ഡോ. സുകുമാര്‍ അഴിക്കോടിനെതിരെ ‘സാംസ്‌കാരിക ഗൂഢാലോചന’ നടന്നിരുന്നുവോ? – ഭാഗം 1
സെക്ഷന്‍: പുതിയ ലേഖനങ്ങള്‍
”മാഷുടെ അനുവാദം ചോദിച്ച് വിലാസിനി ടീച്ചറെ ഞാന്‍ വിളിച്ചു. വരാന്‍ പറഞ്ഞു. തൃശൂരിലെ ഹോട്ടലില്‍ താമസിച്ച് ഞാന്‍ ടീച്ചറെ കാത്തിരുന്നു. ചാനലുകാര്‍ ഒരുക്കിയ നാടകത്തില്‍പെട്ട് ടീച്ചര്‍ക്ക് എന്റെ അടുത്തേയ്ക്ക് വരാന്‍ കഴിഞ്ഞില്ല. ആ ഉജ്ജ്വല മുഹൂര്‍ത്തം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.” – വി.ആര്‍. സുധീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഫെബ്രുവരി 5).
2011 ഡിസംബര്‍ 18 വെള്ളിയാഴ്ച ഡോ. സുകുമാര്‍ അഴീക്കോട് തൃശൂരിലെ അമലാ ആശുപത്രിയിലെ 1285-ാം നമ്പര്‍ മുറിയില്‍ രോഗാതുരനായി കഴിയുന്നു. അടുത്തു തന്നെ ഒരു ഹോട്ടലില്‍ മാഷുടെ ശിഷ്യനും എഴുത്തുകാരനും അദ്ധ്യാപകനുമായ വി.ആര്‍. സുധീഷ് കാത്തിരുന്നത് വിലാസിനി ടീച്ചറെ തന്നെയായിരുന്നു. മാദ്ധ്യമസുഹൃത്തുക്കളും അതേ വി.ഐ.പിയ്ക്കായി കാത്തിരിക്കുന്നു.
മുന്‍കൂട്ടി തന്നെ മാഷിന്റെ സെക്രട്ടറി സുരേഷിന് അറിവ് കിട്ടിയിരുന്നു. ടീച്ചര്‍ വരുമെന്ന്. വെളുപ്പിന് അഞ്ചു മണിക്ക് അഞ്ചലിലെ വീട്ടില്‍ നിന്നും പുറപ്പെട്ട് പതിനൊന്ന് മണിയോടെ ആശുപത്രിയില്‍ എത്തുമെന്ന് സുരേഷിനെ ഫോണിലൂടെ തലേന്ന് വൈകിയും അവര്‍ അറിയിച്ചിരുന്നു. അഴീക്കോട് മാഷിന്റെ കാമുകിയെന്ന് സ്വയം അവകാശപ്പെടുന്ന വിലാസിനി ടീച്ചര്‍ സെക്രട്ടറി സുരേഷിലൂടെ മാഷിനെ ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കുവാന്‍, ഒരു നോക്കു കാണുവാന്‍, ഒരു വാക്കെങ്കിലും പറയുവാന്‍ അനുവാദം ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞതിങ്ങനെ. ”ഇവിടെ എല്ലാവരും വരുന്നുണ്ടല്ലോ? അവര്‍ക്കും വന്നു കൂടെ…” എന്ന്
കണക്കുകൂട്ടലുകളെയൊക്കെ തകിടം മറിച്ചുകൊണ്ട് അഞ്ച് മണിക്ക് വീട്ടില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിലാസിനി ടീച്ചര്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തന്നെ പുറപ്പെടുന്നു. ചാനലുകളുടെ മത്സരത്തില്‍ സൂത്രശാലിനിയായ ഒരു മാദ്ധ്യമപ്രവര്‍ത്തക സ്വന്തം നിലയ്ക്ക് അവരുടെ വീട്ടിലെത്തി ടീച്ചറിനേയും കൂട്ടി നിശ്ചയിച്ചിരുന്നതിലും മൂന്നു മണിക്കൂര്‍ മുന്‍പേ യാത്ര ആരംഭിക്കുകയും വി.ആര്‍ സുധീഷിന്റെയും മറ്റു മാദ്ധ്യമങ്ങളുടെ പോലും കണ്ണുകളെയും വെട്ടിച്ച് പുലര്‍ച്ചെ ആറ് മണിയോടെ തൃശൂരിലെത്തുകയും ചെയ്യുന്നു. പത്ത് രൂപ കൊടുത്ത് ഒരു റോസാപ്പൂ വാങ്ങുവാനാവശ്യപ്പെട്ട ടീച്ചര്‍ക്ക് എട്ടു റോസാപ്പൂക്കളടക്കമുള്ള മനോഹരമായ ഒരു പൂക്കൂട തന്നെ ഒപ്പമുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ വാങ്ങി നല്‍കി. (ഹോസ്പിറ്റലിലേക്ക് പോകും വഴി പൂക്കടയില്‍ നിന്ന് ഒരു കുടന്ന റോസാപ്പൂക്കള്‍ വാങ്ങിയെന്ന് ടീച്ചര്‍ ആത്മകഥയില്‍ എഴുതുന്നു.) തനിയ്ക്കായി കാത്തിരുന്ന പ്രിയശിഷ്യനെപ്പോലും മറന്നുകൊണ്ട് ഏതാണ്ട് 6. 30 ന് ആശുപത്രിയില്‍ എത്തുന്നു.
പിന്നീടുണ്ടായതെല്ലാം ചരിത്രം. വിലാസിനി ടീച്ചര്‍ എത്തി. മാദ്ധ്യമങ്ങള്‍ ആഘോഷിച്ചു. അഴീക്കോടിന്റെ ‘കാമിനി സമാഗമം’ തൃശൂര്‍ പൂരത്തെക്കാളും പ്രാമാണ്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പിന്നീടങ്ങോട്ട് ചര്‍ച്ചകളും എഴുത്തുകളും പൊടിപൊടിച്ചു. എന്തിനേറെ, പ്രേമിച്ചു ഹതാശരായ ഈ വൃദ്ധ കാമുക ഹൃദയങ്ങളെ വാര്‍ദ്ധക്യത്തിന്റെയും കാര്‍ന്നു തിന്നുന്ന കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ അന്ത്യപാദത്തിലേക്കു നീങ്ങുന്ന അസ്ഥിപഞ്ചരത്തിന്റെ അനാരോഗ്യ സാഹചര്യങ്ങളെയും അവഗണിച്ച് ഒരു അപൂര്‍വ്വ വിഹാവമാമാങ്കവും ആഘോഷവും തന്നെ നടത്തിയാലെന്തെന്ന ചര്‍ച്ചപോലും ഉണ്ടായി, സാംസ്‌കാരിക കേരളത്തില്‍.
”നമ്മുടെ മാഷ്‌ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട്?” എന്ന് അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഉദ്വോഗത്തോടെ തിരക്കിയിരുന്ന, എന്നും പത്രവാര്‍ത്തകളില്‍ ആദ്യം അഴിക്കോട് മാഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരതിയിരുന്ന നാട്ടുമ്പുറങ്ങളിലെ സാധാരണക്കാര്‍, വായ്‌പൊത്തി മൃദുമന്ദഹാസത്തോടെ ചോദിക്കുവാന്‍ തുടങ്ങി.
”അപ്പോള്‍ മാഷ്‌ക്ക് ഒരു കാമുകി ഉണ്ടായിരുന്നു അല്ലേ….? അതെത്ര നാളായി തുടങ്ങിയിട്ട്…?
അതു തന്നെയായിരുന്നു ഈ ‘മാമാങ്കമഹാമഹ’ത്തിന്റെ ഉദ്ദേശം എന്ന് തോന്നിപ്പോയി. അതേ, അഴിക്കോട് മാഷിന് കാമുകഹൃദയമുണ്ടായിരുന്നു. അദ്ദേഹം പ്രണയിച്ചിരുന്നു. യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും ഒക്കെ പ്രണയിക്കുവാന്‍ കഴിഞ്ഞിരുന്ന മഹാഭാഗ്യവാനാണദ്ദേഹം. എന്നാല്‍ അവയെയെല്ലാം തന്നെ ഒരു മനീഷിയുടെ മനസ്സോടെ നിയന്ത്രിക്കുവാനും സമൂഹനന്മ എന്ന ഒരു ചിന്തയിലേക്കുമാത്രം തന്റെ മനസ്സിനെ പിടിച്ചു നിര്‍ത്തുവാനും കഴിഞ്ഞിരുന്ന ഒരു മഹര്‍ഷിവര്യനായിരുന്നു അദ്ദേഹം എന്ന് പറയുന്ന ഒരു ചരിത്രത്തിനു പകരം ‘വികടനായ’ അഴിക്കോടിന്റെ ഒരു ചിത്രം ഭാവിയിലേയ്ക്കായി നിര്‍മ്മിച്ചു വെക്കുവാന്‍ ആരെങ്കിലും ആഗ്രഹിച്ചിരുന്നുവോ? ശതാഭിഷിക്തനായ തന്നെ ഗാഢമായി പ്രണയിച്ച് പിന്നാലെ കൂടിയ 30 വയസ്സുകാരിയും സുന്ദരിയും ഉന്നതകുലജാതയുമായ സാഹിത്യകാരിയെ കഴുത്തിന് പിടിച്ച് ഗയിറ്റിന്പുറത്താക്കിയ കഥ ഒരു അഭിമുഖത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.
”ഞാന്‍ അവിവാഹിതന്റെ സ്വര്‍ഗ്ഗത്തില്‍ സസുഖം കഴിയുന്നു. മനുഷ്യ സഹജമായ വികാരം ഉണ്ടാകുമ്പോള്‍ മനുഷ്യസഹജമായ രീതിയില്‍ തന്നെ അത് കീഴടക്കുവാനും കഴിയും. ലൈംഗികതയുടെ മുന്നില്‍ എപ്പോഴും പുരുഷന്‍ തോല്‍ക്കാന്‍ തയ്യാറായി നില്ക്കുന്നതു കൊണ്ടാണ് പട തുടങ്ങുന്നതിന് മുമ്പേ അവന് കീഴടങ്ങേണ്ടി വരുന്നത്.” (അഴീക്കോടിന്റെ ആത്മകഥ – രണ്ട്, പേജ് 330) അഴിക്കോടിന്റേതാണ് വാക്കുകള്‍. തന്റെ ജീവിതത്തെയും മനസ്സിനേയും മുന്‍നിര്‍ത്തി സമൂഹത്തോട് അദ്ദേഹം സംവേദിക്കുന്നു. നമ്മള്‍ അത് കേട്ടെന്ന് നടിക്കുമോ?
എന്നാല്‍ ”നിശബ്ദ പ്രതികാരത്തിന്റെ” വാഞ്ചയുമായി ന്‌ല്പത്തിയഞ്ചു വര്‍ഷങ്ങള്‍ കാത്തിരുന്ന ഒരു സ്ത്രീയ്ക്കു വീണുകിട്ടിയ അവസാന അവസരം അവര്‍ നന്നായി വിനിയോഗിച്ച് ചാരിതാര്‍ത്ഥമടയുന്ന ചരിത്ര മുഹൂര്‍ത്തത്തിനും അങ്ങിനെ കേരളം സാക്ഷിയായി. അവരുടെ പ്രണയവും പെണ്ണുകാണലും തിരസ്‌കരണവുമെല്ലാം പൊതുസമൂഹത്തിന് ഗൂഢമായിരുന്നു. മാദ്ധ്യമ സാദ്ധ്യതകള്‍ പിച്ചവെച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു കാലത്തെ സംഭവങ്ങള്‍ പക്ഷെ മറക്കുവാനോ പൊറുക്കുവാനോ കഴിയാതെ ഒരിയ്ക്കലെങ്കിലും ഇതിന് പ്രതികാരം ചെയ്യണമെന്നുറച്ചുള്ള ഒരു ജീവിതത്തിന് ആദ്യ അവസരം കിട്ടിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
അഴിക്കോട് മാഷ് ഒരു വശത്തും. എം.വി. ദേവന്‍, എം. കെ. സാനു, എം.പി. വിരേന്ദ്രകുമാര്‍. പുതൂര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പ്രതിഭകള്‍ മറുപക്ഷത്തും നിന്നുള്ള സര്‍ഗ്ഗാത്മക സംവാദം കൊടുമ്പിരികൊള്ളുന്ന സമയത്താണ് ടീച്ചറുടെ ആദ്യ രംഗപ്രവേശം. അഴീക്കോടുമാഷ് അതിങ്ങനെ അടയാളപ്പെടുത്തുന്നു. ”പക്ഷേ നളനു പുഷ്‌കരനോട് ചൂതുകളിച്ചപ്പോള്‍ പകിടയില്‍ കലിദ്വാപരന്മാര്‍ കയറിക്കൂടി നളനെ തോല്‍പ്പിച്ചതുപോലെ മുന്‍പു പറഞ്ഞ സുഹൃത്ത് ഈ കുഴപ്പത്തിനുള്ളില്‍ കടന്നുകൂടി എന്നെ ഒരധമനാക്കി കാണിക്കാന്‍ എന്തെല്ലാം ഗൂഢതന്ത്രങ്ങള്‍ ചെയ്യാമോ അവയെല്ലാം ചെയ്യുകയുണ്ടായി. അദ്ദേഹം ആ സ്ത്രീയുടെ പക്കല്‍ നിന്ന് ആ കത്തുകളെല്ലാം ഏറ്റുവാങ്ങി പൊതിഞ്ഞുകെട്ടി എഴുത്തുകാരടക്കം നാട്ടില്‍ പ്രമാണിമാരായ സര്‍വ്വരേയും ചെന്നുകണ്ട് പൊതിയഴിച്ചുകാട്ടി എന്നെ നിസ്‌തേജനാക്കാന്‍ അടവു പതിനെട്ടും നടത്തി. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു കുപ്രസിദ്ധ പത്രത്തില്‍ ചില കത്തുകള്‍ പ്രസിദ്ധീകരിച്ചെന്നും കേട്ടു.” (അഴിക്കോടിന്റെ ആത്മകഥ – രണ്ട്, പേജ് 253)
താന്‍ സ്‌നേഹര്‍ത്തയായ ഒരു കാമുകിയായിരുന്നു എന്ന് തെളിയിക്കുവാന്‍, മാഷ് തന്നെ പറഞ്ഞ വാചകങ്ങള്‍ സത്യമാണോ എന്നും എങ്ങിനെ സ്വകാര്യമായിരുന്ന ഈ പ്രേമലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ സാഹചര്യമുണ്ടായി എന്നും സാംസ്‌കാരിക കേരളത്തോട് പറയേണ്ടുന്ന ബാദ്ധ്യത വിലാസിനി ടീച്ചര്‍ക്കുണ്ട്. മറിച്ചാണെങ്കില്‍ ‘പ്രണയലേഖനം വിറ്റും കാശാക്കിയ ആദ്യ കാമുകി’യെന്ന സല്‍പേരും ടീച്ചറിന് സ്വന്തമാകാനും സാദ്ധ്യത ഉണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖങ്ങളില്‍ കത്തുകള്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ടീച്ചര്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു എന്നതും ആകസ്മികമായിരിക്കില്ല.
പണ്ഡിതരും സാംസ്‌കാരികരംഗത്തെ ശുഭ്രനക്ഷത്രങ്ങളുമായ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണ മാത്രമായിരുന്നു മാഷിന്റെ വാക്കുകള്‍ എങ്കില്‍ അതു തിരുത്തുവാനോ മറിച്ച് ആ മുള്‍ക്കിരീടം അവിടെ തന്നെ ഉറപ്പിക്കുവാനോ തനിക്ക് മാത്രമേ കഴിയുകയുള്ളൂ എന്നറിയാത്ത ആളല്ലല്ലോ ടീച്ചര്‍. അതുണ്ടായില്ലെങ്കില്‍ ടീച്ചറിന്റെ ഉള്ളില്‍ കത്തിജ്ജ്വലിച്ചുനിന്ന പ്രതികാരാഗ്നിയുടെ ആദ്യതാണ്ഡവമായി ആ സംഭവം രേഖപ്പെടുത്തപ്പെട്ടേക്കും.
മലയാള സിനിമരംഗത്ത് നിന്ന് സാധ്യതകളുള്ള സംരംഭകരേയും തീയേറ്ററുകളില്‍ നിന്ന് നല്ല പ്രേക്ഷകരേയും പിന്നോട്ടടിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ ആധിപത്യത്തിനെതിരെ രോഷാകുലനായ ഡോ. സുകുമാര്‍ അഴിക്കോട് ശക്തമായി രംഗത്ത് വന്നത് സൂപ്പര്‍സ്റ്റാറുകളാല്‍ തിരസ്‌കൃതനായ തിലകനെന്ന മഹാനടന്റെ പരിദേവനത്തിന് പരിഹാരം കാണുവാന്‍ വേണ്ടിക്കൂടിയായിരുന്നു. അ അഭിപ്രായ സംഘട്ടനങ്ങള്‍ കൊഴുത്ത് മോഹല്‍ലാലും അഴിക്കോട്മാഷും നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ത്ത് വിവാദമായി കത്തിപ്പടര്‍ന്നിരുന്ന അവസരത്തിലാണ് ടീച്ചറുടെ രണ്ടാമങ്കത്തിന് വേദിയൊരുങ്ങിയത്.
സൂര്യാ ടിവിയിലെ സമര്‍ത്ഥനായ അനില്‍ നമ്പ്യാര്‍ അഴീക്കോട് മാഷെ ഇന്റര്‍വ്യൂ ചെയ്യുവാനെത്തുന്നു. സൂത്രത്തില്‍ മാഷിന്റെ പ്രണയത്തെക്കുറിച്ച് കുത്തിച്ചോദിച്ച് ചിലമുള്ളുകള്‍ പരതിയെടുത്ത് ടീച്ചറുടെ സമക്ഷത്ത് എത്തുന്നു. അങ്ങിനെ അഴീക്കോട് പണ്ടേ തിരസ്‌ക്കരിച്ച ‘പവിത്ര’ പ്രണയത്തിലെ നായിക എന്ന നിലയില്‍ അദ്ദേഹത്തെ ഭള്ളുപറയുവാനും പരിദേവനങ്ങള്‍ സാംസ്‌കാരിക കേരളത്തിന്റെ മുന്‍പില്‍ നിരത്തുവാനും ടീച്ചര്‍ക്ക് ഒരവസരം കൂടി ലഭ്യമാകുന്നു. ഈ അവസരം അവരുടേതായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുമ്പോഴും എന്തിന് വേണ്ടിയായിരുന്നൂ, അല്ലെങ്കില്‍ ആരെ സഹായിക്കുവാന്‍ വേണ്ടിയായിരുന്നു എന്നെങ്കിലും ടീച്ചര്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതായിരുന്നു.
സ്വയം ഇനിയെങ്കിലും മാഷുടെ ഭാര്യയായി ജീവിക്കുവാനാകുമെന്ന പ്രതീക്ഷയോടെ ഒരു സ്ത്രീയും ചെയ്യുവാന്‍ സാദ്ധ്യതയില്ലാത്ത കാര്യങ്ങളാണ് മേല്പറഞ്ഞവ. ”നിയതിക്കു നീതിയുണ്ടെങ്കില്‍ എനിയ്‌ക്കൊരവസരം” ഉണ്ടാകും എന്നു പറഞ്ഞത് നിഷ്‌കളങ്കത തെളിയിക്കുവാന്‍ വേണ്ടി ആയിരുന്നില്ല, മറിച്ച് പ്രതികാരത്തിന്റെ ധന്യമുഹൂര്‍ത്തത്തില്‍ ആറാടുവാന്‍ വേണ്ടിയുള്ള ഭ്രാന്തമായ ദാഹമായിരുന്നു എന്നു വേണം കരുതുവാന്‍. അതു മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് രോഗശയ്യയില്‍ തന്നെ സന്ദര്‍ശിച്ചപ്പോഴും മാഷ് തുറന്നു പറഞ്ഞത്, ”ഞാന്‍ നോക്കുമ്പോഴൊക്കെ നീ ശത്രുപക്ഷത്തായിരുന്നു….” എന്ന്. ശത്രുപക്ഷത്ത് നിലയുറപ്പിക്കുകയും ഒരു ദിവസമെങ്കിലും മാഷുടെ ഭാര്യയായി കൂടെ കഴിയുവാന്‍ വേണ്ടി മാഷിന്റെ സെക്രട്ടറിയുടെ മുന്‍പില്‍ പോലും കനത്ത പ്രലോഭനങ്ങള്‍ നല്‍കുവാന്‍ ധൈര്യപ്പെടുകയും ചെയ്തത് പ്രതികാര വാഞ്ചയുടെ തീവ്രതയെയാണ് തുറന്നു കാണിക്കുന്നത്. ഒരുമിച്ച് ഒരു ജീവിതത്തെ കാംക്ഷിച്ചായിരുന്നില്ല എന്നുതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള കാരണത്തെക്കുറിച്ച് ടീച്ചര്‍ തന്നെ പറയുന്നത് ”ചില അദൃശ്യ ഇടപെടലുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു” എന്നാണ്. എങ്കില്‍ അദ്ദഹമാണോ കുറ്റക്കാരന്‍? ടീച്ചറെ മോശമായി ചിത്രീകരിക്കുന്ന ഒരു കത്ത് മാഷിന് കിട്ടിയിരുന്നു എന്ന് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
November 23rd, 2012 at 8:18 am
അഴീക്കോടിന് കിട്ടിയത് കത്ത് ..
ടീച്ചര്‍ക്കും പ്രണയത്തിനും അത് കുത്ത് … !
(പിന്നീട് എഴുത്ത് കുത്തുകള്‍ ഉണ്ടായിരുന്നോ എന്തോ ? )
March 4th, 2013 at 3:21 pm
നന്ദി സുരേഷ് മേനോന്‍ ..
വായനക്കും
അഭിപ്രായങ്ങള്‍ക്കും…
സസ്നേഹം…
April 5th, 2013 at 8:13 pm
വസ്തുതകള്‍ , വാസ്തവങ്ങള്‍
വിശകലനം ചെയ്യപ്പെടാതെ പോകുന്ന പ്രസ്താവനകള്‍