മധുരം….. തീക്ഷ്ണം

By ഡോ. പി.സരസ്വതി
ചിരിപ്പിയ്ക്കുവാന്‍ കഴിയുന്നതിലും ശ്രമകരമാണ് പുഞ്ചിരിപ്പിയ്ക്കുവാന്‍. ചിരിയ്ക്കുക നീര്‍പ്പോളപ്പോലെയാണ്. അങ്ങോട്ട് അപ്രത്യക്ഷമാകും. പുഞ്ചിരിയോ? അതങ്ങനെ വളര്‍ന്ന് വളര്‍ന്ന് മുഖമാകെ പടര്‍ന്ന് കണ്ണിലൊളിച്ച് കാണുന്നവരെ സന്തോഷത്തിന്റെ നിലാവില്‍ കുളിപ്പിയ്ക്കും. ‘മഴ പെയ്തു തീരുമ്പോള്‍’ എന്ന ടി.ജി. വിജയകുമാറിന്റെ പുസ്തകം വായിച്ചാല്‍ മനസ്സില്‍ മൊട്ടിടുന്നത് തണുത്ത പുഞ്ചിരിയാണ് മഴയുടെ കുളിര്‍മ്മപോലെ. ഇരുപത്തേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ‘മഴപെയ്തു തീരുമ്പോള്‍’. ലേഖനമെന്നല്ല സത്യത്തില്‍ ഈ സൃഷ്ടിയ്ക്ക് പേരിടേണ്ടത്. മനസ്സും മനസ്സും സംവേദിക്കുക എന്നതാണ് പറ്റിയ പേര്. സാധാരണ ഉപന്യാസ രചയിതാക്കള്‍ക്ക് ഒരു മേലങ്കിയുണ്ട്. ഗൗരവത്തിന്റെയും വിരസതയുടേയും. പ്രോസ്- പ്രൊസൈക’ ആണെന്നല്ലേ പറയാറ്. പക്ഷേ വിജയകുമാറിന് അത്തരമൊരു ആവരണമില്ല. പുസ്തകത്തിന്റെ പുറകില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രമുണ്ട്. വിടര്‍ന്ന ചിരി. അതുകണ്ട് നമ്മളും ചിരിയ്ക്കും. വിജയകുമാറിന്റെ ലേഖനത്തിലൊളിച്ചിരിയ്ക്കുന്നതും കണ്ണുകള്‍ ഒന്നിറുക്കിപ്പിടിച്ചുള്ള മുഖഭാവം തന്നെ . ഞാനെല്ലാം കണ്ടു; അറിഞ്ഞു. നിങ്ങള്‍കണ്ടോ എന്ന ഭാവം.

തനിക്കനുഭവപ്പെട്ടതെല്ലാം രുചിച്ച് ഏകദേശം അതിന്റെ ചേരുവകളെല്ലാം മനസ്സിലാക്കി കലാഭംഗിയോടെ വിളമ്പുന്ന പാചകക്കാരനാണ് വിജയകുമാര്‍. ‘ടോട്ടല്‍ 4 യു സിന്‍ഡ്രോം’ തുടങ്ങുന്നതിങ്ങനെ…. ‘ഭാരതം വളരുകയാണ്. കേരളവും’ തുടര്‍ന്ന് ശബരീനാഥനേയും കടന്ന് ഷെയര്‍ മാര്‍ക്കറ്റിന്റേയും മ്യൂച്ചല്‍ ഫണ്ടിന്റേയും ലോകത്തേയ്ക്ക്. ധനകാര്യ വിദഗ്ദന്റെ പ്രൗഢിയോടെ വിശദമായ സമ്പദ്‌വ്യവസ്ഥാ ചിന്തകള്‍. ‘ടോട്ടല്‍ 4 യു സിന്‍ഡ്രോമി’ന്റെ ആന്റി ബയോട്ടിക് കാലാകാലങ്ങളായി കേരളത്തിലേക്കെത്തിക്കൊണ്ടിരി ക്കുന്ന വിദേശപ്പണം ക്രിയാത്മകമായ വഴിക്ക് തിരിച്ചു വിടലാണെന്നാണ് വിജയകുമാറിന്റെ അഭിപ്രായം. ഏതൊരു ഭരണകൂടത്തേയും നേര്‍വഴിക്ക് നയിക്കാന്‍ ഈ വലിയ കൊച്ചുമനുഷ്യന് കഴിഞ്ഞേക്കും. സമ്പത്തും മലയാളിയും പലലേഖനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്നു. മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി ചിലന്തി വലയില്‍പ്പെട്ടപാറ്റയെപ്പോലെ ജീവസത്തൂറ്റി പിടഞ്ഞു വീഴുന്ന മലയാളികള്‍ വിജയകുമാറിന്റെ ദൃഷ്ടിപഥത്തിലുണ്ട്. ‘അഹന്തയ്ക്കുണ്ടോ മറു മരുന്ന്’ നഷ്ടബോധ ത്തിന്റെ നെടുവീര്‍പ്പാണ്.

ഒരുകാലത്ത് കേരളത്തിന്റെ ഉയിര്‍പ്പും കിതപ്പുമായിരുന്ന ചായക്കടകള്‍ സാമൂഹ്യവിമര്‍ശനത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഇന്നതൊന്നും ഇല്ല. വിശപ്പിന്റെ മുന്നില്‍ ആദര്‍ശങ്ങള്‍ അടിയറവു പറയുന്ന ഇക്കാലത്ത്  ആഗോള വ്യാപകമായ അപകടകരമായ ഭക്ഷ്യക്ഷാമം എത്തുമെന്നുപേടിക്കുന്നു ലേഖകന്‍. തരിശുഭൂമികളെ ഹരിതാഭമാക്കാന്‍ ആഗ്രഹിക്കുന്ന കൃഷി മാനേജ്‌മെന്റ് തുടങ്ങുവാന്‍ യൂറേക്ക എന്ന് വിളിച്ചുകൂവിയ വിജയകുമാറിന് അതിവേഗം ബഹുദൂരം സഞ്ചരിക്കാതെ തന്നെ കേരളീയരെ ശരിക്കും പിടി കിട്ടി. പഴയ മാവേലിപ്പാട്ടുപോലെ എല്ലാവരും ഒന്നായി ഒരു പുതിയ സോഷ്യലിസ്റ്റ് സാമ്രാജ്യം സ്വപ്നം കാണാന്‍ ടൂറിസം പ്രമോര്‍ട്ടറായ വിജയകുമാറിന് ഒട്ടും വിഷമമില്ല.

‘പാലും മുട്ടയും ചില യാഥാര്‍ത്ഥ്യങ്ങളും’ മന്ത്രിയുടെ പ്രസ്താവന തൊലി പൊളിച്ച് ശൂന്യമായ ശിരോമണ്ഡലം കാണിച്ചുതരലാണ് കുഞ്ചന്‍നമ്പ്യാരെപ്പോലെ കയ്‌പേറിയ പാലിന്റെ രുചി നുണഞ്ഞ് വിജയകുമാറിനും ഏമ്പക്കമിടാം. ഒരുപന്യാസക്കാരനിലുപരി വഴികാട്ടിയും ചിന്താദീപവുമാണ് ഗ്രന്ഥകര്‍ത്താവ്. എന്തിനും തന്റേതായ ഒരു തൊടുകുറി ഈ പുസ്തകത്തിലെ എല്ലാ ലേഖനത്തിനും അവകാശപ്പെടാം. ശരാശരി മലയാളിക്കറിവുള്ള കാര്യങ്ങളാണേറെയും. പക്ഷെ അതു പറയാന്‍ ടി.ജി. വിജയകുമാറിനേ സാധിക്കുകയുള്ളൂ. നമ്മുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് നമ്മുടെ മനസ്സായി മാറുക ഒരെഴുത്തുകാരന് ഇതില്പരം നിര്‍വ്വഹിക്കാനുള്ള കര്‍മ്മം എന്താണ്?

ഹര്‍ത്താലും അഴിമതിയും ചെറുകിട വന്‍കിട പണിമുടക്കുകളുമായി മുടന്തിക്കൊണ്ട് സ്മാര്‍ട്ട് സിറ്റിയും മെട്രോയും കൊണ്ടു നടക്കുന്ന കേരളത്തിന്റെ മുന്നില്‍ വലിയൊരുപരീക്ഷയായി ചൈനയിലെ വന്‍മതില്‍ നില്ക്കുന്നു. സിദ്ധാന്തങ്ങളുടെ തീപ്പൊരിതേടിപ്പോകുന്ന ദേശസ്‌നേഹികള്‍ വന്‍മതില്‍ മുതല്‍ ഷാങ്ഹായ്‌വരെ എന്ന ലേഖനം മനസ്സിരുത്തി വായിച്ചാല്‍ നന്ന്. ഈ സമാഹാരത്തിലെ ഏറ്റവും നല്ല ലേഖനമാണ് കൃതിയുടെ പേരായി തെരഞ്ഞെടുത്ത ‘മഴ പെയ്തുതോരുമ്പോള്‍’ എന്ന രചന. മഴ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. നിത്യജീവിതം പോലെ തന്നെ സാഹിത്യവും മഴ നിറഞ്ഞു നില്ക്കുന്നു. പുരാണവും ചരിത്രവും മഴയെ അറിഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ നല്ലൊരു മഴ ഇന്നത്തെ തലമുറ കണ്ടിട്ടില്ല.

മഴയത്തുകളിക്കുക എന്നുള്ളത് ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. പെയ്തുപെയ്തുകൊണ്ടിരിക്കുന്ന മഴയത്ത് കടലാസ്സു വഞ്ചിയിറക്കി തിമര്‍ക്കുന്ന കുട്ടി വര്‍ത്തമാനകാലത്തില്‍ ചരിത്രമായിരിക്കുന്നു. ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം അതോര്‍മ്മിപ്പിക്കുന്നു. മഴയെക്കുറിച്ചുള്ള സമ്മേളനവും ചര്‍ച്ചയും വരാന്‍പോകുന്ന കാലഘട്ടത്തിന്റെ സൗഹൃദത്തിന്റെ നാന്ദിയാകാം.

‘കമുകിന്‍ പാളകൊണ്ടുണ്ടാക്കിയ പാത്രത്തില്‍ ചൂടുകഞ്ഞി പകര്‍ന്ന് ഈര്‍ക്കിലി കുത്തിക്കൂട്ടിയ പ്ലാവിലയിട്ട് ചുട്ടപപ്പടവും പയറുതോരനും കൂടി വിളമ്പുമ്പോള്‍ പാതിരാക്കോഴി കൂവുന്നുണ്ടായിരുന്നു. മോഹിപ്പിച്ച മഴ പിന്നോക്കം പോയൊളിച്ചിരുന്നു. ആരോ പറയുന്നതുകേട്ടു. ആനിയ്ക്കാകുരു വറചട്ടീല്‍ മണലിട്ട് വറുത്തതും കൂട്ടിവെച്ചിരുന്നെങ്കില്‍…. കപ്പക്കിഴങ്ങ് അടുപ്പിലിട്ട് ചുട്ടതും കൂടിയുണ്ടായിരുന്നെങ്കില്‍…’ ഭൂതകാലത്തിലെവിടേയോ നഷ്ടപ്പെട്ടുപോയ ഒരു കര്‍ക്കടകരാത്രിയെ വിജയകുമാര്‍ വീണ്ടെടുത്തു തരികയായിരുന്നു.

2008 ജൂലായിലെഴുതിയ പെരുന്നയിലെ ചായ കൊടുങ്കാറ്റ് രസകരമായിതീരുന്നത് ഇക്കഴിഞ്ഞ ജനുവരി രണ്ടിന് എന്‍.എസ്.എസ്. ആസ്ഥാനാധിപന്റെ പ്രസ്താവനയും കൂട്ടി വായിക്കുമ്പോഴാണ് സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളെ തന്റെ മനസ്സിന്റെ വാഴനാരുകൊണ്ട് കെട്ടിമുറുക്കിയാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത്രവേണോ എന്നൊരു ചോദ്യം വായനക്കാരന്റെ മനസ്സിലും വരും.  എങ്കിലും പരിഹാസത്തിന്റെ മേമ്പൊടിയോടുകൂടിയ കഷായത്തിന് ഉശിരുകൂടും. ചില ലേഖനങ്ങള്‍ വായിക്കുമ്പോള്‍ കാണാമറയത്ത് വിജയകുമാറിന്റെ ചിരി ഉയരുന്നതായി അനുഭവപ്പെടും. നമ്മുടെ ചിന്തയുടേയും സംവേദനക്ഷമതയുടേയും മുറ്റത്തേയ്ക്ക് കളിപ്പന്തുരുട്ടി തന്ന് അദ്ദേഹം പിന്‍വലിഞ്ഞുകളയും. ചുരിദാറുണ്ടെങ്കില്‍ ബര്‍മൂഡയും ഇത്തരമൊരു മുദ്ര ചേര്‍ത്തിട്ടുള്ളതാണ്.

‘കലാപഭൂമികളിലൂടെ’ എന്ന ലേഖനത്തില്‍ ആരുടെ മനസ്സും ഒന്ന് നിശ്ചലമാക്കിക്കളയും വിധത്തിലാണ് ആഖ്യാനം. ഒരു ഹര്‍ത്താല്‍ വിചാരമാകട്ടെ ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും വിശ്രമിക്കുവാനും വിനോദിക്കുവാനും കഴിയാത്ത നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷ ഹര്‍ത്താലാണെന്ന് പറയുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെയാകും നമുക്ക്. സത്യത്തിന്റെ മുഖം വികൃതം മാത്രമല്ല ബീഭത്സവുമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നു ലേഖകന്‍.

സ്ത്രീവിമോചനവും പെണ്ണെഴുത്തും സ്ത്രീകളെ പ്രകോപിക്കാന്‍ മന:പൂര്‍വ്വം  എഴുതപ്പെട്ടതാണെന്ന തോന്നല്‍ ബലപ്പെടുത്തും വിധമാണ് വിജയകുമാറിന്റെ വിചാരണ. കാലഹരണപ്പെട്ട ഒരു വിഷയമാണിതിന്നിപ്പോള്‍ എന്ന സത്യം മനസ്സിലാക്കിയിരിക്കും. ബുദ്ധിമാനായ ലേഖകന്‍. വൈകീട്ടെന്താ പരിപാടി എന്ന ലേഖനവും സമയം തെറ്റി വന്ന തമാശയായിട്ടേ വിലയിരുത്താന്‍ പറ്റൂ. എന്നാല്‍ ഹൃദ്രോഗികള്‍ക്കൊരു സുവിശേഷം ഗൗരവം നിറഞ്ഞ രചനയാണ്. മനുഷ്യന്‍ ജീവിതത്തെ ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പലതും നമ്മള്‍ ശ്രദ്ധിക്കേണ്ട പലതും നമ്മള്‍ ശ്രദ്ധിക്കാറില്ല. കീറിയ അരികുകള്‍ വെട്ടി ശരിപ്പെടുത്തി തുന്നി ഭംഗിയാക്കണമെന്ന ഉപദേശം ഭംഗ്യന്തരേണ്ടതരുന്ന ഈ ലേഖനത്തില്‍ ഹൃദയത്തെകോര്‍ക്കുന്ന എരിയുന്ന സിഗരറ്റിന്റെ ചിത്രം രേഖപ്പെടുത്തിയത് ഉചിതം തന്നെ. ഗദ്യം എങ്ങിനെ ആസ്വാദ്യതരമാവുമെന്ന് തെളിയിക്കുന്ന ഒട്ടേറെ ലേഖനങ്ങള്‍ ഈ സമാഹരങ്ങളിലുണ്ട്. എല്ലാമൊന്ന് തൊട്ടുകൂട്ടുക മാത്രമാണിവിടെ ചെയ്യുന്നത്. രുചിയറിയാന്‍ മുഴുവനും കഴിക്കണമെന്നില്ലല്ലോ.

കുതിക്കുന്ന യൗവ്വനവും കിതയ്ക്കുന്ന സംസ്‌കാരവും ഉദ്ദേശിയ്ക്കുന്നത് കിരാതന്മാരുടെ കശ്മലത്വത്തെ ഭയക്കുന്ന ഇന്ത്യന്‍ സ്ത്രീത്വത്തെയാണ്. ഒരിക്കലും  പറഞ്ഞവസാനിയ്ക്കാത്ത വിഷയമാണത്. സ്ത്രീത്വം മാത്രമല്ല മുഴുവന്‍ കൗമാരവും അടിയറവു പറയുന്ന യാന്ത്രികമായിക കാട്ടാളത്തമാണിത്. ഒരു കിളി പിടഞ്ഞു വീഴുമ്പോള്‍ മാനിഷാദ എന്നു പറയാന്‍ വാല്മീകിയുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഒരു പറ്റം കിളികളാണ് മാംസം വിണ്ടുകീറി ചിറകുകരിഞ്ഞ് വീഴ്ത്തപ്പെടുന്നത്. എവിടെ നിന്നെങ്കിലും അക്ഷര മൂര്‍ച്ചയോടുകൂടിയ ഒരു വിജയകുമാറുണ്ടായാല്‍ മഴ പെയ്തുതോരുന്ന ആശ്വാസം കിട്ടും.

Leave a Reply