ചൈനീസ് വന്‍മതില്‍ മുതല്‍ ഷാങ്ഹായ് വരെ

ചൈന എന്നു കേള്‍ക്കുമ്പോള്‍ ഒരു ഭാരതീയന് സമ്മിശ്ര വികാരമാണുണ്ടാവുക. സൗഹൃദത്തിന്റേയും, ആശങ്കയുടേയും, അത്ഭുതങ്ങളുടേയും ചിന്തകള്‍ക്കു പുറമെ മഹാനായ മാവോ.സെ. തൂങ് കാട്ടിക്കൊടുത്ത ഒരുമയുടേയും,  വികസനത്തിന്റേയും, ഔന്നത്യങ്ങളിലേയ്ക്ക് അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ രാജ്യത്തെ മുന്നില്‍ സങ്കല്‍പ്പിക്കുവാന്‍  കഴിയുന്നു. എണ്‍പതുകളില്‍ ലോകത്താകമാനം കമ്മ്യൂണിസ്റ്റു ചിന്തകള്‍ക്കു നേരെയുണ്ടായ കടുത്ത ആക്രമണങ്ങളെ ചെറുക്കുവാന്‍ കഴിഞ്ഞത് ഭൂവിസ്തൃതിയിലും, ജനസംഖ്യയിലും ഇപ്പോഴും എളിമയോടെ പിന്നില്‍ നില്‍ക്കുന്ന ക്യൂബയും ഇവ രണ്ടിലും മുമ്പില്‍ നില്‍ക്കുന്ന  ചൈനയു മായിരുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുടേയും അവരുടെ ജനതയുടേയും ശക്തിയും, ദൗര്‍ബല്യവും, ചിന്തയും, സഞ്ചാരപഥവുമൊക്കെ അറിയുക ഒരു ശരാശരി മനുഷ്യന്റെ ഉല്‍ഘടമായ അഭിവാഞ്ചയായിരിക്കും.

ഇതിനു മുമ്പ് പല പ്രാവശ്യം ഹോങ്കോങ്ങിലും, ചൈനയിലും സന്ദര്‍ശനം നടത്തുവാന്‍ കഴിഞ്ഞിരുന്നെങ്കിലും ആ യാത്രകളില്‍ മസ്തിഷ്‌ക്കം നിറയെ വ്യാവസായിക ചിന്തകളായിരുന്നു. കണ്ടെത്തേണ്ടത് വിലയില്‍ മത്സരിക്കുന്ന ചൈനീസ് തുണിത്തരങ്ങളായിരുന്നു.  ഗുണമേന്മയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനീസ് ടെക്‌സ്റ്റൈല്‍ മില്ലുകളായിരുന്നു. കച്ചവടതന്ത്രത്തില്‍ അതിനി പുണരും, സൂത്രശാലികളുമായ ചൈനാക്കാരോടായിരുന്നു ഇടപെടേണ്ടിയിരുന്നത്. ഒരിക്കലും ചൈനയെ കണ്ടെത്തലായിരുന്നില്ല. മാവോയുടെ ആത്മാവിനെത്തേടി, ഗ്രാമങ്ങളുടെ മനോഹാരിത തേടി, വന്‍മതിലിന്റെ അത്ഭുതവും, ചരിത്രവും തേടി ചെലവഴിക്കാനുള്ള നിമിഷങ്ങളും ബൗദ്ധിക ശാന്തിയും ഇല്ലായിരുന്നു. പക്ഷെ അത്തരമൊരാഗ്രഹം മനസില്‍ ഉണ്ടായിരുന്നതിനെ തടഞ്ഞു നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. ഞാനറിയാതെ അതു വളര്‍ന്നുകൊണ്ടേയിരുന്നു. എനിയ്ക്കുപോലും പ്രതിരോധിക്കുവാന്‍ പറ്റാത്ത വിധത്തില്‍ അണമുറിയുമെന്ന അവസരത്തിലാണ് ഒരു ചൈനാ സന്ദര്‍ശനത്തിന് വീണ്ടും തയ്യാറായത്. 2009 നവമ്പര്‍ 25- ന് യാത്ര തിരിച്ചു. നെടുമ്പാശേരിയില്‍ നിന്നും ദുബായിലേയ്ക്ക്. അവിടെ നിന്നും 7 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍  26- ാം തിയതി ചൈനയിലെ അര്‍ദ്ധരാത്രിയില്‍ കൃത്രിമ താരകശോഭയില്‍ പ്രഭാപൂരം വിതറിയ ബീജിംഗ് എയര്‍പോര്‍ട്ടിലേക്കു ഒരിക്കല്‍കൂടി നടന്നിറങ്ങി.

പ്രഭാതത്തിലെ സൂര്യകിരണങ്ങള്‍ അടച്ചിട്ട ജനാലകള്‍ തുളച്ച് ജനല്‍കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി മുറിയിലേക്കിരച്ചു കയറിയപ്പോള്‍ ഉറങ്ങിത്തീരാത്ത എന്റെ മനസ് ഉണര്‍ന്നു ചാടി. സമയം ആറുമണി. പല്ലുതേച്ച് മുഖം കഴുകി ക്യാമറയുമായി തെരുവിലേക്കിറങ്ങി. ചൈനയുടെ പ്രഭാതം കാണുക, അതായിരുന്നു ലക്ഷ്യം. എനിയ്ക്കു തെറ്റിപ്പോയോ എന്നു സംശയം. വീണ്ടും വാച്ചില്‍ നോക്കി. സമയം ആറുമണി തന്നെ. മുപ്പതു മിനിട്ടു കൂടി കഴിഞ്ഞിരിക്കുന്നു. നഗരം വളരെ തിരക്കിലായിരിക്കുന്നു. തെരുവുകള്‍ തിരക്കിലാണ്. വാഹനങ്ങള്‍ നിരത്തുകള്‍ നിറഞ്ഞ് ഓടുന്നു. ഹോട്ടലിന്റെ ഒരു വശത്തുണ്ടായിരുന്ന ‘ഷോപ്പിംഗ് മാളി’നു മുന്‍പില്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്ന സൈക്കിളുകള്‍. മറ്റൊരു വശത്ത് ഹോട്ടലിന്റേതായ നിര്‍മ്മാണ രംഗത്തു സജീവമായി പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍. അവരുടെ ഒരു ദിവസം പുലര്‍കാലേ ആരംഭിക്കുന്നു. അവരുടെ സമൃദ്ധിയുടെ ഉറവിടം അതുതന്നെയായിരിക്കാം എന്ന ചിന്ത പുളകം പകര്‍ന്നു. തണുപ്പൂറുന്ന ഇത്തരം സുഖതരമായ പുലരികളില്‍ ഉറക്കത്തിന്റെ മഹാമേരുവില്‍ അപഥസഞ്ചാരം നടത്തി ദു:സ്വപ്നങ്ങളുടെ കനത്ത ഇരുട്ടും ഭാരവും തലയിലേറ്റി പ്രഭാതത്തെ, മദ്ധ്യാഹ്ന്നത്തോടെ സ്വീകരിച്ചിരുത്തുന്നതില്‍ അതിനിപുണരായ നമ്മുടെ സ്വന്തം നാടിന്റെ ചിത്രം ഒരു ഡോക്കുമെന്ററി പോലെ മുന്നില്‍ മിന്നിമറഞ്ഞു.

അന്നത്തെ ആദ്യയാത്ര തന്നെ ലോകാത്ഭുതത്തിലേക്കായിരുന്നു. ‘സ്വര്‍ഗ്ഗത്തിലേക്കുള്ള പടവുകള്‍’ (Staircase to the heaven) എന്നു ചൈനക്കാര്‍ വിശേഷിപ്പിക്കുന്ന ചൈനീസ് വന്‍മതില്‍. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ‘നീല്‍ ആംസ്‌ട്രോംഗ്’ എന്ന അമേരിക്കക്കാരന്‍ പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ശൂന്യാകാശ വാഹനമായ ‘അപ്പോളോ’യില്‍ നിന്ന് ദൃഷ്ടിഗോചരമായ ഭൂമിയിലെ രണ്ടു പ്രമുഖ നിര്‍മ്മാണങ്ങളിലൊന്ന്, ചൈനീസ് വന്‍മതിലാണത്രെ ! ചൈനീസ് വന്‍മതില്‍ സന്ദര്‍ശിക്കാത്ത, അതിന്റെ നൂറു പടവുകളെങ്കിലും കയറാത്ത ഒരു ചൈനക്കാരനെ വീരപുരുഷന്മാരുടെ പട്ടികയില്‍ ചൈനക്കാര്‍ പെടുത്താറില്ല.. അതായതു ചൈനീസ് സുന്ദരികളുടെ ഹൃദയത്തിലും. അതുകൊണ്ടുതന്നെ ആദ്യമായി കാമുകിയെക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ ചിന്തിക്കുന്ന ഒരു ചൈനക്കാരന്‍ ആദ്യമെതന്നെ ചൈനീസ് വന്‍മതിലിലേക്കുള്ള തീര്‍ത്ഥയാത്രയെക്കുറിച്ചായിരിക്കും ചിന്തിക്കുക. എല്ലാ വര്‍ഷത്തിലും ചൈനക്കാര്‍ കൂട്ടമായി എത്തി വന്‍മതിലിന്റെ ഉള്ളില്‍ നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചങ്ങലയില്‍ പുതിയ താഴികളിട്ട് പൂട്ടി അതിന്റെ നിര്‍മ്മാതാക്കളോട് നന്ദി പ്രകടിപ്പിക്കും. ദേശത്തിന്റെ സുരക്ഷയേയും, അഖണ്ഡതയേയും ഒരു പ്രതിജ്ഞയിലൂടെ പ്രതീകാത്മകമായി എന്തിനുമുപരി ഉയര്‍ത്തിപ്പിടിക്കും.

ബെയ്ജീംഗില്‍ നിന്ന് 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജ്യയോംഗ് പാസ്സില്‍ എത്താം. രണ്ടു കൊടുമുടികള്‍ക്കു നടുവില്‍ ചൈനീസ് വന്‍മതിലിനു വേണ്ടി പ്രകൃതി തന്നെ തയ്യാറാക്കിയീട്ടുള്ള കോട്ടവാതില്‍. അവിടെനിന്നും ഉയരങ്ങളിലേയ്ക്കു ഏതാനും മിനിട്ടുകള്‍ സഞ്ചരിച്ചാല്‍ ‘ബദലിംഗ്’ എന്നു പേരുള്ള വന്‍മതിലിന്റെ ഒരു പ്രവേശനകവാടത്തില്‍ എത്തുകയായി. 7.8 മീറ്റര്‍ ഉയരത്തില്‍, 6.5 മീറ്റര്‍ അടിത്തറയും, 5.8 മീറ്റര്‍ മുകള്‍പ്പരപ്പുമുള്ള വന്‍മതിലിലേയ്ക്കു പ്രവേശിക്കുകയായി. ആശ്ചര്യകരമാണാ കാഴ്ച. വിജനമായ അനേകം പര്‍വതനിരകളെ ബന്ധിപ്പിച്ച് അതിന്റെ എല്ലാം നെറുകയിലൂടെ, നിമ്‌നോന്നതങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വന്‍മതില്‍ ഒരു മുകള്‍ക്കാഴ്ചയില്‍ തൂക്കുപാലം പോലെ തോന്നിപ്പിക്കും. അനന്തതയിലേയ്ക്കു ദൃഷ്ടികള്‍ പായുംതോറും ഒരു ആകാശഗംഗയുടെ ഭാവഹാവാദികളായി അതു മാറും. സൈലന്റുവാലിയുടെ ഉച്ചിയില്‍ നിന്നാല്‍ കാണുന്ന ‘ കുന്തിപ്പുഴ’യുടെ ഓര്‍മ്മ മനോമുകുരത്തില്‍ തെളിയും. കിഴക്കോട്ടും പടിഞ്ഞാട്ടും മാറി മാറി തിരിയുന്ന പ്രേക്ഷകന് പച്ചപ്പു നിറഞ്ഞ വിജനമായ കൊടുമുടികള്‍ക്കു മുകളിലൂടെ രാജ്യത്തിന്റെ ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനും, നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനും വേണ്ടി അസൂയാവഹവും, സാഹസികവുമായ നിര്‍മ്മാണ വൈദഗ്ദ്യത്തോടുംകൂടി പണിതു യര്‍ത്തിയ വിസ്മയത്തിന്റെ ഉള്‍ച്ചൂടില്‍ ഉയരങ്ങളിലേയ്ക്കു നോക്കുമ്പോള്‍ സ്വര്‍ഗത്തിലേക്കുള്ള പാതയും കാണാം. കൃത്യമായ രൂപഭാവങ്ങളില്ലാത്ത വെണ്ണക്കല്‍പടവുകള്‍ കാണാം. ചിറകുകള്‍ വിടര്‍ത്തി സുസ്‌മേരവദനരായി നമ്മെ സ്വീകരിക്കുവാന്‍ നില്‍ക്കുന്ന മേഘമാലാഖമാര്‍ നൃത്തം വയ്ക്കുന്നതും കാണാം.

നീല്‍ ആംസ്‌ട്രോംഗ് കാലു കുത്തിയ ചന്ദ്രപ്രതലം അവിടെയരികിലെവിടയോ ഉണ്ടെന്നു തോന്നി. സുഹൃത്ത് തോളത്തു തട്ടിയുണര്‍ത്തി. ഭൂമിയിലേക്ക് തിരികെ കൈപിടിച്ചിറക്കി. മുന്‍പില്‍ കല്‍പടവുകള്‍. അതും ഉയരങ്ങളിലേയ്ക്കു പോകുന്നു. ചൈനക്കാരുടെ ഭാഷയില്‍ സ്വര്‍ഗ ത്തിലേക്ക്. ആ കൊടുമുടിയുടെ ഉത്തുംഗശൃംഗത്തില്‍ ഉടക്കിനിന്ന മനസിന് താഴോട്ടു വരുന്നത് അത്ര എളുപ്പമായിരുന്നില്ല. അവിടെ നില്‍ക്കുമ്പോള്‍ ചിന്തയുടെ തേരുകള്‍ ഉരുണ്ടു.

ലക്ഷോപലക്ഷം തൊഴിലാളികള്‍ ദശകങ്ങള്‍ കൊണ്ടു പണി തീര്‍ത്ത വന്‍മതിലിന്റെ ദൈര്‍ഘ്യം 5660 കിലോമീറ്റര്‍ ആണ്. ഹിമാലയം മുതല്‍ കന്യാകുമാരി വരെ അളന്നാലും വാമനനുവേണ്ടി ശിരസ് താഴ്ത്തിക്കൊടുക്കുന്ന ഭാരതാംബയുടെ ചിത്രം മനസില്‍ ഉദിച്ചു. കിഴക്ക് ‘യാലു’ നദീതീര ത്തുനിന്നും ആരംഭിച്ച് ‘ ടിയാന്‍  ഷാന്‍ ‘ പര്‍വതനിരകളിലവസാനിക്കുന്ന വന്‍മതിലിന്റെ യാത്ര കൊടുമുടികളേയും, മരുഭൂമികളേയും, കൃഷിഭൂമികളേയുമൊക്കെ കീറിമുറിച്ചുകൊണ്ടു തന്നെയാണ്. ആ അത്ഭുതകാഴ്ചയുടെ പിന്നിലുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരികളെ കുറിച്ചു ചിന്തിച്ചുപോയി. കഠിനാദ്ധ്വാനികളും ദേശസ്‌നേഹികളുമായ തൊഴിലാളികളെ നമിക്കുവാന്‍ തോന്നി. 3700 വര്‍ഷങ്ങള്‍ക്കു ശേഷവും, പ്രഭാതത്തില്‍ ആറുമണിയ്ക്കുതന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്ന അവരുടെ ഇന്നത്തെ തലമുറയേയും ഞാന്‍ കണ്ടു. മാവോ സെ തൂംഗിന്റെ ലോംഗ് മാര്‍ച്ചിലും, അതൊക്കെത്തന്നെയല്ലേ ലോകം കണ്ടത് ? മാവോയുടെ ശക്തിയും അതുതന്നെ ആയിരുന്നില്ലേ ? ടിയാന്‍ മെന്‍ സ്‌ക്വയറില്‍ ഉരുണ്ടുകൂടിയ വിഘടനവാദികളുടെ ചോരത്തുള്ളികള്‍ പോലും മറിച്ചു ചിന്തിക്കുവാന്‍ പ്രേരകമായിരുന്നില്ല.

ബെയ്ജിംഗിലെ കാഴ്ചകളെല്ലാം ചിന്തകളെ ഒരേ ദിശയില്‍ നയിച്ചു. ഏതാണ്ട് 700 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്നത്തെ ചൈനയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. അപ്പോഴും, 3700 വര്‍ഷം മുമ്പ് പണിത വന്‍മതിലടക്കമുള്ള പൗരാണികതകളേയും സംരക്ഷിക്കുന്നതില്‍ അവര്‍ ജാഗരൂകരാണ്. പഴയ രാജകൊട്ടാരങ്ങള്‍, സ്വര്‍ഗത്തിലെ ക്ഷേത്രം ( ടെമ്പിള്‍ ഓഫ് ഹെവന്‍) എന്നറി യപ്പെടുന്ന മിംഗ് ആന്‍ഡ് ക്വിംഗ് രാജവംശങ്ങളുടെ ചരിത്രപ്രസിദ്ധമായ ആരാധനാസ്ഥലം, ‘സമ്മര്‍പാലസ്’ എന്നറിയപ്പെടുന്ന അവരുടെ വേനല്‍ക്കാല വസതി, ‘ഇമ്പീരിയല്‍ ടോംബ്‌സ് ‘ എന്നറിയപ്പെടുന്ന രാജവംശങ്ങളുടെ ശവകുടീരങ്ങള്‍ തുടങ്ങി വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍പെടുന്ന, ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള സാംസ്‌കാരിക തിരുശേഷിപ്പുകള്‍ ഉളവാക്കിയ അത്ഭുതങ്ങളേക്കാള്‍ പിടിച്ചുലച്ചത് അവയുടെ നിര്‍മ്മാണചാതുരിയാണ്, ആസൂത്രണവൈദഗ്ദ്യമാണ്, ആയിര ക്കണക്കിനു വര്‍ഷങ്ങള്‍ക്കും നശിപ്പിക്കുവാന്‍ സാധിക്കാത്ത അതിന്റെ സൗന്ദര്യമാണ്.

1990 കളില്‍ ആധുനികചൈന ഒരു ആധുനികനഗരത്തെക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. ചൈനയുടെ സാമ്പത്തിക തലസ്ഥാനവും, ആധുനിക വ്യവസായ കേന്ദ്രവുമായിരിക്കേണ്ട ഒരു നഗരം. അന്വേഷണങ്ങള്‍ എത്തിച്ചേര്‍ന്നത് മഞ്ഞക്കടലിനോടു ചേര്‍ന്നുള്ള പുരാതനതുറമുഖമായ ‘ഷാംങ് ഹായി’ലാണ്. കടലില്‍ വന്നാര്‍ത്തലച്ച് കുതിപ്പവസാനിപ്പിക്കുന്ന ‘ഹുവാന്‍ ഹൂ’ നദീതിര ത്താണ്. പിന്നെ അവര്‍ സമയം കളഞ്ഞില്ല. നദിയുടെ കിഴക്കും പടിഞ്ഞാറും കരകള്‍ ഉള്‍പ്പെടുത്തി, കടല്‍തീരം വികസിപ്പിച്ച് എടുക്കാവുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നഗരത്തിന്റെ ഭൂപടം തയ്യാറാക്കി. ഒരു പരശുരാമന്റേയോ, സേതുബന്ധനം നടത്തിയ രാമലക്ഷ്മണമ്മാരുടേയോ, മനസിനെ വിഭ്രമിപ്പിക്കുന്ന ഡ്രാഗണ്‍, ഡ്രാക്കുളമാരുടേയോ സഹായമില്ലാതെ മനുഷ്യശേഷികൊണ്ടു തന്നെ ഇച്ചാശക്തികൊണ്ടും കൂട്ടായ്മയുടേയും മെയ്ക്കരുത്തന്റേയും, സര്‍വോപരി കുറ്റമറ്റ ആസൂത്രണത്തിന്റേയും ബലത്തില്‍ പടുത്തുയര്‍ത്തിയ നഗരമാണ് ഷാങ്ഹായ്. ഹോങ്കോങ്ങിന്റെ ഏഴിരട്ടി വലുപ്പമുള്ള ഒരു നഗരം. ഹുവാന്‍ ഹൂ നദി ഇപ്പോള്‍ അതീവസുന്ദരിയുമാണ്.

18 വര്‍ഷങ്ങള്‍ക്കു മുമ്പ് വെറും ചതുപ്പു കാടുകള്‍ മാത്രമായിരുന്നു അവിടം. വെറും മരുപ്പച്ച. ഇന്ന് ആധുനികലോകത്തെ ഏതൊരു വന്‍കിട നഗരങ്ങളോടും കിട പിടിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ചൈനയിലെ ഏറ്റവും ചെലവേറിയ നഗരം. രണ്ടു കിടക്കമുറികളുള്ള ഒരു ഫ്‌ളാറ്റിനുപോലും ഏറ്റവും കുറഞ്ഞത് മൂന്നു മില്ല്യണ്‍ ചൈനീസ് യുവാന്‍ (ഏതാണ്ട് 24 മില്ല്യണ്‍ ഇന്‍ഡ്യന്‍ രൂപാ) നല്‍കേണ്ടി വരും.

ലോകത്തില്‍ രണ്ടാമത്തെ ഉയരം കൂടിയ, ആകാശം ഭേദിക്കുന്ന 94 നിലകളും 492 മീറ്റര്‍ ഉയരവുമുള്ള ‘ഷാങ്ഹായ് വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍’ കേവലം 2 വര്‍ഷം കൊണ്ടാണ് അവര്‍ പണിതുയര്‍ത്തിയത് (ഇപ്പോള്‍ ദുബായില്‍ ‘ബുര്‍ജ് ദുബായ്”എന്ന അംബരചുംബി പണി തീര്‍ന്നപ്പോള്‍ 828 മീറ്റര്‍ ഉയരത്തോടെ ഒന്നാം സ്ഥാനത്തെത്തി. ലോകത്തെ വിസ്മയത്തിലാറാടിച്ച 2008- ലെ ഒളിംമ്പിക്‌സിനു ശേഷം 210 ലോകരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ‘വേള്‍ഡ് ട്രെയ്ഡ് എക്‌സ്‌പോ’ 2010-ല്‍ നടത്തുവാന്‍ ഷാങ്ഹായ് നഗരം അണിഞ്ഞൊരുങ്ങുകയാണ്. ഒപ്പം വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററിനടുത്തായിത്തന്നെ ലോകത്തിലെ ഏറ്റവും വലിയ ട്രെയ്ഡ് സെന്റര്‍ ഉയര്‍ത്തുവാനുള്ള പണികളും ആരംഭിച്ചുകഴിഞ്ഞു. നഗരം അതിവിശാലമാണ്. റോഡുകളും സ്‌കൈഓവറുകളും നിര്‍മ്മിച്ച് വികസനത്തിലേക്കുള്ള യാത്ര ഉറപ്പാക്കി. നഗരത്തിന്റെ മുക്കും മൂലയും മികച്ച ആസൂത്രണമികവോടെ പുനര്‍നിര്‍മ്മിച്ചു. പഴയ ഹുവാങ് ഹൂ നദീതീരം വൃത്തിയും ഭംഗിയുമുള്ളതാക്കി. ചെറിയ കപ്പലുകള്‍ക്കുപോലും സഞ്ചരിക്കാവുന്ന വിധമാക്കി. ഫാക്റ്ററികള്‍, ഹോട്ടലുകള്‍, വാണിജ്യസമുച്ചയങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലെന്നപോലെതന്നെ ടൂറിസത്തിനും, വിനോദത്തിനും ആശ്ചര്യക്കാഴ്ചകള്‍ക്കുമുള്ള സംവിധാനങ്ങളും, സങ്കേതങ്ങളു മൊരുക്കി. 430 കിലോമീറ്റര്‍ സ്പീഡില്‍ റെയില്‍പാളങ്ങളിലൂടെ വിമാനവേഗതയില്‍ പറക്കുന്ന ‘ മഗ്ലേവ്” എന്ന കാന്തികട്രെയിന്‍ ( മാഗ്‌നെറ്റിക് ) അതിനൊരുദാഹരണം മാത്രം. 30 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാന്‍ ആ ട്രെയിനിന് വെറും 7 മിനിട്ട് മാത്രം മതിയായിരുന്നു.

ഷാങ്ഹായ് നഗരം ചൈനാക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമാണ് ഇന്ന്. അതുകൊണ്ടുതന്നെ ഓമനപ്പേരുകള്‍ ധാരാളമായി നല്‍കുന്നു. ‘നഗരങ്ങളുടെ റാണി’ (Mother of cities), ‘നിറങ്ങളുടെ നഗരം’ (City of colours),  തുടങ്ങി ഇനിയും പേരുകള്‍ ധാരാളം. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ബോട്ടുകള്‍ തുടങ്ങി എല്ലാം പലതരം വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇരുട്ടിനെ വര്‍ണ്ണങ്ങളിലൂടെ അവര്‍ അകറ്റുകയാണ്. ചൈനീസ് ഡ്രാഗണുകള്‍ ഈ വര്‍ണ്ണപ്രപഞ്ചത്തില്‍  ഭയചകിതരായി ഓടിയൊളിച്ചിരിക്കുന്നു. ജനങ്ങള്‍ക്കു ഭയമില്ല. അതുകൊണ്ടുതന്നെ, അവര്‍ ആരാധനാലയങ്ങളില്‍ പോകാറുമില്ല. മിക്കവാറും എല്ലാ ആരാധനാലയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ ഷാങ്ഹായ് നഗരം പണിതപ്പോള്‍ പഴയ ഷാങ്ഹായ് നഗരത്തെ അവര്‍ ഇടിച്ചു തകര്‍ത്തില്ല. മറിച്ച് അതു നിലനിര്‍ത്തുകയും പ്രയോജനകരവും, സൗന്ദര്യാത്മകമാക്കുകയും ചെയ്ത രീതി ശ്ലാഘനീയമാണ്. മറ്റേതൊരു യൂറോപ്യന്‍ നഗരവും ഇന്ന് ഷാങ്ഹായ് എന്ന നഗരറാണിയുടെ മുമ്പില്‍ ഒന്നു പകച്ചുപോകും.

ഇതൊക്കെ ഇന്നത്തെ ഷാങ്ഹായ് നഗരത്തിന്റെ അനുഭവമാണെങ്കില്‍ അതിനാകെ വേണ്ടിവന്നത് വെറും 18 വര്‍ഷങ്ങള്‍ മാത്രം. നമ്മുടെ നാട്ടില്‍ 18 വര്‍ഷങ്ങള്‍ കൊണ്ടുതീരാത്ത എത്രയോ പദ്ധതികള്‍ ഇനിയും ബാക്കിയുണ്ട്. ഒരു പുരുഷായുസുകൊണ്ടുപോലും തീര്‍ക്കാന്‍ കഴിയാത്ത എത്രയോ ചെറുകിട സംരംഭങ്ങള്‍ ഇപ്പോഴും നമ്മെ ഭയപ്പെടുത്തുന്നു. 37 നൂറ്റാണ്ടു കള്‍ക്കു മുമ്പ് വന്‍മതില്‍ നിര്‍മ്മിക്കുവാന്‍ കാട്ടിയ നിശ്ചയദാര്‍ഢ്യവും, നിര്‍മ്മാണചടുതലയും, സൗന്ദര്യബോധവും, ഉത്സാഹവും അവര്‍ക്കിപ്പോഴുമുണ്ട് എന്ന് പുതിയ ഷാങ് ഹായ് നഗരത്തിന്റെ ത്വരിതഗതിയിലുള്ള നിര്‍മ്മാണത്തിലൂടെ അവര്‍ തെളിയിച്ചിരിക്കുന്നു. അതു നിലനിര്‍ത്തുന്ന ഒരു ജനതയാണ് ഈ നൂറ്റാണ്ടില്‍ ഒന്നാമത്തെ സാമൂഹ്യ, സാമ്പത്തിക ശക്തിയായി ചൈനയെ വളര്‍ത്തിക്കൊണ്ടിരിക്കുന്നതിന്റെ പിന്നിലെ ശക്തി എന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകിക്കൂടെന്ന തിരിച്ചറിവായിരുന്നു ചൈന തന്ന പാഠം.

Leave a Reply