‘വിനോദസഞ്ചാരം': കേരളത്തിന്റെ സാദ്ധ്യതകളും പ്രശ്‌നങ്ങളും

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. (Man is a Social animal) അവന്റെ ആനന്ദം സാമൂഹ്യജീവിതത്തിലാണ്. അത് യാത്രയിലാണ് തുടങ്ങുന്നത്. യാത്രകളിലൂടെ വികസിക്കുന്നു. മൃഗങ്ങള്‍ വിശപ്പടക്കുവാനാണ് യാത്രചെയ്തിട്ടുള്ളത് എങ്കില്‍ മനുഷ്യന്‍ ഭക്ഷണാവശ്യങ്ങള്‍ക്കുമപ്പുറം യാത്രകളെ എല്ലാവിധ പ്രവൃത്തികളുമായി ബന്ധപ്പെടുത്തിയാണ് സാമൂഹ്യ ജീവിതത്തിന്റെ വികാസ പരിണാമങ്ങളെ ഉറപ്പാക്കുന്നത്. ഏതൊരുവിധ യാത്രകളും ആനന്ദതുന്ദിലമാണ്.

ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക്, ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക്, കരകളും കടലുകളും താണ്ടിയ യാത്രകള്‍ ഇന്ന് ശൂന്യാകാശത്തേക്കും അന്യഗ്രഹങ്ങളിലേക്കും ലക്ഷ്യം വച്ചിരിക്കുന്നു. ഇതൊന്നും ഉപജീവനത്തിന് വേണ്ടിയുള്ള യാത്രകളല്ലയെന്നത് പ്രാധാന്യത്തോടെ ചിന്തിക്കേണ്ടതുണ്ട്. തീര്‍ത്ഥാടനങ്ങള്‍ക്ക്, പഠനാവശ്യങ്ങള്‍ക്ക്, പര്യവേഷണങ്ങള്‍ക്ക് ഒക്കെയായി തുടങ്ങി വികസിച്ച യാത്രകള്‍ ഇന്ന് വളരെ ചിലവേറിയ അന്യഗ്രഹങ്ങളെയാത്രകളെപ്പോലും ലക്ഷ്യം വയ്ക്കുന്നു എങ്കില്‍ സമയത്തെയും പണത്തെയും യാത്രകളുടെ കഷ്ടനഷ്ടങ്ങളേയും  ഒക്കെ അവഗണിച്ചിട്ടുള്ള സഞ്ചാരം മനുഷ്യന്‍ നടത്തുന്നത് മനസ്സിനെ ആനന്ദിപ്പിക്കുവാനും ആഗ്രഹങ്ങളെ സഫലീകരിക്കുവാനും വേണ്ടിയാണ് എന്ന ചിന്തയോടെ വേണം വിനോദസഞ്ചാര സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കുവാന്‍.

നമുക്ക് ലഭ്യമായ സാഹചര്യങ്ങള്‍, സുഖതരമായ അനുഭവങ്ങള്‍ വ്യത്യസ്തമായ കാലാവസ്ഥകള്‍, പ്രകൃതി നിര്‍മ്മിതമായ അല്‍ഭുതകാഴ്ചകള്‍, ചരിത്രപര്യവേഷണങ്ങള്‍, വൈദഗ്ദ്ധ്യമേറിയ പഠനങ്ങള്‍, ചികിത്സകള്‍, വിസ്മയാവഹമായ അനുഭൂതികളും ആശ്വസങ്ങളുടേയും ഉറവിടങ്ങള്‍ പകര്‍ന്നു നല്‍കുന്ന തീര്‍ത്ഥാടനങ്ങള്‍ മനുഷ്യ ബുദ്ധിക്ക് ഇപ്പോഴും അജ്ഞാതമായ പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍ തേടിയുള്ള ശൂന്യാകാശയാത്രകള്‍ എന്നിങ്ങനെ അനേകം മേഖലകളില്‍ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെ കണ്ടെത്തുവാനും തരംതിരിക്കുവാനും നമുക്ക് കഴിയും. ഭാരതത്തോളം ഇതിന് സാദ്ധ്യതകളുള്ള, പൈതൃകമുള്ള മറ്റൊരു ദേശമില്ലെന്ന് അഭിമാനപൂര്‍വ്വം നമുക്കഹങ്കരിക്കാം. പക്ഷേ വളരെ താമസിച്ചാണ് നാം ഭാരതീയര്‍ ഇതേക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ തുടങ്ങിയത് എന്ന് മാത്രം.

2007 ന് ശേഷം ഭാരതത്തിലെ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച 42% എന്ന ആവേശകരമായ കുതിപ്പോടെയായിരുന്നു എന്ന ഒറ്റ സത്യം മാത്രം മതി നമ്മുടെ വൈകിയ തിരിച്ചറിവിലേയ്ക്കുള്ള ചൂണ്ടുപലകയാക്കുവാന്‍. 1990-2007 വരെയുള്ള കാലഘട്ടത്തിലെ വളര്‍ച്ച ഏതാണ്ട് 6.5% മാത്രമായിരുന്നു. 2017-ഓടെ 42.8 ബില്യണ്‍ US ഡോളര്‍ വാര്‍ഷികവരുമാനം വിനോദസഞ്ചാരമേഖലയില്‍ നിന്നുമാത്രം പ്രതീക്ഷിക്കുന്ന ഭാരതീയര്‍ 2020 -ഓടെ എട്ടുലക്ഷത്തി അമ്പതിനായിരം കോടി രൂപ ജി.ഡി.പി. വളര്‍ച്ചയായും രേഖപ്പെടുത്തപ്പെടുമെന്ന് വിലയിരുത്തുന്നു. അതായത് ഓരോ ഭാരതീയനും വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം 7500/- രൂപയുടെ ആളോഹരി വരുമാനത്തോടുകൂടി സമ്പന്നനാകും എന്നര്‍ത്ഥം. കേരളാ ടൂറിസമാകട്ടെ അന്താരാഷ്ട്ര രംഗത്ത് സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ദിവസം ബര്‍ലിനില്‍ നടന്ന ‘ട്രാവല്‍ഷോ’ യില്‍ ‘ഗോള്‍ഡന്‍ ഗേറ്റ്’ അവാര്‍ഡ് കേരളം നേടിയതാണ് ഈ ശ്രേണിയില്‍ അവസാനത്തേത്.  കേരളത്തിന്റെ തന്നെ ‘നിങ്ങളുടെ നിമിഷം കാത്തിരിക്കൂന്നു’ എന്ന പവിലിയന്‍ ‘പ്രിന്റ് പ്രചാരണത്തിനുള്ള’ സില്‍വര്‍ പുരസ്‌കാരം നേടുകയും ചെയ്തു.

ഇത് പ്രതീക്ഷയോടുകൂടിയ കണക്കുകളും വിലയിരുത്തലുകളുമാകാം ‘കൊണ്ടുപോകില്ല ചോരന്മാര്‍, കൊടുക്കുന്തോറുമേറിടും” എന്ന് വിദ്യാഭ്യാസത്തെ അധികരിച്ചെഴുതിയ കവിവാക്യം ഇന്ന് ടൂറിസത്തിനും ബാധകമാണ്. വിനോദസഞ്ചാരമേഖലയിലേക്ക് നമ്മള്‍ വിദേശികളെയും, അന്യസംസ്ഥാനവാസികളേയും ഒക്കെ  ആകര്‍ഷിച്ചുവരുത്തുമ്പോള്‍ നമുക്കൊന്നും നഷ്ടപ്പെടുന്നില്ല. സഞ്ചാരികള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല, മറിച്ച് സാംസ്‌കാരികമായും സാമ്പത്തികമായും നമ്മള്‍ വളരുകയും സമ്പന്നരാവുകയുമാണ് എന്ന് പ്രഥമമായി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വിനോദസഞ്ചാകകേന്ദ്രങ്ങള്‍ കണ്ടെത്തുക, മനോഹരമാക്കുക, താമസസൗകര്യമുണ്ടാക്കുക, കുട്ടികളുടെയും മുതിര്‍ന്നവരുടേയും ആയാസകേളികള്‍ക്കുള്ള ഉപാധികള്‍ ഒരുക്കുക, നല്ല ഭക്ഷണശാലകള്‍ സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം അടിസ്ഥാന സൗകര്യ വികസനത്തില്‍പെടുന്നു. അത്യന്തികമായി അത്തരം വികസന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നമ്മുടെ ആസ്ഥിയായി മാറുകയും വരുമാനശ്രോതസുകളായി തീരുകയും ചെയ്യും.

എന്നാല്‍ നമ്മള്‍ മലയാളികള്‍ ‘രണ്ടുതലയുള്ളവര്‍’ എന്നൊക്കെ അഹങ്കരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ശ്രദ്ധയോടെ, കണക്ക് കൂട്ടലുകളോടെ, മുന്‍കരുതലുകളോടെ ഇവയെക്കുറിച്ചൊന്നും ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ വിമുഖരാണെന്ന് കാണാം. ഉദാഹരണത്തിന് മലമ്പുഴ ഡാം പണിത കാലം മുതല്‍ അവിടെ ഒരു ഉദ്യോനം സൃഷ്ടിക്കപ്പെട്ടിരുന്നു. സന്ദര്‍ശകര്‍ക്കായി ചെറുയൊരു ഫീസും. ഉദ്യാനം ഇല്ലെങ്കിലും ‘ഡാം’ കാണുവാനും അതിന്റെ ദൃശ്യഭംഗിയും നിര്‍മ്മാണത്തിലെ വൈദഗ്ദ്ധ്യവും ആസ്വദിക്കുവാനും തീര്‍ച്ചയായും സന്ദര്‍ശകരുണ്ടാകും. ഉദ്യാനമുണ്ടെങ്കിലോ അല്പസമയം ചെലവഴിക്കാന്‍ തോന്നും. അപ്പോള്‍ റെസ്റ്റോറന്റുകളുടേയും ഐസ്‌ക്രിം പാര്‍ലറുകളുടേയും മോട്ടോര്‍ വാഹനങ്ങളുടേയും ആവശ്യകത ഉണ്ടാവും. അത് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയും വ്യക്തികള്‍ക്കും സമൂഹത്തിനും സര്‍ക്കാരിനും വളര്‍ച്ചയുടേയും വരുമാനത്തിന്റേയും പുതിയ സ്രോതസ്സുകളായി മാറും. മലമ്പുഴയിലെങ്കിലും അത്തരം ഒരു ചിന്തയും പരിശ്രമവും അടുത്ത കാലത്തുണ്ടാകുകയും അഞ്ച് കോടിയോളം രൂപ ചിലവാക്കി ആ ഉദ്യോനം എല്ലാ അര്‍ത്ഥത്തിലും നവീകരിക്കുകയും ചെയ്തു. ഫലമോ അവിടെ നിലനിന്നിരുന്ന പ്രതിമാസ വരുമാനമായ 2 കോടിയില്‍ നിന്നും 7 കോടിയിലധികമായി അതുയര്‍ന്നു എന്ന് പത്രവാര്‍ത്തകളില്‍ നാം കണ്ടു.

ഇപ്പോള്‍ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന് എട്ടാം സ്ഥാനത്തേക്ക് വളരുവാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളമാകട്ടെ, കാശ്മീരിനെയും സിക്കിമിനേയും, സിംലയേയും,  ഡാര്‍ജിലിംഗിനേയും ഒക്കെ പിന്തള്ളി അടുത്തകാലത്തായി ഒന്നാം സ്ഥാനത്തേയ്ക്ക് മത്സരിച്ചുകൊണ്ടിരിക്കുന്നു. ഫലമോ കേരളവും വികസിച്ചുകൊണ്ടിരിക്കുന്നു. ടൂറിസം ഭൂപടത്തില്‍ ലബ്ദപ്രതിഷ്ഠ നേടിയ മൂന്നാര്‍, തേക്കടി, കോവളം, പൂവ്വാര്‍, കുമരകം, ആലപ്പുഴ എന്നീ കേന്ദ്രങ്ങളോടൊപ്പം ‘വയനാട്’ പോലുള്ള ജില്ലകളിലെ സാദ്ധ്യതകളും വളരെ ഏറിവരികയാണ്. ഗുരുവായൂര്‍, ശബരിമല, തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രം തുടങ്ങിയവയോടൊപ്പം മലയാറ്റൂര്‍, അര്‍ത്തുങ്കല്‍ പള്ളികളും നിരവധി മുസ്ലീം കേന്ദ്രങ്ങളും തീര്‍ത്ഥാടന ടൂറിസത്തില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. കേരളത്തിന് മാത്രം സ്വന്തമായ ആയുര്‍വേദ രംഗത്തെ സാദ്ധ്യതകളും ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങളും, ആ മേഖലയിലേക്കുള്ള ടൂറിസം സാദ്ധ്യതകളുടെ ബാഹുല്യത്തെ വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

ഇതെല്ലാം നമ്മള്‍ എങ്ങിനെ ഉപയോഗിക്കണം, പരമാവധി പ്രയോജനപ്പെടുത്തണം എന്നതാണ് വിഷയം. ഏതൊരു വിനോദസഞ്ചാരിയുടേയും മുഖ്യമായ മാനദണ്ഡം ശുചിത്വമുള്ള ഇടവും അന്തരീക്ഷവുമാണ് ഒരു സഞ്ചാരിയുടെ ദൃഷ്ടിയില്‍ കേരളത്തെ നോക്കിയാല്‍ കേരളം ഇപ്പോഴും ദുര്‍ഗ്ഗന്ധപൂരിതമാണ്, മലീമസമാണ്. റോഡിലൂടെയുള്ള സഞ്ചാരം തുടങ്ങുമ്പോഴേ അത് ദൃശ്യമാകും. അശാസ്ത്രീയവും ദുര്‍ഘടവുമായ റോഡുകള്‍, പൊട്ടിയൊലിച്ചൊഴുകി ദുര്‍ഗന്ധം പരത്തുന്ന ‘ഓടകള്‍’ വഴിനീളെ വലിച്ചെറിയപ്പെട്ടിരിക്കുന്ന പ്‌ളാസ്റ്റിക്, കടലാസ് തുടങ്ങി ചീഞ്ഞഴുകിയ ഭക്ഷണ സാധനങ്ങള്‍ വരെ കായല്‍ സഞ്ചാരം നടത്തുമ്പോള്‍ ഇതിന്റെ ഭയാനകമായ ഒരു ചിത്രം കാണാം. കേരളത്തിലെ എല്ലാത്തരം മാലിന്യങ്ങളും ഒഴുകിനടക്കുന്ന കാഴ്ച നദികളിലും കായലുകളിലും വെള്ളക്കെട്ടുകളിലും കാണുമ്പോഴാണു നമ്മുടെ ശുചിത്വബോധമില്ലായ്മയുടെ ആഴം മനസ്സാലാക്കുക. ഇക്കാര്യത്തില്‍  ഇതഃപര്യന്തമുള്ള ഒരു ഭരണാധികാരികളും ശ്രദ്ധിക്കുകയോ ഒരു ചെറുവിരല്‍ പോലും അനക്കുകയോ ചെയ്യാതെ മാലിന്യത്തെക്കുറിച്ചോ മാലിന്യ സംസ്‌കാരണത്തെക്കുറിച്ചോ, ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ഭരണകൂടം ഒരു പക്ഷേ ഭാരതവും കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായിരിക്കും. സിംഗപ്പൂര്‍പോലുള്ള സമീപസ്ഥരാജ്യങ്ങളുടെ ഇക്കാര്യത്തിലുള്ള വന്‍നേട്ടം നമ്മെ തീരെ ആകര്‍ഷിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത.

വിനോദസഞ്ചാരമേഖല വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാര്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത് ഇവിടെയാണ്. ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികളില്‍ മാലിന്യം എന്താണെന്നും അത് പരമാവധി ഉണ്ടാകാതെയും ഉണ്ടായാല്‍ ശാസ്ത്രീയബോധത്തോടെ എങ്ങനെ സംസ്‌ക്കരിക്കണം എന്നും പഠിപ്പിച്ച് സാമൂഹ്യബോധമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുവാനുള്ള ഉദ്യമമായിരിക്കണം ആദ്യത്തേത്. രണ്ടാമത് കേരളത്തിന്റെ അങ്ങോളമിങ്ങോളം കുന്നുകൂടികൊണ്ടിരിക്കുന്ന മാലിന്യങ്ങളെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി സംസ്‌ക്കരിക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുവാനാണ് ശ്രമിക്കേണ്ടത്. കര്‍ണ്ണാടകയിലെ മൈസൂര്‍ നഗരത്തില്‍ അടുത്തിടെ നടപ്പാക്കിയ നടപടികളും ഗുജറാത്തില്‍ അതിഗംഭീരമായി വിജയിപ്പിച്ച മാലിന്യ സംസ്‌ക്കരണ-നിര്‍മ്മാര്‍ജ്ജന പദ്ധതികളും ഒക്കെ നമുക്ക് മാതൃകയാക്കാവുന്നതേയുള്ളൂ.

അടുത്തഘട്ടം കേരളത്തിന്റെ ജലസ്രോതസ്സുകളായ ജലാശയങ്ങള്‍, നദികള്‍, കായലുകള്‍ തുടങ്ങിയവ പരിശുദ്ധമായി സൂക്ഷിക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധപതിയേണ്ടത്. കേരളത്തിലെ നദികളാണ്  ശുദ്ധ ജലശ്രോതസ്സായി നമ്മള്‍ ഉപയോഗിക്കുന്നത്. അവ മുഴുവന്‍ കേരളീയരുടെയും മുഴുവന്‍ മാലിന്യങ്ങളും ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളെ കൂടാതെ മാംസവ്യാപാരാവശിഷ്ടങ്ങള്‍, ഹോട്ടലുകളും ഫാക്ടറികളും പുറന്തള്ളുന്ന അവശിഷ്ടങ്ങളും മാരകമായ രാസഘടകങ്ങളും മൂന്നാര്‍ മലനിരകള്‍ മുതല്‍ കേരളം വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികളുടെ പോലും അന്തിമശവക്കുഴിയായി നമ്മുടെ നദികളും കായലുകളും മാറി എന്നത് ഭീകമായ ഒരു സത്യം തന്നെയാണ്. ഒരു കാലത്ത് എല്ലാ മാലിന്യങ്ങളും മഴക്കാലത്തെങ്കിലും കുത്തിയൊലിച്ചൊഴുകി അറബിക്കടലില്‍ പതിക്കുമായിരുന്നു. അന്ന് പഴമക്കാര്‍ പറയുമായിരുന്നു ”ഒഴുക്കുള്ള വെള്ളത്തില്‍ അഴുക്കില്ലെന്ന്” പക്ഷെ വര്‍ത്തമാനകാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അസംഖ്യം അണക്കെട്ടുകളും തടയിണകളും തണ്ണീര്‍മുക്കം ബണ്ട് പോലുള്ള ഭീമന്‍ നിര്‍മ്മിതികളും ഒഴുക്കിനെ മാത്രമല്ല, മുഴുവന്‍ മാലിന്യങ്ങളേയും നമ്മുടെ ജലസ്രോതസ്സുകളില്‍ വിവിധ ഭാഗങ്ങളായി കാലങ്ങളോളം തടഞ്ഞു നിര്‍ത്തുകയും നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനും മാരകമായ ഘടകമാകുകയും ചെയ്യുന്നു. നമ്മുടെ ഈ അവസ്ഥ തീര്‍ച്ചയായും വിനോദ സഞ്ചാരികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. അതു ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് കേരളത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളെയും സംഭരണികളേയും ശുദ്ധിയും വൃത്തിയുമായി പരിപാലിക്കാനുള്ള സാമൂഹ്യശുചിത്വബോധം ജനങ്ങളിലാകെ വളര്‍ത്തുകയും യുദ്ധകാലാടിസ്ഥാനത്തില്‍ ഇവയെല്ലാം മാലിന്യങ്ങളെ നീക്കി ശുദ്ധീകരിക്കുവാനും വൃത്തിയായി സംരക്ഷിക്കുവാനും ഉതകുന്ന നടപടികള്‍ സര്‍ക്കാരിന്റെയും സാമൂഹ്യ-സേവന-പരിസ്ഥിതി സന്നദ്ധ സംഘടനകളുടേയും ഭാഗത്ത് നിന്നുണ്ടാകേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലുടനീളമുള്ള തട്ടുതടകള്‍ തുടങ്ങി വന്‍കിട ഹോട്ടലുകള്‍ വരെയുള്ള ഭക്ഷണശാലകളിലെ ശുചിത്വംഉറപ്പാക്കുവാനും അത്തരത്തിലുള്ള സംരംഭകരെ ബോധവല്‍ക്കരിക്കുവാനും ചെറുതെങ്കിലും ആധുനികതയെ സ്വാംശീകരിക്കുന്ന ആകര്‍ഷകങ്ങളായ സംരംഭങ്ങളായി അവയെ മാറ്റുവാനും നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. മാസത്തിലൊരു ദിവസമെങ്കിലും ഭക്ഷണശാലകള്‍ അടച്ചിട്ട് ശുദ്ധീകരിച്ച് അധികൃതരില്‍ നിന്ന് ശുചിത്വ സര്‍ട്ടിഫിക്കറ്റ് വാങ്ങിമാത്രം പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ആ മേഖലയെ മാറ്റേണ്ടതുണ്ട്. വിളമ്പുന്ന ഭക്ഷണസാധനങ്ങളുടെ ഗുണമേന്മയും ഒരുപാട് മാറേണ്ടതുണ്ട്, ഉറപ്പാക്കേണ്ടതുണ്ട്. ‘ഫുഡ് കോര്‍ട്ടുകള്‍’ പോലുള്ള ആധുനിക കേന്ദ്രീകൃത ഭക്ഷണശാലകള്‍ നമുക്ക് ആവശ്യമായി വരുന്നത് ഇത്തരംചിന്തകളിലൂടെയാണ്.

താമസത്തിന് നിലവാരമുള്ള  ഹോട്ടലുകള്‍, ആധുനികതയോടൊപ്പം സഞ്ചരിക്കുന്ന മോട്ടോര്‍ വാഹനങ്ങളടക്കമുള്ള യാത്രാ സൗകര്യങ്ങള്‍, വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള  വൈദഗ്ദ്ധ്യങ്ങളോടുകൂടിയ പരിശീലനം സിദ്ധിച്ച ടൂറിസ്റ്റ് ഗൈഡുകള്‍ എന്നിവയും അടിസ്ഥാന ഘടകങ്ങളാണ്, അടിയന്തിര പ്രാധാന്യമുള്ളതാണ്. കൊച്ചി, തിരുവനന്തപുരം, കോവളം, ആലപ്പുഴ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എങ്കിലും സ്ഥിരം സ്റ്റേജുകള്‍ സ്ഥാപിച്ച്  നമ്മുടെ തനതു കലകളുടെയും നൃത്തരൂപങ്ങളുടേയും സ്ഥിരമായി കലാസന്ധ്യകള്‍ ഒരുക്കേണ്ടതും ആവശ്യമാണ്. ഇത്രയും കാര്യങ്ങളിലെങ്കിലും പ്രാഥമികമായി സര്‍ക്കാരിന് ശ്രദ്ധകേന്ദ്രീകരിക്കുവാനും ആവശ്യമായ വളര്‍ച്ചയും പുരോഗതിയും കൈവരിക്കുവാനുമായാല്‍ പിന്നീട് സംരംഭകരുടെ ഊഴമാണ്. അവര്‍ക്കും ധാരാളം തൊഴില്‍ – സംരംഭക അവസരങ്ങള്‍ സാദ്ധ്യമാക്കാവുന്നതാണ്. അവര്‍ സ്വയം പഠിക്കുകയും പഠിക്കാനുള്ള സര്‍ക്കാര്‍ പരിശ്രമങ്ങളെ ഉപയോഗിക്കുകയും ചെയ്താല്‍ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം അതിന്റെ ഏറ്റവും ഉയരങ്ങളില്‍ തന്നെ ആയിരിക്കും എന്നതിന് യാതൊരു സംശയവുമില്ല. ഒപ്പം സമ്പന്നതയുടെ ലോകത്തേക്കുള്ള കേരളീയരുടെ പ്രയാണത്തിന് മറ്റൊരു അടിത്തറ കൂടി സൃഷ്ടിക്കപെടുകയും വേഗത കൂടുകയും ചെയ്യുമെന്നുള്ളതിനു രണ്ടുപക്ഷം ഉണ്ടാവുകയുമില്ല.

Leave a Reply