ്ങളില്‍ അതതു ദേശങ്ങളില്‍ നടന്ന രാഷ്ട്രീയ വര്‍ഗ്ഗീയ-വംശീയ കലാപങ്ങളുടെ നേര്‍ക്കാഴ്ചകളിലേയ്ക്കും ആ കലാപങ്ങളുടെ നിഗൂഢോദ്ദേശ്യങ്ങളിലേയ്ക്കും തീവ്രമായി, എന്നാല്‍ ഹൃദയസ്പൃക്കായുള്ള വിവരണത്തിലൂടെ വായനക്കാരനെ കൊണ്ടുപോകുന്നത് അപൂര്‍വ്വമായ ഒരനുഭവം തന്നെയാണ്. പിന്നീട് ഒറീസ്സയിലെ ‘കണ്ഡമാല്‍’ ജില്ലയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിന്റെ അന്തഃസംഘര്‍ഷത്തിലേയ്ക്ക് ഈ അനുഭവങ്ങളെ കൂട്ടിച്ചേര്‍ത്തു വായിക്കുവാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ട് ഇത്തരം കലാപങ്ങളുടെ ഗൂഢസത്തയെയും അവഗണിക്കപ്പെട്ടു പോകുന്ന കാരണങ്ങളേയും നമുക്ക് കാട്ടിത്തരുവാന്‍ ശ്രമിക്കുന്നത് ഒരു പുതമയാര്‍ന്ന എഴുത്തിന്റെയും സാമൂഹ്യപ്രതിബന്ധതയുടേയും സത്യാന്വേഷണത്തിന്റെയും ശ്‌ളാഘിക്കപ്പെടേണ്ട നവപന്ഥാവ് തന്നെയാണ്. ജാതിമതാന്ധതയ്‌ക്കെതിരായ എഴുത്തുകാരന്റെ വിമര്‍ശനവും ശ്രദ്ധേയമാണ്. ”കലാപ ഭൂമികളിലൂടെ” എന്ന ആദ്യലേഖനം തന്നെ ഈ പുസ്തകം നിര്‍ത്താതെ വായിച്ചു തീര്‍ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
പെണ്ണെഴുത്ത് എന്ന പേരില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരികളുടെ നിലപാടുകളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന ലേഖനമാണ് ‘സ്ത്രീ വിമോചനവും പെണ്ണെഴുത്തും’. ആദികാല ചരിത്രത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ തിരസ്‌കരിക്കുകയും ആധുനിക ലോകത്തിലെ സ്ത്രീയുടെ സ്വാതന്ത്ര്യമില്ലായ്മയെ നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്ന ഇവര്‍ സമൂഹത്തിലെ ഇതര ജീവകളോട്, പ്രത്യേകിച്ചും കുട്ടികളോട് കാണിക്കുന്ന ക്രൂരതകളും മറ്റും കണ്ടില്ലെന്നു നടിക്കുന്നതായി ലേഖകന്‍ കുറ്റപ്പെടുത്തുന്നു. ”വായിക്കുന്നതത്രയും താത്രിക്കുട്ടിമാരുടെ ഡയറിക്കുറിപ്പുകളും ലളിതാബിക അന്തര്‍ജനത്തിന്റെയും മാധവിക്കുട്ടിയുടെയും മറ്റും എഴുത്തുകളും മാത്രം. സമകാലിക ജീവിതത്തില്‍ സ്ത്രീയോടൊപ്പം പുരുഷന്മാരും അനവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും വിവാഹക്കമ്പോളത്തില്‍ സ്ത്രീധനം ചോദിക്കുന്ന പുരുഷനോടൊപ്പം തനിക്കിത്ര പവന്‍ സ്വര്‍ണ്ണം വേണമെന്ന് സ്ത്രീയും ശഠിക്കുന്നുണ്ടെന്നും സ്ത്രീ സ്വന്തംകാലില്‍ നില്ക്കാനുള്ള ത്രാണിയാണ് നേടേണ്ടത് എന്നും മറ്റും ഉദാഹരണസഹിതം ലേഖകന്‍ സമര്‍ത്ഥിക്കുന്നു. ആഗ്രഹങ്ങളുടെ തടവറയില്‍ നിന്ന് മോചിക്കപ്പെട്ടാലേ സ്ത്രീക്ക് സ്വന്തം അസ്തിത്വം തിരിച്ചുപിടിക്കാനാവൂ. വീട്ടു ജോലിക്കായി മറ്റൊരു പെണ്ണിനെ നിയോഗിക്കുന്ന സ്ത്രീക്ക് എങ്ങനെ സ്വത്വനിര്‍മിതി നടത്താനാകും എന്നു ചോദിക്കുന്നു. എഴുത്തിലെ ഈ ലിഗ വ്യത്യാസം നിരര്‍ത്ഥകമാണ് എന്ന് ചരിത്ര പാഠത്തിന്റെ സഹായത്തോടെ നടത്തുന്ന നീരീക്ഷണം ഏറെ ശ്രദ്ധ അര്‍ഹിക്കുന്നു.
വംശീയ വിഷയത്തെ അടിസ്ഥാനമാക്കി ശ്രീലങ്കയില്‍ പുലി പ്രഭാകരന്റെ കാര്‍മികത്വത്തില്‍ നടന്ന യുദ്ധവും അതുല്‍പ്പാദിപ്പിച്ച ഭീകര ദൃശ്യങ്ങളും ഒരു രാജ്യത്തിന്റെ അന്ത:ഛിദ്രവും ”മാര്‍ഗ്ഗം തെറ്റിയ പുലി ഗര്‍ജ്ജന”ത്തില്‍ മനോഹരമായി വിവരിക്കുന്നു. വലിയ ബിസിനസ്സുകാരനായിരുന്ന മനോഹരന്‍ അഭയാര്‍ത്ഥി വേഷംകെട്ടി കാനഡയിലേക്ക് കുടിയേറിയതും ശ്രീലങ്കന്‍ വംശീയ പ്രക്ഷോഭങ്ങളുടെ മറവിലായിരുന്നു. ”പുലി പ്രഭാകരന്‍ ശ്രീലങ്കയില്‍ നടത്തിയ സംഹാര പ്രസ്ഥാനത്തിന്റെ ശരിയായ ചിത്രം ഇത്ര നന്നായി മറ്റൊരിടത്തും ഞാന്‍ കണ്ടിട്ടില്ലാ”യെന്ന് ഡോ. സുകുമാര്‍ അഴിക്കോട് സാക്ഷ്യപ്പെടുത്തുന്നു.
പത്ര, ദൃശ്യമാധ്യമങ്ങളെ ശ്രദ്ധാപൂര്‍വ്വം വായിച്ചെടുക്കുന്ന രചനയാണ് ‘പക്ഷങ്ങള്‍ വിലകൊടുത്തു വാങ്ങണോ’ എന്ന ലേഖനം. ”മാധ്യമങ്ങളും ചാനലുകളും മൗലികത പഠിപ്പിക്കുവാന്‍ ബാധ്യസ്ഥരായ ബുദ്ധിജീവികളും എഴുത്തുകാരും വരെ പക്ഷങ്ങള്‍ വിറ്റഴിക്കുമ്പോള്‍ പകച്ചു നില്‍ക്കുന്ന കേരളത്തിന്റെ കോലം കൂടുതല്‍ കൂടുതല്‍ വികൃതമായിക്കൊണ്ടിരിക്കുന്നു”. പത്രമുതലാളിമാരുടെ വ്യവസായിക താല്പര്യങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് വാര്‍ത്താമാധ്യമങ്ങളെ അവര്‍ തന്ത്രപരമായി ഉപയോഗിക്കുന്നു. എങ്കിലും, ലോകരാജ്യങ്ങളിലെ നേതാക്കളുടെ അഴിമതിക്കഥകള്‍ – വാട്ടര്‍ഗേറ്റ്, ബങ്കാരു ലക്ഷ്മണന്റെ കൈക്കൂലി, കുഞ്ഞാലി – റെജിന വിഷയം എല്ലാം തുറന്ന് കാട്ടിയത് മാധ്യമങ്ങളാണ്. ചില ചാനലുകള്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനെയും ലേഖകന്‍ പേരെടുത്ത് പറഞ്ഞ് ശ്ലാഘിക്കാന്‍ മടിക്കുന്നില്ല. ദീര്‍ഘദൃഷ്ടിയും അവലോകന പാടവവും കൊണ്ട് ശ്രദ്ധേയമാണ് ഈ ലേഖനം.
കച്ചവടത്തിന്റെ തട്ടിപ്പു തന്ത്രങ്ങളില്‍ കുരുങ്ങുന്ന മലയാളി പലപ്പോഴും പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ കഴിയാത്തവരാണ്. അല്പം പണമെറിഞ്ഞ് ആകാശത്തോളം വാങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ സരസമായി വിവരിക്കുന്ന ലേഖനങ്ങളാണ് ‘പണം കണ്ട് കറങ്ങുന്ന മലയാളി’യും ടോട്ടല്‍ 4 യു സിന്‍ഡ്രോമും. ആര്‍ഭാടത്തിന്റെയും സുഖലോലുപതയുടെയും ഉയരങ്ങളിലേക്കുള്ള എളുപ്പമാര്‍ഗ്ഗം എന്ന നിലയിലാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടവും ഷെയര്‍ മാര്‍ക്കറ്റ് ഇന്‍വെസ്റ്റിംഗിങ്ങും മണി ചെയിനും അതേ മാതൃകയിലുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനവും എന്ന് ലേഖകന്‍ വിശദീകരിക്കുന്നു. പ്രവാസികളുടെ പണവും മറ്റും ഈ രീതിയില്‍ പോകുന്നുവെന്നും ഭരണകൂടത്തിന്റെ നയവൈകല്യവും ഇതിനുകാരണമാണെന്നും ചൂണ്ടിക്കാണിക്കുന്ന ഒരു നല്ല സാമ്പത്തിക സര്‍വ്വേയുടെയും പ്ലാനിങ്ങിന്റെയും ഉദാഹരണമാണ് ഈ ലേഖനം. ആഴമേറിയ വിഷയം ‘ലളിതമായ പ്രതിപാദനം’.
ഗ്രേറ്റ് ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ കണ്ടുമുട്ടിയ ജോലിയില്ലാതെ വലയുന്ന ഏഷ്യക്കാരനായ ഒരു യുവാവിന്റെ ദൈന്യതയാണ് ”ആസ്‌ടേലിയയില്‍ സംഭവിക്കുന്നത്” എന്ന ലേഖനത്തിന്റെ വിഷയം. യു.കെ.യില്‍ ജനിച്ചു വളര്‍ന്ന ഭാര്യക്കൊപ്പം പരിഷ്‌ക്കാരിയാകുവാന്‍ ബംഗ്ലാദേശില്‍ ജനിച്ചു വളര്‍ന്ന ആ ഡോക്ടര്‍ക്ക് ഇനി എത്രയോ സമയം വേണ്ടി വരും?” ഏഷ്യക്കാരോടുള്ള അവരുടെ വിവേചനം എല്ലായിടത്തും തുടരുന്നതായി ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന അസ്‌ട്രേലിയയിലെ അക്രമണങ്ങള്‍ ഇതിനെ ശരി വയ്ക്കുന്നു.
കേരളത്തിലെ കാര്‍ഷിക മേഖല ഓരോ നാള്‍ ചെല്ലുന്തോറും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ പ്രധാന പ്രശ്‌നം തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്ന ലേഖനമാണ്, ‘അഹന്തയ്ക്കുണ്ടോ മറുമരുന്ന്’. പണ്ടുകാലത്തെ ചായക്കടക്കാര്‍ ജോലിക്കാരെ ആവശ്യത്തിന് ലഭിക്കാതെ വന്നപ്പോള്‍ പുതിയൊരു തന്ത്രം മെനഞ്ഞു. അങ്ങിനെയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിച്ചത്. വലിയ പരസ്യങ്ങള്‍ അവര്‍ നല്‍കുകയുണ്ടായി ”ഉയര്‍ന്ന വേതനവും വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായുള്ള സാധ്യതകളും ഒക്കെ പരസ്യത്തിലൂടെ ജനങ്ങളിലെത്തിച്ചു. നല്ല തൊപ്പിയും ടൈയും കോട്ടുമൊക്കെയുള്ള യൂണിഫോമുകള്‍ നല്‍കി. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഉന്നതകുലജാതരടക്കമുള്ള യുവാക്കള്‍ ഇപ്പോള്‍ ‘കുശിനി’ പണി ചെയ്യുന്നു. ”ഇതുപോലെ കൃഷി മാനേജ്‌മെന്റ് എന്നോ മറ്റോ പേരിട്ട് പുതിയ കോഴ്‌സുകള്‍ തുടങ്ങാവുന്നതാണ്. അവര്‍ക്കും പ്രത്യേകം യൂണിഫോം നല്‍കുക. കൃഷി മാനേജര്‍ എന്ന് അവരെ വിളിക്കുന്നതിലും തെറ്റില്ല. കൃഷി ഭവന് കീഴില്‍ അവരെ നിയമിച്ചാല്‍ യുവാക്കളുടെ തള്ളിക്കയറ്റമുണ്ടാകാതിരിക്കില്ല. സത്യത്തില്‍ ഒരു തൊഴില്‍ സംസ്‌കാരത്തിന്റെ അഭാവമാണ് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ആക്ഷേപ ഹാസ്യാത്മകമെങ്കിലും വിജ്ഞാനപ്രദമായ ലേഖനം കൂടിയാണിത്.
കടന്നു ചെന്ന് ദ്വീപുകള്‍ പോലും കൈവശപ്പെടുത്തി വന്‍കിട റിസോര്‍ട്ടുകള്‍ പണിയുന്ന ഭൂമാഫിയകളുടേയും റിയല്‍ എസ്റ്റേറ്റ് ലോബികളുടേയും കച്ചവടതാത്പര്യങ്ങളിലൂടെ ദേശത്തിന്റെ ആവാസവ്യവസ്ഥപോലും ക്രൂരമായി കശക്കിയെറിഞ്ഞ് തകിടം മറിക്കുവാന്‍ അവര്‍ നടത്തുന്ന കുത്സിത പ്രവൃത്തികളുടേയും കുതന്ത്രങ്ങളുടെയും ഉള്‍ക്കാഴ്ച ഉള്‍ക്കരുത്തോടെ നമുക്കു പകര്‍ന്നു തരുന്ന ലേഖനമാണ്. ‘വളന്തകാട് മറ്റൊരു സൈലന്റ് വാലി”. ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലുള്ള ഒരാളോടുപോലും പകയോടെ നിഷ്‌കരുണം പ്രതികരിക്കുവാന്‍ ഗ്രാമീണരെപ്പോലും പ്രേരിപ്പിക്കുകയും പാകപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന ആധുനിക മുതലാളിത്ത ശൈലി നമ്മള്‍ മനസ്സിലാക്കുന്നതിങ്ങനെ. ”ഞങ്ങള്‍ക്കും വേണം പട്ടണത്തിലെ പത്രാസിന്റെ ഒരനുഭവം, എന്നും ഈ വെള്ളക്കുഴിയില്‍ കിടക്കുന്നതെന്തിന്?” ഒന്നാംതരം ഭാഷയില്‍ അനുഭവതീവ്രത പകര്‍ന്നു തരുന്ന ചിന്തോദീപകമായ ലേഖനമാണിത്.
മദ്യപാനത്തിന്റെ രുചിഭേദങ്ങള്‍ എവിടെയും ഒന്നാണെന്നും മറ്റ് രാജ്യക്കാര്‍ കുറേശ്ശേ വിഴുങ്ങി മുഴുവന്‍ അകത്താക്കുമ്പോള്‍ മലയാളി ഒന്നോടെ ഒറ്റയിരുപ്പിന് വിഴുങ്ങി മുഴുവനും അകത്താക്കും എന്ന വ്യത്യാസമേയുള്ളൂ എന്നും നര്‍മ മധുരശൈലിയില്‍ പറയുന്ന ”അയ്യങ്കാര്‍ ക്ലീന്‍ ബൗള്‍ഡും”, പല വിധത്തിലുള്ള കൈക്കൂലികളെക്കുറിച്ച് വളച്ചുകെട്ടില്ലാതെ ചെറുകഥ പോലെ പറഞ്ഞുപോകുന്നു. ‘കൈമടക്കിന്റെ ബാലപാഠങ്ങളും ‘ചരിത്രബോധത്തിന്റെ ഇഴകള്‍ തുന്നിപ്പിടിപ്പിച്ച് ചൈനയുടെ അത്ഭുത നിര്‍മ്മിതിയായ വന്‍മതിലിനെയും ചൈനീസ് സംസ്‌കാരത്തേയും ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്ന ‘വന്‍മതില്‍ മുതല്‍ ഷാങ്ങ് ഹായ് വരെയും’ ക്ഷേത്ര പ്രവേശനത്തില്‍ എങ്ങിനെ വസ്ത്രധാരണം ചെയ്യണം എന്ന നിബന്ധന എന്തിനെന്നും കവടി നിരത്തി ദേവപ്രശ്‌നം നടത്തുന്നവര്‍ക്ക് ഇതെല്ലാം തീരുമാനിക്കുവാനുള്ള ധാര്‍മ്മികാവകാശം ഉണ്ടോയെന്നും മറ്റു തിരയുന്ന ”ചുരിദാറെങ്കില്‍ ബര്‍മൂഡയും’ തുടങ്ങി ഇരുപത്തിയേഴ് ലേഖനങ്ങളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.
വസ്തുതകള്‍ ചുഴിഞ്ഞു നോക്കാനുള്ള താല്പര്യം, അറിഞ്ഞ കാര്യങ്ങള്‍ ഹൃദയസ്പൃക്കായി അവതരിപ്പിക്കാനുള്ള ശൈലി വിശേഷം, കഥയും കവിതയും നാടകവുമായി മാറ്റാവുന്ന തരത്തില്‍ പരുവമാര്‍ന്ന വാക്കുകളുടെ പ്രയോഗികത, നാടന്‍ മൊഴികളും പഴഞ്ചൊല്ലുകളും സൃഷ്ടിക്കുന്ന ആര്‍ജവത്വം, മാനവികതയുടെ പരന്ന ആകാശത്തിനുകീഴെ ഉയര്‍ന്നു പൊങ്ങുന്ന മനസിന്റെ തെളിച്ചം, അപൂര്‍വ്വതകളുടെ ഭാവനകളില്‍ വിരിയുന്ന ചിന്താ പാരുഷ്യം, ആഴമുള്ള വായനയുടെ അടിത്തട്ടില്‍ നിന്നും ശേഖരിച്ചവതരിപ്പിച്ച പദപ്രയോഗങ്ങള്‍, എന്തിനും മീതെ എല്ലാം ഉള്‍ക്കൊള്ളാനുള്ളസഹൃദയത്വം- ടി.ജി. വിജയകുമാറിന്റെ ”മഴ പെയ്തു തോരുമ്പോള്‍” നമ്മില്‍ ഏല്പിക്കുന്നത് ഇതെല്ലാമാണ്. അതുകൊണ്ടാണ് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ”അഴീക്കോടിന്റെ കയ്യൊപ്പുകള്‍’ എന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ അവതാരികകളുടെ സമാഹാരത്തില്‍ അവസാന അദ്ധ്യായമായി ഈ പുസ്തകത്തിന് അദ്ദേഹം എഴുതിയ അവതാരികയ്ക്കും സ്ഥാനം കിട്ടിയത്. (ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് അവസാനമായി എഴിതിയ അവതാരികയും ഇതു തന്നെയാണ് എന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.)
ഉച്ചവെയിലുകള്‍ സമ്മാനിച്ച ജീവിതത്തിന്റെ കരുത്തില്‍ നിന്നും ആര്‍ജിച്ച ഈ കൃതി വായനയുടെ തുറസ്സുകളില്‍ അതിന്റെ സാന്നിദ്ധ്യം അറിയിക്കും എന്നതില്‍ സംശയമില്ല. തോരാത്ത മഴയിലൂടെ ഇളം വെയിലെങ്കിലും തേടി ഗൗരവമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളിലേയ്ക്ക് സാധാരണ വായനക്കാരെ തിരിച്ചു കൊണ്ടുവരുവാന്‍ ഉതകുന്ന ടി.ജി. വിജയകുമാറിന്റെ ഈ പുതിയ ശൈലി ഏറെ ചര്‍ച്ചചെയ്യപ്പെടുവാന്‍ പോകുന്ന ഒന്നാണ് എന്നുകൂടി നിസ്സംശയം പറയാം.
വിതരണം: ലിപി പബ്‌ളിക്കേഷന്‍, കോഴിക്കോട് ഡി.സി.ബുക്‌സ്, കോട്ടയം (വില 100 രൂപ)
April 5th, 2013 at 9:32 pm
ആശംസകള്‍